‘ഭാര്യ കഴി‍ഞ്ഞാൽ ഒരു നോട്ടം കൊണ്ട് എന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തി; ആസിഫിനെ കുറിച്ച് ജിസ് ജോയ്

','

' ); } ?>

ഭാര്യ കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് തന്നെ തന്റെ മനസ്സിലിരുപ്പ് തിരിച്ചറിയുന്ന ഒരേയൊരു വ്യക്തി നടൻ ആസിഫ് അലിയാണെന്ന് സംവിധായകൻ ജിസ് ജോയ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘കോട്ടയം ബെൽറ്റിന്റെ’ പൂജ ചടങ്ങിലാണ് ആസിഫ് അലിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സംവിധായകൻ തുറന്നുപറഞ്ഞത്. മീശ പിരിച്ച് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലുള്ള ആസിഫ് അലിയുടെ മോഷൻ പോസ്റ്റർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

‘ബൈസിക്കിൾ തീവ്‌സ്’, ‘സൺഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗർണമിയും’, ‘ഇന്നലെ വരെ’, ‘തലവൻ’ എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും ജിസ് ജോയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് ‘കോട്ടയം ബെൽറ്റ്’. തൃശൂരിൽ നടന്ന സിനിമയുടെ പൂജ ചടങ്ങിൽ ആസിഫ് അലിയുടെ മക്കളായ ആദവും ഹയയും ചേർന്നാണ് ആദ്യ ക്ലാപ്പ് നൽകിയത് എന്ന പ്രത്യേകതയുമുണ്ട്. പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്.

കൊച്ചിയിൽ വെച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സുരേഷ് ഗോപാലാണ് ഒരുക്കുന്നത്. ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെയും കാളീഷ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ടിആർ ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങോടെ ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി.