
ഭരണകൂടങ്ങളോടുള്ള അടുപ്പമല്ല, മറിച്ച് കലാപരമായ മികവ് മാത്രമായിരിക്കണം പുരസ്കാരങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമെന്ന് നടൻ ചന്തു സലിംകുമാർ. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിലെ തീരുമാനങ്ങളിൽ കടുത്ത പ്രതിഷേധമറിയിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അന്തരിച്ച നടൻ സലിംകുമാറിന്റെ മകൻ കൂടിയായ ചന്തു രംഗത്തെത്തിയത്. മികച്ച സൃഷ്ടികൾ പൂർണ്ണമായി തള്ളിക്കളയപ്പെടുകയും സാധാരണ ചിത്രങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോൾ വിമർശനങ്ങൾ ഉയർന്നുവരുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം കുറിച്ചു.
ഭാവി തലമുറയെ മുൻനിർത്തിയാണ് പുരസ്കാരങ്ങളുടെ അർഹത ചോദ്യം ചെയ്യപ്പെടേണ്ടതെന്ന് ചന്തു ഓർമ്മിപ്പിക്കുന്നു. വരുംകാലങ്ങളിൽ ഇന്ത്യൻ സിനിമയെക്കുറിച്ച് പഠിക്കുന്നവർ അതാത് കാലത്തെ രാഷ്ട്രീയ പശ്ചാത്തലങ്ങൾ മനസ്സിലാക്കണമെന്നില്ല; മറിച്ച് അവാർഡ് നേടിയ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാകും അന്നത്തെ സിനിമാ നിലവാരം വിലയിരുത്തുക. അതിനാൽ ഇത്തരം പുരസ്കാരങ്ങൾ തെറ്റായ ചരിത്രം സൃഷ്ടിക്കരുതെന്നും അർഹതപ്പെട്ടവർക്ക് തന്നെ നൽകപ്പെടണമെന്നും അദ്ദേഹം തൻ്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ചന്തുവിന്റെ കുറിപ്പിന്റെ പൂർണരൂപം;
“ഇന്ത്യൻ സിനിമയുടെ ചരിത്രത്തേക്കുറിച്ച് 2050-ൽ പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപിക്കൂ. അവർ നാഷണൽ അവാർഡ് ജേതാക്കളുടെ പട്ടിക നോക്കുകയും ആഘോഷിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ, എന്തായിരുന്നു രാഷ്ട്രീയ പശ്ചാത്തലമെന്നോ അവർക്കറിയുന്നുണ്ടാവില്ല. അവർ സ്ക്രീനിൽ കാണുന്നതുമാത്രം നോക്കി വിലയിരുത്തും.
നല്ല സിനിമകൾ തഴയപ്പെട്ട് നിരവധി സാധാരണ ചിത്രങ്ങൾ ആദരിക്കപ്പെട്ടിരുന്നുവെന്ന് കാണുമ്പോൾ സ്വാഭാവികമായും അതെന്തുകൊണ്ടാണെന്ന് അവർ ചോദിക്കും. കഴിവിനേക്കാൾ ഭരണകക്ഷികളുമായുള്ള അടുപ്പമായിരുന്നു പുരസ്കാരങ്ങളെ സ്വാധീനിച്ചതെന്ന ഉത്തരം ആളുകൾ നൽകുമ്പോൾ, ചരിത്രം അതായിരിക്കും ഓർമിക്കുക. ട്രോഫി എന്നെന്നേക്കുമായി നിലകൊള്ളുമായിരിക്കും, പക്ഷേ അതുപോലെതന്നെ അതെങ്ങനെ നേടിയെന്ന ചോദ്യങ്ങളും നിലകൊള്ളും.
അവാർഡുകൾ സർക്കാരുകളേക്കാൾ കാലങ്ങളോളം അതിജീവിക്കേണ്ടവയാണ്. കലാപരമായ മികവിന്റെ അടയാളങ്ങളായിരിക്കണം അവ, അല്ലാതെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ആയിരിക്കരുത്. അതിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടാൽ അക്കാലത്തെ മികച്ച ചിത്രങ്ങളായി ചരിത്രം അവയെ ഓർക്കില്ല. മികവിനേക്കാൾ അധികാരത്തിന് പ്രാധാന്യം ലഭിച്ചപ്പോൾ വിജയിച്ച ചിത്രങ്ങളായായിരിക്കും.”
ചന്തു സലിംകുമാർ അഭിനയിച്ച മഞ്ഞുമ്മൽ ബോയ്സിന് പുരസ്കാരം തഴയപ്പെട്ടതിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമയ്ക്ക് പുരസ്കാരം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് നടൻ ആസിഫ് അലിയും പ്രതികരിച്ചിരുന്നു. ചിദംബരം സംവിധാനം ചെയ്ത ചിത്രം മികച്ച ജനപ്രിയ ചിത്രം, മികച്ച സംവിധായകൻ, മികച്ച കലാസംവിധാനം എന്നീ അവാർഡുകൾക്കായി പരിഗണിക്കപ്പെട്ടിരുന്നുവെന്നാണ് സൂചന.
കേന്ദ്രസർക്കാരിൻ്റെ പ്രൊപ്പഗാൻഡ സിനിമകളെന്ന ആക്ഷേപം നേരിട്ട ആർട്ടിക്കിൾ 370, സ്വാതന്ത്ര്യ വീര സവർക്കർ എന്നിവയ്ക്ക് മികച്ച പരിഗണന കിട്ടുകയും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചെടുത്ത മഞ്ഞുമ്മൽ ബോയ്സ്, മലയാളത്തിൽനിന്നു തന്നെയുള്ള കിഷ്കിന്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങളെ തഴയുകയും ചെയ്തത് ഏറെ ചർച്ചയായിരുന്നു.