തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ സന്ദർശിച്ച് നടൻ ശിവകാർത്തികേയൻ; ചിത്രങ്ങൾ പങ്കുവെച്ച് താരം

','

' ); } ?>

തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ സി. ജോസഫ് വിജയ്‌യെ സന്ദർശിച്ച് നടൻ ശിവകാർത്തികേയൻ. സിനിമയിൽനിന്ന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള വിജയ്‌യുടെ അസാധാരണ യാത്രയെ പ്രശംസിച്ച ശിവകാർത്തികേയൻ, തങ്ങൾ തമ്മിലുള്ളത് ഊഷ്മളമായ ‘സഹോദരബന്ധ’മാണെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് ഈ സുപ്രധാന കൂടിക്കാഴ്ച. മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകുന്നതും, ഇരുവരും കെട്ടിപ്പിടിക്കുന്നതും സംസാരിച്ചിരിക്കുന്നതുമായ ചിത്രങ്ങളാണ് ശിവകാർത്തികേയൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

“ഒട്ടേറെ ഹൃദയങ്ങളെ രസിപ്പിക്കുന്നതിൽനിന്ന് ഒരു സംസ്ഥാനത്തെ നയിക്കുന്നതിലേക്ക്… ചില യാത്രകൾ ശരിക്കും അസാധാരണമാണ്. ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സാറിനെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു,” എന്ന് ശിവകാർത്തികേയൻ കുറിച്ചു. ‘രസിഗൻ എക്സ്പ്രസ്’ മുതൽ വിജയ് അവാർഡ്‌സ് വേദിയും, അതിനുശേഷം ‘ഗോട്ട്’ (GOAT) സിനിമയിൽ ഒന്നിച്ച് അഭിനയിച്ചതും കടന്ന് ഇപ്പോഴത്തെ കൂടിക്കാഴ്ച വരെയുള്ള നിമിഷങ്ങൾ തനിക്ക് എക്കാലവും സവിശേഷമാണെന്നും ആ ആത്മബന്ധം തുടരുമെന്നും താരം കൂട്ടിച്ചേർത്തു.

നേരത്തെ, വിജയ് ചിത്രമായ ‘ജനനായക’നൊപ്പം ശിവകാർത്തികേയന്റെ ‘പരാശക്തി’ തിയേറ്ററുകളിലെത്തിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത് തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പൊങ്കൽ റിലീസായി ജനുവരി ഒൻപതിന് പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന ‘ജനനായകനു’മായി ക്ലാഷ് റിലീസിനാണ് ‘പരാശക്തി’ ഒരുങ്ങിയത്. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആയിരുന്നു ‘പരാശക്തി’യുടെ വിതരണം ഏറ്റെടുത്തിരുന്നത് എന്നതിനാൽ, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ ലക്ഷ്യംവെച്ചുള്ള നീക്കമാണിതെന്ന് വിമർശനമുയർന്നു. എന്നാൽ സെൻസർ ബോർഡുമായുള്ള നിയമപ്പോരാട്ടത്തെ തുടർന്ന് ‘ജനനായകന്റെ’ റിലീസ് വൈകുകയും ‘പരാശക്തി’ ജനുവരിയിൽ തന്നെ റിലീസ് ചെയ്യുകയുമാണുണ്ടായത്.

റിലീസ് വിവാദങ്ങൾക്ക് പിന്നാലെ തനിക്കെതിരെ കടുത്ത പെയ്ഡ് സൈബർ ആക്രമണങ്ങൾ ഉണ്ടായതായി ശിവകാർത്തികേയൻ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ആരോടും മത്സരമില്ലെന്നും വിജയുമായി സംസാരിച്ച ശേഷമാണ് റിലീസ് തീയതി തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. രണ്ട് സിനിമകളും ഒരേസമയം തിയേറ്ററുകളിൽ എത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും സിനിമയിൽ എല്ലാവർക്കും ഇടമുണ്ടെന്നും ശിവകാർത്തികേയൻ വ്യക്തമാക്കിയിരുന്നു.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സെൻസർ ബോർഡിന്റെ അനുമതി ലഭിച്ച വിജയ് ചിത്രം ‘ജനനായകൻ’ ജൂലൈ 23-ന് തിയേറ്ററുകളിലെത്തും. ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 3 മണിക്കൂറും മൂന്ന് മിനിറ്റുമാണ് ദൈർഘ്യം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക. ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.