
കൊച്ചിൻ ഹനീഫയുടെ വിയോഗത്തിന് 16 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങി. വെണ്ണല അംബേദ്കർ റോഡിൽ നിർമിച്ച ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്ന വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടൻ ദിലീപ്, ഹരിശ്രീ അശോകൻ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു.
പിതാവ് എബി മുഹമ്മദിന്റെ പേരിൽ സ്വന്തമായി ഒരു വീടെന്നത് കൊച്ചിൻ ഹനീഫയുടെ വലിയ ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്റൂമുകളുള്ള മൂന്നുനില വീടിന്റെ രൂപകൽപന ഹനീഫയുടെ ഇരട്ടക്കുട്ടികളായ സഫയും മർവയുമാണ് നിർവഹിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും ലഭിച്ച അംഗീകാരങ്ങളും ഉൾപ്പെടുത്തി ഹനീഫയുടെ ഓർമകൾ നിലനിർത്തുന്ന രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
തന്റെ സമ്പാദ്യത്തിൽ നിന്ന് തന്നെ വീടു പണിയണമെന്നത് ഹനീഫയുടെ സ്വപ്നമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം സ്വത്തുക്കൾ നിയമപ്രശ്നങ്ങളിൽ കുടുങ്ങിയതോടെ ഭാര്യ ഫാസിലയും മക്കളും കഴിഞ്ഞ 16 വർഷമായി വാടകവീട്ടിലായിരുന്നു താമസം. മക്കൾക്ക് 18 വയസ് പൂർത്തിയായതോടെ നിയമതടസ്സങ്ങൾ നീങ്ങുകയും ഹനീഫ ആഗ്രഹിച്ചതുപോലെ തന്നെ അദ്ദേഹത്തിന്റെ സമ്പാദ്യം കൊണ്ട് വീടുപണി പൂർത്തിയാക്കാൻ സാധിക്കുകയുമായിരുന്നു.
ഹനീഫയുടെ വിയോഗത്തിന് ശേഷം കുടുംബത്തിന് താങ്ങായി നിന്നത് നടൻ ദിലീപായിരുന്നു. കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമാ സെറ്റുകളിൽ ഓടിക്കാൻ ദിലീപ് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ 16 വർഷമായി ഇതിൽ നിന്നുള്ള വരുമാനമാണ് കുടുംബത്തിന് തണലായത്.