
ആദ്യകാല സിനിമാ ചിത്രസംയോജകൻ ഇ.എം. മാധവൻ അന്തരിച്ചു. 81 വയസ്സായിരുന്നു. തൃത്താല കോടനാട്ടുള്ള വസതിയിൽ ശനിയാഴ്‌ച രാത്രിയായിരുന്നു അന്ത്യം. മുന്നൂറോളം മലയാള സിനിമകളിൽ അസോസിയേറ്റ്, അസിസ്റ്റന്റ് എഡിറ്ററായും 30 സിനിമകളിൽ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. തൃത്താല മേഴത്തൂർ ഇരിക്കപ്പാട്ടിൽ മങ്ങാട്ട് വീട്ടിൽ പങ്കുണ്ണി നായരുടെയും കല്യാണിക്കുട്ടിയുടെയും മകനാണ്. പ്രസന്നയാണ് ഭാര്യ. മക്കൾ: പ്രമോദ്, പ്രബിത, പ്രജിത. മരുമക്കൾ: വിക്രം, ഗോപാൽ.
1969 ജനുവരിയിൽ ‘മൂലധനം’ എന്ന സിനിമയിൽ അസിസ്റ്റന്റ് എഡിറ്ററായാണ് തുടക്കം. 1986-ൽ ഒ.എസ്. ഗിരീഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കട്ടുറുമ്പിനും കാതുകുത്ത്’ സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. കെ. ശങ്കുണ്ണിയുടെ സഹായിയായി മുന്നൂറിലധികം സിനിമകളിൽ എഡിറ്റിങ് നിർവഹിച്ചു. കന്നഡ, ഒറിയ, തമിഴ് ഭാഷകളിലെ നൂറോളം ചിത്രങ്ങളിലും എഡിറ്റ് നിർവഹിച്ചു.
പി. ഭാസ്ക്‌കരനും ശശികുമാറുമടക്കം മിക്കവാറും എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ എഡിറ്റിങ് സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ‘നാടോടി’യടക്കം മുപ്പതോളം സിനിമകളുടെ ചിത്രസംയോജനം നിർവഹിച്ചു. 2000-ൽ പുറത്തിറങ്ങിയ ‘തെക്കേക്കര സൂപ്പർഫാസ്റ്റ്’ ആണ് ഒടുവിലത്തെ സിനിമ.
പഴയകാലത്ത് ഇ.എം. മാധവൻ ഉപയോഗിച്ചിരുന്ന പ്ലൈസർ മെഷീൻ നിധിപോലെ വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്നു. അടുത്തിടെ ചെന്നൈയിൽ സിനിമാസംഘടനകളുടെ നേതൃത്വത്തിൽ ഇ.എം. മാധവനെ ആദരിച്ചിരുന്നു. സിനിമയോടുള്ള അടങ്ങാത്ത സ്നേഹവുമായി മദിരാശിയിലെത്തി, ഫിലിം റോളുകൾ വെട്ടിയൊതുക്കി തിരശ്ശീലയ്ക്ക് മുൻപിലെത്തിച്ച മുൻകാല സിനിമാ എഡിറ്ററാണ് ഇ.എം. മാധവൻ്റെ വിയോഗത്തിലൂടെ ഓർമ്മയാവുന്നത്.