
നടി ലക്ഷ്മിപ്രിയക്കെതിരെയുള്ള നടി അൻസിബയുടെ പരാതി വീണ്ടും തള്ളിക്കളഞ്ഞ് പോലീസ്. സോഷ്യൽ മീഡിയയിലൂടെ വ്യാജവും അപകീർത്തികരവുമായ പ്രചാരണം നടത്തിയെന്നാരോപിച്ച് അൻസിബ നൽകിയ പരാതിയാണ് പാലാരിവട്ടം പോലീസ് വീണ്ടും തള്ളിയത്. പരാതി ഔദ്യോഗികമായി തള്ളിയ വിവരം പൊലീസ് അൻസിബയെ അറിയിച്ചിട്ടുണ്ട്.
ലക്ഷ്മിപ്രിയ ചെയ്തത് കേവലം മാനനഷ്ട കുറ്റകൃത്യം മാത്രമാണെന്നും ഇതിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കത്തക്ക കഴമ്പില്ലെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
കോടതി നിർദ്ദേശപ്രകാരം ജൂലൈ 9 ന് പൊലീസ് തങ്ങളുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ്, പരാതി തള്ളിയെന്ന തങ്ങളുടെ അന്തിമ നിലപാട് പൊലീസ് അൻസിബയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പൊലീസിന്റെ ഈ നടപടിയോട് കോടതി എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ കേസിലെ തുടർനടപടികൾ.
നേരത്തെ, ഓൺലൈൻ മാധ്യമ അഭിമുഖങ്ങളിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ലക്ഷ്മിപ്രിയ തനിക്കെതിരെ അശ്ലീല കഥകളും അപവാദങ്ങളും പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയിരുന്നത്. എന്നാൽ പോലീസ് ഈ പരാതിയിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാനോ കൃത്യമായ അന്വേഷണം നടത്താനോ തയ്യാറായില്ല. തുടർന്ന് പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ച് അൻസിബ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി, വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പാലാരിവട്ടം പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.