കാലഘട്ടങ്ങൾ ആഘോഷമാക്കിയ ‘അങ്ങാടി’യും, ‘കോളിളക്ക’വും; തലമുറകൾ ആവേശമാക്കുന്ന “ജയൻ”

','

' ); } ?>

‘ചാകര’യും ‘അങ്ങാടി’യും ‘മീനും’ ‘കരിമ്പന’യും ‘മനുഷ്യമൃഗ’വും ‘നായാട്ടും’ ‘കോളിളക്ക’വുമെല്ലാം പുതുതലമുറക്ക് പോലും പരിചിതമാണ്. അതിനപ്പുറത്തേക്ക് ആവേശവും അത്ഭുതവുമാണ്. 45 വര്‍ഷം മുന്‍പ് അകാലത്തില്‍ അന്തരിച്ച ഒരു നടന്‍ ഇന്നും ലൈംലൈറ്റില്‍ നില്‍ക്കുന്ന പ്രതീതിയുണര്‍ത്തു എന്ന് പറയുന്നത് ചെറിയ കാര്യമല്ല. മലയാള സിനിമയുടെ താരാധിപത്യം മുഴുവൻ തന്റെ അഭിനയ കലയിൽ ഭദ്രമാക്കിയ മഹാ നടൻ, “കൃഷ്ണൻ നായരെന്ന” “ജയൻ“. 70-കളിലെ കേരളത്തിൻറെ സാംസ്കാരിക ചിഹ്നം കൂടിയായ ഒരു നാവിക സേന ഓഫീസർ, മലയാളത്തിന്റെ പൗരുഷ പ്രതീകം, ലയാളത്തിന്റെ
ആദ്യ ആക്ഷൻ ഹീറോ എന്നിങ്ങനെ വിശേഷണങ്ങളേറെ. മലയാളത്തിന്റെ വർ ഗ്രീൻ സ്റ്റൻഡ് സ്റ്റാർ “ജയന്” സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

1939 ജൂലൈ 25-ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയന്റെ ജനനം. കൊല്ലം കൊട്ടാരവുമായി ബന്ധമുള്ള സത്രം മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി ജനിച്ച ജയന് സോമൻ നായർ എന്നൊരു സഹോദരനുമുണ്ടായിരുന്നു. ഒരു സാധാരണ കുടുംബപശ്ചാത്തലത്തിൽ നിന്നാണ് അദ്ദേഹം മലയാളത്തിന്റെ ആദി ആക്ഷൻ നായകനിലേക്കുള്ള യാത്ര ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മലയാളി മന്ദിരത്തിൽ പൂർത്തിയാക്കിയ ശേഷം കൊല്ലം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. ചെറുപ്പത്തിൽ തന്നെ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികച്ച മികവ് പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

സ്കൂൾ പഠനകാലത്തെ എൻ.സി.സി പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഭാരതീയ നാവികസേനയിലേക്ക് നയിച്ചത്. 1954-ൽ, വെറും 15-ആം വയസ്സിൽ ഇന്ത്യൻ നേവിയിൽ ചേർന്ന ജയൻ, തുടർന്നുള്ള 15 വർഷത്തെ സേവനത്തിലൂടെ മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ പദവി വരെ ഉയർന്നു. ആയോധനമുറകളിലെ ആധികാരികതയും അതിരറ്റ ആന്തരിക ശക്തിയും തനിക്ക് സമ്മാനിച്ചത് നേവിയിലെ ദീർഘകാലത്തെ അനുഭവ സമ്പത്താണെന്ന് അദ്ദേഹം എപ്പോഴും ഓർക്കുമായിരുന്നു. ഒടുവിൽ 1970-ൽ സേനയിൽ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം അഭിനയ ലോകത്തേക്ക് ചുവടുവെക്കുന്നത്.

1974-ൽ പുറത്തിറങ്ങിയ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലെ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ജയന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. അന്നത്തെ പ്രശസ്ത വില്ലൻ നടനായിരുന്ന ജോസ് പ്രകാശാണ് അദ്ദേഹത്തെ ചലച്ചിത്രരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. പ്രശസ്ത നടി ജയഭാരതി അദ്ദേഹത്തിന്റെ അമ്മാവന്റെ മകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെയാണ് കടന്നുവന്നതെങ്കിലും, കരുത്തുറ്റ ശരീരപ്രകൃതിയും ഗംഭീര ശബ്ദവും പ്രത്യേക ശൈലിയും കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. വില്ലൻ വേഷങ്ങളിൽ നിന്ന് നായകനിരയിലേക്കുള്ള ജയന്റെ വളർച്ച അതിവേഗമായിരുന്നു. രസകരമായ വസ്തുതയെന്തെന്നാൽ, നായക സങ്കൽപ്പങ്ങളേക്കാൾ ജയനിലെ വില്ലൻ കഥാപാത്രങ്ങളെയാണ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തത്.

സംവിധായകൻ ഹരിഹരന്റെ ‘ശരപഞ്ചരം’ (1977) എന്ന ചിത്രത്തിലൂടെയാണ് ജയൻ ആദ്യമായി നായകപദവിയിലെത്തുന്നത്. പിന്നീട് അങ്ങോട്ട് മലയാള സിനിമ കണ്ടത് ജയൻ എന്ന നടന്റെ അപ്രതീക്ഷിത കുതിപ്പായിരുന്നു. വെറും ആറു വർഷത്തെ ചുരുങ്ങിയ ചലച്ചിത്ര ജീവിതത്തിനിടയിൽ 120-ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അവിസ്മരണീയമായ വേഷങ്ങൾ ചെയ്തത്. ഐ.വി. ശശി സംവിധാനം ചെയ്ത ‘അങ്ങാടി’ (1979) എന്ന ചിത്രം അദ്ദേഹത്തെ ജനകീയ നായകന്റെ സിംഹാസനത്തിൽ പ്രതിഷ്ഠിച്ചു. ഈ ചിത്രത്തിൽ ജയൻ സംസാരിച്ച പൗരുഷം നിറഞ്ഞ ഡയലോഗുകൾ ഇന്നും പ്രേക്ഷകർ ആവേശത്തോടെ നെഞ്ചിലേറ്റുന്നു. മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ കാറ്റിൽ പറത്തിയ ഈ ചിത്രം ജയന്റെ കരിയറിലെ വൻ വഴിത്തിരിവായി മാറിയതിനൊപ്പം, ‘പൂട്ടാത്ത പൂട്ടുകൾ’ എന്ന തമിഴ് ചിത്രവുമുൾപ്പെടെ അദ്ദേഹം അഭിനയിച്ച 90 ശതമാനത്തിലധികം ചിത്രങ്ങളും വൻ ഹിറ്റുകളായി മാറി.

ശബ്ദഗാംഭീര്യം, തനിമയാർന്ന അവതരണശൈലി, ഗാംഭീര്യമുള്ള ശരീരഭാഷ എന്നിവയിലൂടെ മലയാള സിനിമാ മേഖല അതുവരെ കാണാത്ത ‘മാസ്കുലിൻ’ നായകത്വത്തെ സ്ക്രീനിൽ ഉയർത്തിക്കാട്ടാൻ അദ്ദേഹം ധൈര്യപൂർവ്വം മുന്നോട്ടുവന്നു. അദ്ദേഹത്തിന്റെ വ്യത്യസ്തമായ വസ്ത്രധാരണ രീതികളും സ്വന്തം പെർസണാലിറ്റിയും അന്നത്തെ യുവത്വത്തെ വല്ലാതെ ആകർഷിച്ചു. ഡ്യൂപ്പുകളെ വെച്ച് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന രീതിയോട് ജയന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. സ്വന്തമായി ജീവൻ പണയം വെച്ച് സാഹസിക രംഗങ്ങൾ ചെയ്യാൻ അദ്ദേഹം കാണിച്ച ധൈര്യം ഏവരെയും അത്ഭുതപ്പെടുത്തി. കാട്ടാനകളുമായുള്ള പോരാട്ടങ്ങൾ മുതൽ വലിയ കെട്ടിടങ്ങളിൽ നിന്നുള്ള ചാട്ടങ്ങൾ വരെ ഡ്യൂപ്പില്ലാതെ ചെയ്ത ജയൻ, മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്ക് പുതിയൊരു മാനദണ്ഡം തന്നെ സൃഷ്ടിച്ചു.

എന്നാൽ, ആക്ഷൻ രംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഈ മനോഭാവം ഒടുവിൽ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. 1980 നവംബർ 16-ന് ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഷോളവരത്തുവെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് മലയാളത്തിന്റെ പ്രിയനടൻ മരണപ്പെടുന്നത്. മൂന്ന് ഷോട്ടുകൾ എടുത്ത ശേഷം സംവിധായകൻ തൃപ്തനായിരുന്നുവെങ്കിലും, രംഗത്തിന് കൂടുതൽ മിഴിവ് നൽകണമെന്ന ജയന്റെ നിർബന്ധമാണ് റീടേക്കിലേക്ക് നയിച്ചത്. വീണ്ടും ഷോട്ട് എടുത്തപ്പോൾ നിയന്ത്രണം വിട്ട ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.

പ്രിയനടന്റെ അപ്രതീക്ഷിത വേർപാട് താങ്ങാൻ ആരാധകർക്കായില്ല. മരണവാർത്ത വിശ്വസിക്കാൻ പോലുമാകാതെ ജനങ്ങൾ വിതുമ്പി. ‘ദീപ’ എന്ന സിനിമയുടെ പ്രദർശനത്തിനിടെ ജയന്റെ മരണവാർത്ത സ്ക്രീനിൽ കാണിച്ചപ്പോൾ തിയേറ്ററുകളിൽ ആളുകൾ നിലവിളിച്ചോടിയ സംഭവങ്ങൾ വരെയുണ്ടായി. ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹനടൻ ബാലൻ കെ. നായരും പൈലറ്റും അത്ഭുതകരമായി രക്ഷപ്പെടുകയും ജയൻ മാത്രം മരണപ്പെടുകയും ചെയ്തതോടെ, അപകടത്തെച്ചൊല്ലി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളും ദുരൂഹതകളും പ്രചരിക്കപ്പെട്ടു. മരണശേഷവും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പലവിധ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു.

തങ്കമ്മ എന്ന വിവാഹമോചിതയായ സ്ത്രീയെയാണ് ജയൻ ഭാര്യയായി സ്വീകരിച്ചത്. എന്നാൽ ജയന്റെ മരണശേഷം അവർ താഴ്ന്ന ജാതിക്കാരിയായതിനാൽ സ്വീകരിക്കാൻ ചിലർ തയ്യാറായില്ലെന്നും, മുൻവിവാഹത്തിൽ അവർക്കുള്ള രണ്ടു മക്കളെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

വർഷങ്ങൾ കഴിഞ്ഞിട്ടും ജയൻ എന്ന പേരും ഓർമ്മകളും മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ജന്മനാട്ടിൽ ‘ജയൻ നഗർ’ എന്ന പേരിൽ പ്രവർത്തിക്കുന്ന ‘ജയൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്’ അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 25-ന് സമൂഹസദ്യയും ചിത്രപ്രദർശനങ്ങളും സംഘടിപ്പിക്കാറുണ്ട്. 2013-ൽ നടൻ മുകേഷ് അനാച്ഛാദനം ചെയ്ത ജയന്റെ പ്രതിമ കാണാൻ ഇന്നും നിരവധി ആരാധകരാണ് കൊല്ലത്ത് എത്തുന്നത്. 2011-ൽ പുറത്തിറങ്ങിയ ‘അവതാരം’ എന്ന ചിത്രത്തിൽ കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ അദ്ദേഹത്തെ പുനരാവിഷ്കരിക്കുകയും ചെയ്തിരുന്നു. ആധുനിക മലയാള സിനിമയിലെ ആദ്യത്തെ യഥാർത്ഥ ആക്ഷൻ ഹീറോ എന്ന വിശേഷണത്തിനൊപ്പം, ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക നവോത്ഥാന പ്രതീകമായി പ്രശോഭിക്കുന്ന ജയന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അർപ്പിക്കുന്നു.