
നടി പാവല ശ്യാമള അന്തരിച്ചു, 75 വയസ്സായിരുന്നു. ഹൈദരാബാദിലെ ഒസ്‌മാനിയ ജനറൽ ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച പുലർച്ചെ 1:52-നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്; സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
അവസാന നാളുകളിൽ ശ്യാമള കടുത്ത സാമ്പത്തിക പ്രതിസന്ധിയും അവഗണനയും നേരിട്ടിരുന്നു. പണമില്ലാത്തതിനെത്തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ചികിത്സ നിഷേധിച്ച് മടക്കി അയച്ചതിനെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തിൽ അവരെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസിൻ്റെയും ആർ.കെ ഫൗണ്ടേഷന്റെയും സഹായത്തോടെയാണ് അവർക്ക് ചികിത്സ ലഭ്യമാക്കിയത്. നിർമാതാവ് ദിൽ രാജുവും അവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ ഇടപെട്ടിരുന്നു.
കൂടാതെ മുൻപ് പലതവണ സിനിമാരംഗത്തെ പ്രമുഖർ ശ്യാമളയെ സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ചിരഞ്ജീവി, പവൻ കല്യാൺ, അല്ലു അർജുൻ, സായ് ദുർഗ്ഗ തേജ് തുടങ്ങിയ താരങ്ങളും സംവിധായകരായ രാജ് ആൻഡ് ഡി.കെയും അവർക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. സ്വന്തം ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം അസുഖബാധിതയായ മകളെയും സംരക്ഷിക്കേണ്ടി വന്നത് അവരുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചിരുന്നു. ശ്യാമളയുടെ നിര്യാണത്തിൽ തെലുങ്ക് സിനിമാലോകം അനുശോചനം രേഖപ്പെടുത്തി.
സ്വഭാവ വേഷങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയയായ നടിയാണ് പാവല ശ്യാമള. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഖഡ്‌ഗം, വർഷം, ഗോലിമാർ, ആന്ധ്രവാല തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ ഹാസ്യ-സ്വഭാവ വേഷങ്ങൾ അവർ കൈകാര്യം ചെയ്‌തിട്ടുണ്ട്. ചിരഞ്ജീവി, പ്രഭാസ്, ജൂനിയർ എൻ.ടി.ആർ, അല്ലു അർജുൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അവർ സ്ക്രീൻ പങ്കിട്ടു. 2019-ൽ പുറത്തിറങ്ങിയ ‘മാത്തു വദലര’ ആണ് ശ്യാമള അഭിനയിച്ച അവസാനത്തെ പ്രധാന ചിത്രം.