“സംയുക്തയ്ക്ക് ഈ കാലഘട്ടത്തിൽ എന്താണ് പ്രസക്തി?”; ചർച്ചയായി ആരാധികയുടെ കുറിപ്പ്

','

' ); } ?>

വർഷങ്ങൾക്ക് ശേഷം നടി സംയുക്ത വർമ ധന്യ വർമയ്ക്ക് നൽകിയ അഭിമുഖവും അതിനെക്കുറിച്ച് ഫേസ്ബുക്കിൽ വന്ന ഒരു കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. സിനിമയിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുന്ന, ഒരു സൂപ്പർതാരത്തിന്റെ ഭാര്യ എന്നതിനപ്പുറം സ്വന്തം വ്യക്തിത്വം കൊണ്ട് ഒരു സ്ത്രീക്ക് എങ്ങനെ പ്രസക്തയാകാമെന്ന് തെളിയിക്കുന്നതായിരുന്നു സംയുക്തയുടെ വാക്കുകളെന്ന് നിഷ പി. എന്ന ഫേസ്ബുക്ക് ഉപയോക്താവ് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. മില്യണിലധികം ആളുകൾ കണ്ട ഈ അഭിമുഖത്തിൽ ഭർത്താവിനെക്കുറിച്ചോ കുടുംബ കാര്യങ്ങളെക്കുറിച്ചോ ഉള്ള പതിവ് ചോദ്യങ്ങളൊന്നുമില്ലാതെ, സംയുക്ത എന്ന വ്യക്തിയെ മാത്രമാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചതെന്നും കുറിപ്പിൽ പറയുന്നു.

തന്റെ കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ സിനിമ ഉപേക്ഷിച്ചത് സംയുക്തയുടെ മാത്രം തീരുമാനമായിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറിനിന്നെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി താരം യോഗ പരിശീലനത്തിലും ആത്മീയമായ വഴിയിലുമാണ്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് താരത്തിന്റെ പുതിയ അഭിമുഖം ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നത്.

വളരെ സൈലന്റായി വന്ന് നിശബ്ദമായ എന്തിനെയോ തൊട്ടുപോയ സംസാരമായിരുന്നു സംയുക്തയുടേതെന്നാണ് സോഷ്യൽ മീഡിയ കുറിപ്പിൽ വിശേഷിപ്പിക്കുന്നത്. അഭിനയം നിർത്തിയിട്ട് വർഷങ്ങളായ, ഒരു നടന്റെ ഭാര്യ എന്ന ലേബലിൽ മാത്രം ഒതുങ്ങാത്ത സംയുക്തയ്ക്ക് ഈ കാലഘട്ടത്തിൽ എന്താണ് പ്രസക്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ അഭിമുഖം. ഭർത്താവിനെ അദ്ദേഹത്തിന് ആവശ്യമുള്ള സമയമത്രയും ഒറ്റയ്ക്ക് വിടുക എന്നതാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ വിജയമെന്ന് പറയുന്ന പക്വതയും ശാന്തതയും അവരിൽ കാണാം. പ്രായം ശരീരത്തെ ബാധിക്കുന്നത് ശാസ്ത്രീയമായി മനസ്സിലാക്കി, അതിനൊപ്പം ഭംഗിയോടെ സഞ്ചരിക്കുന്ന സ്ത്രീകൾക്കുണ്ടാകുന്ന ഒരു സുരക്ഷിതത്വബോധം സംയുക്തയ്ക്കുണ്ട്. നഷ്ടങ്ങളും ലാഭങ്ങളുമില്ലാതെ, തന്റെ ലോകം തന്റെ തലയ്ക്കകത്താണെന്ന് അവകാശപ്പെടുന്ന സ്ത്രീകൾക്കുണ്ടാകുന്ന മനഃശാന്തിയാണ് അവരെ നയിക്കുന്നത്.

ഭൗതികമായ വിജയങ്ങൾക്കും സമ്പത്തിനും അപ്പുറം സുസ്ഥിരവും നിശബ്ദവുമായ ജീവിതവിജയമാണ് താരം നേടിയെടുത്തിരിക്കുന്നത്. സന്തോഷം എന്നത് നൈമിഷികമാണെന്നും എന്നാൽ താൻ ഇപ്പോൾ അനുഭവിക്കുന്നത് ‘ആനന്ദം’ ആണെന്നും സംയുക്ത പുഞ്ചിരിയോടെ പറയുന്നു. ഭർത്താവ് എന്ത് കഴിക്കും, എപ്പോൾ എഴുന്നേൽക്കും തുടങ്ങിയ ചോദ്യങ്ങളൊന്നുമില്ലാതെയാണ് അവർ ഒരു മില്യൺ ആളുകളെ പിടിച്ചിരുത്തിയത്. ആളുകൾക്ക് കേൾക്കേണ്ടിയിരുന്നത് അവരെക്കുറിച്ച് മാത്രമായിരുന്നു. പണ്ട് ഉപേക്ഷിച്ചുപോയ കരിയറിന്റെയോ ഭർത്താവിന്റെ താരമൂല്യത്തിന്റെയോ പേരിൽ ആദരിക്കപ്പെടേണ്ടതില്ലാത്ത, വെറുതെ ജീവിച്ചുകൊണ്ട് തന്നെ പ്രസക്തയായ സ്ത്രീയായി സംയുക്തയെ ഈ കുറിപ്പ് അടയാളപ്പെടുത്തുന്നു.

ഈ ഫേസ്ബുക്ക് കുറിപ്പിനോട് വലിയ രീതിയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ആ അഭിമുഖം കണ്ടും കേട്ടുമിരിക്കുമ്പോൾ ഉള്ളിൽ ഒരു ശാന്തത അനുഭവപ്പെട്ടിരുന്നുവെന്നും, പതിഞ്ഞ സ്വരത്തിൽ മെല്ലെ മൂളിപ്പോകുന്ന ഒരു കവിത പോലെ സ്വസ്ഥമായിരുന്നു ആ വാക്കുകളെന്നും നിരവധി ആളുകൾ കമന്റുകളിലൂടെ പ്രതികരിക്കുന്നു.