“മാധവ് പറഞ്ഞതിലും തെറ്റുണ്ട്, അശ്വന്ത് പ്രതികരിച്ച രീതിയിലും തെറ്റുണ്ട്”; ധ്യാൻ ശ്രീനിവാസൻ

','

' ); } ?>

‘അങ്കം അട്ടഹാസം’ എന്ന സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന നിർമാതാവ് അനിൽകുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. അശ്വന്ത് കോക്ക് റിവ്യൂ പറയാൻ പണം വാങ്ങാറില്ലെന്നാണ് തന്റെ അറിവെന്നും, തനിക്കെതിരെ ഉയർന്ന ആരോപണത്തോടുള്ള അമർഷമാണ് അദ്ദേഹം കാണിച്ചതെന്നും ധ്യാൻ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മാധവ് സുരേഷിന് ലഭിച്ച വിവരമനുസരിച്ചാണ് നിർമാതാവ് അത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും, എന്നാൽ ആരോപണം നിഷേധിച്ചുകൊണ്ട് അശ്വന്ത് കോക്ക് പ്രതികരിച്ച രീതിയോട് തനിക്ക് യോജിപ്പില്ലെന്നും ധ്യാൻ പറഞ്ഞു. അശ്വന്തിന്റെ മറുപടിയിലെ ചില അധിക്ഷേപകരമായ വാക്കുകൾ ഒഴിവാക്കാമായിരുന്നുവെന്നും, പെട്ടെന്നുണ്ടായ വിഷമം കൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ പ്രതികരിച്ചതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

നേരത്തെ, പണം ആവശ്യപ്പെട്ടതിന് തെളിവ് ഹാജരാക്കിയാൽ യൂട്യൂബ് റിവ്യൂ അവസാനിപ്പിക്കുമെന്ന് അശ്വന്ത് കോക്ക് വ്യക്തമാക്കിയിരുന്നു. മാധവ് സുരേഷിന്റെ പിതാവ് സുരേഷ് ഗോപിയുടെ ആരാധകനാണ് താനെന്നും, ഗോകുൽ സുരേഷിന്റെ സിനിമകൾക്ക് മുൻപ് പോസിറ്റീവ് റിവ്യൂ നൽകിയിട്ടുണ്ടെന്നും പറഞ്ഞ അശ്വന്ത്, മാധവ് ധ്യാൻ ശ്രീനിവാസനെ കണ്ട് കാര്യങ്ങൾ പഠിക്കണമെന്നും വിമർശിച്ചിരുന്നു. ഈ പരാമർശങ്ങൾക്കാണ് ധ്യാൻ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

ധ്യാനിന്റെ വാക്കുകൾ;

“മാധവ് പറഞ്ഞതിലും തെറ്റുണ്ട്. അശ്വന്ത് പ്രതികരിച്ച രീതിയിലും തെറ്റുണ്ട്. ശരിയും തെറ്റുമൊക്കെ സബ്ജക്ടീവാണ്. മറ്റൊരാളെ പറ്റി മോശം പറഞ്ഞിട്ട് എന്നെ പറ്റി നല്ലത് പറഞ്ഞപ്പോള്‍ അതില്‍ നിന്നും എനിക്ക് ആനന്ദമൊന്നും കിട്ടിയിട്ടില്ല. കാരണം മാധവ് എനിക്കൊരു സഹോദരനെ പോലെയാണ്. ചേട്ടനടക്കം എനിക്ക് ഈ വിഡിയോ അയച്ച് തന്നിരുന്നു. നിങ്ങളെ പറ്റി നല്ലത് പറഞ്ഞല്ലോ എന്ന് പറഞ്ഞ് സിനിമയിലുള്ള ഒരുപാട് പേര് അയച്ച് തന്നു.

അശ്വന്തിന് ഞാന്‍ ഇടക്ക് മെസേജ് അയക്കുന്നതാണ്. പക്ഷേ ഇതിനെ പറ്റി സംസാരിച്ചില്ല. 24 വയസുള്ള ഒരു ചെറുപ്പക്കാരന്‍ പയ്യന്‍ പറഞ്ഞത് നമുക്ക് വേണേല്‍ ക്ഷമിച്ചു കൊടുക്കാം. പക്ഷേ ആ സമയത്ത് എങ്ങനെ റിയാക്ട് ചെയ്യണമെന്നത് അശ്വന്തിന്‍റെ ചോയ്‌സാണ്.

പക്ഷേ എനിക്ക് അതില്‍ വിഷമമുണ്ട്. മാധവിനേക്കാളും എനിക്ക് ബന്ധമുള്ളത് അശ്വന്തിനോടാണ്. പറയേണ്ട കാര്യങ്ങള്‍ പറയണമായിരുന്നു. പക്ഷേ ഇത്രയും പറയണമെന്നില്ലായിരുന്നുവെന്ന് തോന്നി”.- ധ്യാന്‍ പറഞ്ഞു.