
സുരേഷ് ഗോപിയുടെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘ചിന്താമണി കൊലക്കേസി’ന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായതായി സംവിധായകൻ ഷാജി കൈലാസ്. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ അണിയറവിശേഷങ്ങൾ അദ്ദേഹം പങ്കുവെച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള സ്ക്രിപ്റ്റ് എല്ലാം റെഡിയാണെന്ന് വ്യക്തമാക്കിയ ഷാജി കൈലാസ്, സിനിമ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന സൂചനയാണ് നൽകുന്നത്.
“ചിന്താമണി കൊലക്കേസ്’ പുതിയ സാധനമാണ് ഞാൻ സാജനോട് ചോദിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ പുതിയ സാധനം സാജൻ എഴുതി കഴിഞ്ഞു. മനോഹരമായിട്ട് എഴുതിയിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് റെഡിയാണ്. ചിന്താമണിയിലെ മെയിൻ ആളെ കിട്ടിയിട്ടില്ലെങ്കിൽ ജൂനിയർ എൽകെ എന്ന് പറഞ്ഞ് അത് ഇറക്കാം. എന്നുവച്ചാൽ ആ പടത്തിന്റെ സംഭവം ഇരിക്കുന്നത് സ്ക്രിപ്റ്റിൽ ആണ്. അതിൽ താരത്തിന്റെ പ്രശ്നമേയില്ല. ആ രീതിയിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. നമ്മൾ റെഡിയാക്കി വച്ചിട്ടുണ്ട്. അതിനുള്ള കറക്ടായിട്ടുള്ള ആൾ വരുന്നു. അതങ്ങ് ചെയ്യുന്നു. ജൂനിയർ എൽകെ ആയി ചെയ്യാൻ ഇഷ്ടം പോലെ ആളുകൾ മനസിലുണ്ട്. പിള്ളേരെ വച്ച് ചെയ്താൽ തകർക്കും. ആ സ്ക്രിപ്റ്റിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. എഴുതി സീൻ ബൈ സീൻ വച്ചിട്ടുണ്ട് സ്ക്രിപ്റ്റ്. ഒരു കാലഘട്ടം മാറിക്കഴിഞ്ഞാൽ അതിന്റെ പ്രസക്തി നഷ്ടപ്പെടണ്ട എന്ന് വിചാരിച്ചിട്ടാണ്, സുരേഷ് ഗോപിക്ക് തിരക്കാണെങ്കിൽ ജൂനിയർ എൽകെ കൊണ്ട് വന്നാൽ മതി”.- ഷാജി കൈലാസ് പറഞ്ഞു.
2006-ൽ തിയേറ്ററുകളിലെത്തിയ ചിന്താമണി കൊലക്കേസിൽ ‘എൽ.കെ’ എന്ന അഡ്വ. ലാൽകൃഷ്ണ വിരാടിയാർ എന്ന വക്കീൽ കഥാപാത്രമായി സുരേഷ് ഗോപി തകർത്തഭിനയിച്ചിരുന്നു. ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയ ഈ ചിത്രത്തിൽ സുരേഷ് ഗോപിയെ കൂടാതെ ഭാവന, തിലകൻ, ബിജു മേനോൻ, കലാഭവൻ മണി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നേരത്തെ തന്നെ വന്നിരുന്നെങ്കിലും, തിരക്കഥ പൂർത്തിയായ വിവരം പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് സുരേഷ് ഗോപി ആരാധകരും സിനിമാപ്രേമികളും.