‘ജെന്റിൽമാൻ’ 4K അൾട്രാ എച്ച്.ഡിയിൽ വീണ്ടും തിയേറ്ററുകളിലേക്ക്: 33-ാം വാർഷികത്തിൽ റീ-റിലീസ് പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

','

' ); } ?>

മലയാളി പ്രേക്ഷകർ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ക്ലാസിക് ചിത്രം ‘ജെന്റിൽമാൻ’ പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികത്തോടനുബന്ധിച്ച് 4K Ultra HD ദൃശ്യ നിലവാരത്തിലും Dolby Atmos ശബ്ദ സാങ്കേതികവിദ്യയിലുമാണ് ചിത്രം പുനരവതരിപ്പിക്കുന്നത്. മെഗാ പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോൻ അവതരിപ്പിക്കുന്ന ഈ റീ-റിലീസിന്റെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

1993-ൽ പുറത്തിറങ്ങിയ ‘ജെന്റിൽമാൻ’ പ്രശസ്ത സംവിധായകൻ ശങ്കർ ഒരുക്കിയ ആദ്യ ഫീച്ചർ ചിത്രമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷൻ ഫീസും സാധാരണക്കാരുടെ സ്വപ്നങ്ങളെ എങ്ങനെ തകർക്കുന്നു എന്ന പ്രസക്തമായ സാമൂഹിക വിഷയത്തെ വാണിജ്യ സിനിമയുടെ മികവോടെ അവതരിപ്പിച്ച ചിത്രം, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയൊരു വഴിത്തിരിവായി മാറി. ആക്ഷൻ കിംഗ് അർജുനും മധുബാലയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ഗൗണ്ടമണി, സെന്തിൽ, ചാരുഹാസൻ, സുബാഷ്‌രി, വിനീത് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്നിരുന്നു.

ഓസ്കർ ജേതാവ് എ.ആർ. റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇന്നും ആരാധകർ ഏറ്റുപാടുന്ന എക്കാലത്തെയും വൻ ഹിറ്റുകളാണ്. ബാലകുമാരന്റെ കഥയ്ക്കും സംഭാഷണത്തിനും വൈരമുത്തു, വാലി എന്നിവരാണ് വരികളെഴുതിയത്. ജീവയുടെ ഛായാഗ്രഹണവും ബി. ലെനിൻ, വി.ടി. വിജയൻ എന്നിവരുടെ എഡിറ്റിംഗും തോട്ടാ തരാണിയുടെ കലാസംവിധാനവും ചേർന്നപ്പോൾ അക്കാലത്തെ ഏറ്റവും മികച്ച ടെക്നിക്കൽ സിനിമകളിലൊന്നായി ‘ജെന്റിൽമാൻ’ മാറി. ആക്ഷനും പ്രണയവും ഹാസ്യവും സാമൂഹിക സന്ദേശവും കൃത്യമായി സമന്വയിപ്പിച്ച ഈ ചിത്രം പുതിയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന അനുഭവമായിരിക്കും സമ്മാനിക്കുക.