
താരസംഘടനയായ ‘അമ്മ’യിൽ സംഘടന പല ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്യമായി പോരടിക്കുമ്പോഴും മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജും ഉൾപ്പെടെയുള്ള മുൻനിര നായകന്മാർ മൗനം പാലിക്കുകയാണെന്നും ഈ ചേരിപ്പോര് അവർ കണ്ട് ആസ്വദിക്കുകയാണെന്നും വിമർശിച്ച് ചലച്ചിത്ര ലേഖകൻ പല്ലിശ്ശേരി. നടിമാർ ചേരിതിരിഞ്ഞ് പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യമുണ്ടായിട്ടും എന്താണ് നടക്കുന്നതെന്ന് ചോദിക്കാൻ നട്ടെല്ലുള്ള ഒരു താരപുരുഷൻ പോലും അവിടെയില്ലെന്നാണ് ഒരു വീഡിയോയിലൂടെ അദ്ദേഹം ഉന്നയിക്കുന്ന പ്രധാന വിമർശനം.
അമ്മയുടെ പ്രസിഡന്റ് സ്ഥാനവും കമ്മിറ്റിയും മെമ്പർഷിപ്പും രാജിവെച്ചൊഴിഞ്ഞ ശ്വേത മേനോൻ വീണ്ടും തിരികെ എത്തിയതാണ് പുതിയ പ്രതിസന്ധികൾക്ക് തുടക്കമിട്ടത്. ശ്വേതയുടെ രാജിക്ക് ശേഷം രമേശ് പിഷാരടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി പുതിയ തിരഞ്ഞെടുപ്പിലേക്കുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ശ്വേത കോടതിയെ സമീപിച്ചത്. അഡ്ഹോക്ക് കമ്മിറ്റിക്ക് സ്റ്റേ വാങ്ങിയ ശ്വേത സ്വയം പ്രസിഡന്റായി അവരോധിക്കപ്പെട്ടുവെന്ന് പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെ ശ്വേത ബിജെപിയിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നും അദാനിയിൽ നിന്ന് 15 കോടി വാങ്ങാൻ നീക്കം നടത്തുന്നുവെന്നും ആരോപിച്ച് ഒരു കൂട്ടം നടിമാർ രംഗത്തെത്തി. ഇതോടെ നടിമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് തുടർച്ചയായി വാർത്താസമ്മേളനങ്ങൾ നടത്തി പരസ്പരം ചെളിവാരിയെറിയുന്ന സാഹചര്യമാണുണ്ടായത്.
താൻ സംഘടന വിട്ടുപോകരുതെന്ന് മോഹൻലാലും മമ്മൂട്ടിയും ആവശ്യപ്പെട്ടെന്നും അവർ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നുമുള്ള ശ്വേതയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലും വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ, താരങ്ങൾ നേരിട്ട് പറയാതെ ഈ അവകാശവാദം വിശ്വസിക്കില്ലെന്ന നിലപാടിലാണ് നടി അൻസിബ ഉൾപ്പെടെയുള്ളവർ. ശ്വേതയുടെ ഈ വെളിപ്പെടുത്തലിൽ സൂപ്പർതാരങ്ങളുമായി അടുപ്പമുള്ളവരും കടുത്ത അതൃപ്തിയിലാണ്. വിവാദങ്ങൾ കടുത്തതോടെ അഡ്ഹോക്ക് കമ്മിറ്റി കൺവീനറായിരുന്ന രമേശ് പിഷാരടിയും രാജി വെച്ച് ഒഴിവായി. സംഘടനയിലെ ഒരു വലിയ ഗ്രൂപ്പിന്റെ കളികളാണ് ഇപ്പോൾ നടക്കുന്നതെന്നും പെണ്ണരശ് നാട് പോലെ നടിമാർ തമ്മിലടിക്കട്ടെ എന്ന് കരുതി മറ്റ് താരങ്ങൾ ഇത് നോക്കി നിൽക്കുകയാണെന്നും പല്ലിശ്ശേരി പറയുന്നു.
നിലവിൽ കൃത്യമായൊരു നേതൃത്വമില്ലാതെ വലിയൊരു അനിശ്ചിതാവസ്ഥയിലൂടെയാണ് ‘അമ്മ’ കടന്നുപോകുന്നത്. അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുത സംബന്ധിച്ച തർക്കങ്ങൾ കോടതിയിലും സംഘടനയ്ക്കകത്തും ഒരേസമയം തുടരുകയാണ്. നിരവധി മുതിർന്ന താരങ്ങളും സംഘടനയുടെ ഇപ്പോഴത്തെ പ്രവർത്തന രീതിയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന് യാതൊരു ആവശ്യവുമില്ലാത്ത ഈ സംഘടന പിരിച്ചുവിടുകയാണ് വേണ്ടതെന്ന മുൻ മന്ത്രി ജി. സുധാകരന്റെ പ്രസ്താവന കൂടി പുറത്തുവന്നതോടെ ‘അമ്മ’യിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.