‘ജനനായകന്റെ’ വ്യാജപ്പതിപ്പുകൾ കണ്ടത് 1.2 കോടി ആളുകൾ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

','

' ); } ?>

തമിഴ് ചിത്രം ‘ജനനായകന്റെ‘ വ്യാജപ്പതിപ്പുകൾ കണ്ടത് 1.2 കോടി ആളുകളെന്ന് പോലീസ്. മദ്രാസ് ഹൈക്കോടതി കേസിലെ 21 പ്രതികളിൽ രണ്ടുപേർ നൽകിയ ജാമ്യാപേക്ഷയിൽ വാദംകേൾക്കുന്നതിനിടെയാണ് പോലീസിന്റെ വെളിപ്പെടുത്തൽ. തുടർന്ന് രണ്ടു പ്രതികളുടെയും ജാമ്യപേക്ഷ ജസ്റ്റിസ് സി. കുമരപ്പന്റെ ബെഞ്ച് തള്ളുകയും ചെയ്തു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയുമധികം ആളുകൾക്ക് സിനിമയുടെ വ്യാജപ്പതിപ്പു കാണാനുള്ള വഴിയാണ് ഒരുക്കിക്കൊടുത്തതെന്നും ഇത് അനീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമാ ചോർച്ചയിലെ നാലാം പ്രതി എസ്. രജനിയും പതിനൊന്നാം പ്രതി ജയപ്രകാശുമാണ് ജാമ്യാപേക്ഷ നൽകിയത്.

ചിത്രം ഓൺലൈനിൽ ചോർന്നതിനു പിന്നാലെ നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വാദംകേട്ടപ്പോൾ സിനിമയുടെ അനധികൃത പ്രദർശനം പാടില്ലെന്ന് രാജ്യത്തെ എല്ലാ ഇൻ്റർനെറ്റ്‌ സേവന ദാതാക്കളോടും കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

അതേ സമയം സെൻസർ ബോർഡ് വീണ്ടും ‘ജനനായകൻ’ കണ്ട് വിലയിരുത്തിയിട്ടുണ്ട്. മൂന്നുദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകുമെന്ന് സി.ബി.എഫ്.സി. വൃത്തങ്ങൾ നിർമാതാക്കളെ അറിയിച്ചു. ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ജനനായകൻ തിയേറ്ററുകളിലെത്തിക്കാനാണ് നീക്കം.

ജനുവരിയിൽ പൊങ്കൽ ആഘോഷത്തിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ പരാതികളെത്തുടർന്ന് സെൻസർ കുരുക്കിൽ അകപ്പെടുകയായിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്‌ത ജനനായകനിൽ മലയാളി നടി മമിത ബൈജു പ്രധാനവേഷത്തിലുണ്ട്. ബോബി ഡിയോൾ, പ്രിയാ മണി, ഗൗതം മേനോൻ, പ്രകാശ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നു.