
ഹോളിവുഡ് നടി കയ്‌ലി ഹോട്ടിൽ വാഹനാപകടത്തിൽ മരിച്ചു. 18 വയസ്സായിരുന്നു. അമേരിക്കയിലെ മേരിലൻഡിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. നടി സഞ്ചരിച്ചിരുന്ന കാർ റോഡിൽനിന്ന് നിയന്ത്രണം വിട്ട് കലുങ്കിലിടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീവൻ നഷ്‌ടപ്പെടുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കയ്‌ലിയുടെ പിതാവ് ജോഷ്വ ഹോട്ടിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ കയ്‌ലിയുടെ മരണവിവരം സ്ഥിരീകരിച്ചത്. ‘ഗോഡ്‌സില്ല വേഴ്‌സസ് കോങ്’ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കയ്‌ലി ഹോട്ടിൽ.
കയ്‌ലി പഠിച്ചിരുന്ന ടെക്‌സസ് സ്‌കൂൾ ഫോർ ദി ഡെഫും സോഷ്യൽ മീഡിയയിലൂടെ വിയോഗവാർത്ത പങ്കുവെക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
2021-ൽ പുറത്തിറങ്ങിയ ‘ഗോഡ്‌സില്ല വേഴ്‌സസ് കോങ്’, 2024-ലെ ‘ഗോഡ്‌സില്ല x കോങ്: ദ ന്യൂ എംപയർ’ എന്നീ ഹിറ്റ് ചിത്രങ്ങളിലെ ‘ജിയ’ എന്ന അനാഥ പെൺകുട്ടിയുടെ കഥാപാത്രത്തിലൂടെയാണ് കയ്ലി ശ്രദ്ധ നേടിയത്. കിങ് കോങ്ങുമായി ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുന്ന കഥാപാത്രം വലിയ പ്രശംസ പിടിച്ചുപറ്റി. മികച്ച യുവതാരത്തിനുള്ള സാറ്റേൺ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.