“ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്, കടിച്ചു തൂങ്ങാനാണെങ്കിൽ അമ്മ’ ഓഫിസിനു മുന്നിൽ സത്യാഗ്രഹമിരിക്കും”; ഉഷ ഹസീന

','

' ); } ?>

അമ്മ’യുടെ പ്രസിഡൻ്റ് സ്‌ഥാനത്ത് തുടരുകയാണെന്ന് നടി ശ്വേത മേനോൻ വ്യക്തമാക്കിയതിനു പിന്നാലെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് നടി ഉഷ ഹസീന. ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിതെന്നും, ഇനിയും വുമൺ കാർഡ് എന്ന് പറഞ്ഞ് തുടരാൻ നിൽക്കരുതെന്നും ഉഷ പറഞ്ഞു. കൂടാതെ ജനറൽ ബോഡിയിൽ അംഗങ്ങളുടെ എല്ലാവരുടെയും മുമ്പാകെ രാജി പ്രഖ്യാപനം നടത്തിയ പോയ ആൾ ഇനിയും സംഘടനയിൽ കടിച്ചു തൂങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ തങ്ങൾ സ്ത്രീകൾ സംഘടിച്ച് ‘അമ്മ’യുടെ ഓഫിസിനു മുന്നിൽ സത്യാഗ്രഹ സമരം ചെയ്യുമെന്നും ഉഷ കൂട്ടിച്ചേർത്തു.

ഉഷ ഹസീനയുടെ വാക്കുകൾ;

“ശരിയായ കണക്കും റിപ്പോർട്ടും അവതരിപ്പിക്കാൻ ഭരണസമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ ജനറൽബോഡി ഭരണസമിതിയുടെ രാജിയാണ് ആവശ്യപ്പെട്ടത്. രണ്ടുപ്രാവശ്യം ജനറൽ ബോഡിയിൽ ഈ ഭരണസമിതി തുടരാൻ ആഗ്രഹിക്കുന്നവർ കൈപൊക്കുക എന്നു പറഞ്ഞപ്പോൾ ആകെ പൊക്കിയത് 17, 18 പേരാണ്. തുടരേണ്ട എന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം ആൾക്കാരും കൈപൊക്കുകയാണ് ഉണ്ടായത്. ഇതൊന്നല്ല രണ്ട് വട്ടം.

തുടർന്ന് പ്രസിഡൻ്റ് ഞാനും എൻ്റെ ടീമും രാജിവയ്ക്കുന്നു എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു. തുടർന്ന് പ്രസിഡന്റിനെ കുറിച്ച് ഒരു ആരോപണം ഉന്നയിച്ചപ്പോൾ ജനറൽ ബോഡിക്ക് മുമ്പാകെ അത് തിരുത്താൻ നിൽക്കാതെ അടുത്ത നിമിഷം ഞാൻ ‘അമ്മ’യിൽ നിന്നുള്ള പ്രാഥമിക അംഗത്വത്തിൽ നിന്ന് കൂടെ രാജിവയ്ക്കുകയാണ്, ഇനി കോടതിയിൽ കാണാം മീഡിയയിലും എന്നു പറഞ്ഞാണ് പ്രസിഡൻ്റ് ഇറങ്ങിപ്പോയത്.

ജനറൽബോഡിയെ തൻ്റെ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെയാണ് പ്രാഥമിക അംഗത്വം കൂടെ രാജിവയ്ക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങിയത്. പുറത്തുവന്ന മീഡിയയുടെ മുമ്പിലും അങ്ങനെ തന്നെയാണ് പറഞ്ഞത്. അതിനുശേഷം ജനറൽബോഡിയാണ് ഒരു കമ്മറ്റിയെ നിയോഗിച്ചത്. അതിന്റെ നേതൃത്വത്തിനായി എംഎൽഎ പിഷാരടിയേയും തിരഞ്ഞെടുത്തു. എന്നിട്ട് ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്താ ചെയ്യുക.

ലാലേട്ടൻ രാജിവച്ച സാഹചര്യം ഇതല്ലായിരുന്നു. ഇത് ഒരു ഭരണസമിതിമുഴുവൻ ജനറൽ ബോഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി നിൽക്കുകയായിരുന്നു. ദയവുചെയ്‌ത്‌ ഇനിയും വുമൺ കാർഡ് എന്ന് പറഞ്ഞ് തുടരാൻ നിൽക്കരുത്, ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്. വുമൺ കാർഡ് പറയാൻ ഒരു യോഗ്യതയും ആ കമ്മിറ്റിക്കില്ല. കടിച്ചു തൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ സ്ത്രീകൾ സംഘടിച്ച് ‘അമ്മ’യുടെ ഓഫിസിലേക്ക് വരും സത്യാഗ്രഹ സമരം ചെയ്യും 10 മാസം കൊണ്ടുതന്നെ ഞങ്ങൾ ഇത്രയും നാണം കെട്ടു. അത്രയ്ക്ക് നാറിയ കഥകൾ ആണ് ആ ഓഫിസിൽ നിന്ന് പുറത്തേക്ക് വന്നത്. ഇനിയും വയ്യ. ഞങ്ങൾക്ക് ഞങ്ങളുടെ സംഘടനയുടെ നിലനിൽപ്പാണ് ആവശ്യം… അതു തകർക്കാൻ ഞങ്ങൾ ആരെയും സമ്മതിക്കില്ല.”-

അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം രമേഷ് പിഷാരടിയും കെ.ബി ഗണേഷ് കുമാറും മാധ്യമങ്ങളെ കണ്ടപ്പോഴാണ്, മുൻ ഭരണസമിതി അംഗങ്ങൾ ആരും തന്നെ ഔദ്യോഗികമായി രാജിക്കത്ത് തന്നിട്ടില്ലെന്ന വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ “താൻ ആരെയും വഞ്ചിച്ചിട്ടില്ല, ‘അമ്മ’യെ അനാഥമാക്കിയിട്ടുമില്ല. തൻ്റെ നിരപരാധിത്വം തെളിയിക്കാതെ ‘അമ്മ’യുടെ പടിയിറങ്ങില്ല.” എന്ന ഫെയ്‌സ്ബുക്ക് പോസ്‌റ്റുമായി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു.

‘അമ്മ’യുടെ ബൈലോ പ്രകാരം ‘അഡ്‌ഹോക്ക് കമ്മിറ്റി’ എന്നൊരു സംവിധാനമില്ല. ഒരു കമ്മിറ്റി പൂർണ്ണമായി രാജി വെയ്ക്കുകയാണെങ്കിൽ, പുതിയ തെരഞ്ഞെടുപ്പിലൂടെ മറ്റൊരു ഭരണസമിതി വരുന്നത് വരെ പഴയ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ട്. മുൻപ് മോഹൻലാലിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോഴും ഈ രീതിയാണ് പിന്തുടർന്നത്. എന്നാൽ തങ്ങളുടെ കമ്മിറ്റിയുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് ഈ മാനദണ്ഡം ബാധകമാകാത്തതെന്നും ശ്വേത ചോദിക്കുന്നു.