
വിജയ്യുടെ അവസാന ചിത്രം ‘ജനനായകന്റെ‘ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ തിയേറ്ററിലെത്തി നടി തൃഷ കൃഷ്ണൻ. വെള്ള ടീഷർട്ടും ജീൻസും ധരിച്ചെത്തിയ താരത്തെ വളരെ പെട്ടന്നാണ് ആരാധകർ വളഞ്ഞത്. വളരെ പണിപ്പെട്ടാണ് തൃഷ കാറിൽ കയറിപ്പോയത്. ചെന്നൈ കോയമ്പേട് റോഹിണി തിയേറ്ററിലാണ് താരം സിനിമ കാണാനെത്തിയത്. തൃഷ സിനിമ കാണാനെത്തുന്നതിന്റെയും തിരിച്ചുപോവുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
സിനിമയെ കുറിച്ച് തൃഷ പ്രതികരണം നൽകിയില്ല, അതേസമയം, ജനനായകൻ വിജയ്യുടെ അവസാനത്തെ സിനിമയാണെന്നതിൽ ദുഃഖമുണ്ടെന്ന് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ പ്രതികരിച്ചു. ‘ചിത്രം നന്നായി ആസ്വദിച്ചു, ഇഷ്ടപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്നതിൽ വിഷമമുണ്ട്. അദ്ദേഹത്തെ മിസ് ചെയ്യും’, ഉമാ കൃഷ്ണൻ പറഞ്ഞു.
വ്യാഴാഴ്ചയാണ് ‘ജനനായകൻ’ പ്രദർശനത്തിനെത്തിയത്. രാവിലെ ആറുമണിക്കായിരുന്നു കേരളത്തിലെ ഫസ്റ്റ് ഷോ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററിലെത്തിയത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് കെ.വി.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട് കെ. നാരായണ ആണ്. ബോബി ഡിയോൾ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമിതാ ബൈജു, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി.