“ഒ.ടി.ടി റിലീസുകൾക്കും സെൻസർഷിപ്പ്, ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തും”; നീക്കം സത്‌ലജ്’ വിവാദത്തിനു പിന്നാലെ

','

' ); } ?>

തിയേറ്ററുകൾക്ക് പുറമെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഴി നേരിട്ട് റിലീസ് ചെയ്യുന്ന സിനിമകൾക്കും സെൻസർ ബോർഡിന്റെ അനുമതി നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനായി ഐ.ടി നിയമത്തിൽ ഭേദഗതി വരുത്താനാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം. ദിൽജിത്ത് ദൊസാഞ്ജ് നായകനായ ‘സത്‌ലജ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.

സെൻസർ ബോർഡിന്റെ പരിഗണനയിലിരിക്കെ അന്തിമ അനുമതിയില്ലാതെയാണ് ‘സത്‌ലജ്’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്. സിഖ് മനുഷ്യാവകാശപ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം പഞ്ചാബിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഇടപെട്ടതോടെ ‘സീ 5’-ൽ റിലീസ് ചെയ്ത ചിത്രം വെറും രണ്ടു ദിവസത്തിനകം അധികൃതർക്ക് പിൻവലിക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് എല്ലാ ഒ.ടി.ടി റിലീസുകൾക്കും സെൻസറിങ് ബാധകമാക്കുന്ന നടപടികളിലേക്ക് സർക്കാർ കടന്നത്. ഹണി ടെഹ്റാൻ സംവിധാനം ചെയ്ത ഈ ചിത്രം നാലുവർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പ്രദർശനത്തിനെത്തിയത്.

2022-ൽ സിഖ് കൂട്ടക്കൊലയെ സൂചിപ്പിക്കുന്ന ‘ഗല്ലുഘര’ എന്ന പേരിലാണ് സിനിമ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ചിത്രീകരണത്തിന് ശേഷം സെൻസർ ബോർഡിനു മുന്നിലെത്തിയ സിനിമയ്ക്ക് 21 കട്ടുകളും ‘പഞ്ചാബ് 95’ എന്ന പുതിയ പേരും നിർദേശിക്കപ്പെട്ടു. ബോർഡിന്റെ നടപടിക്കെതിരെ നിർമാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കോടതി നിർദേശപ്രകാരം വിഷയം പരിഗണിച്ച റിവിഷൻ കമ്മിറ്റി 21-ന് പകരം 120 കട്ടുകളാണ് നിർദേശിച്ചത്. ഈ പ്രതിസന്ധികൾക്കിടെയാണ് ‘സത്‌ലജ്’ എന്ന പേരിൽ നിയമം മറികടന്ന് ചിത്രം ഒ.ടി.ടിയിൽ എത്തിയത്.

സിനിമകളുടെ ദൃശ്യാസ്വാദനം പരമ്പരാഗത തിയേറ്റർ രീതികളിൽ നിന്ന് ഒ.ടി.ടി ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് വലിയ തോതിൽ മാറുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ഉള്ളടക്കങ്ങളിൽ കൃത്യമായ നിയന്ത്രണങ്ങളും പരിശോധനകളും ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.