
താര സംഘടനയായ ‘അമ്മ’യിലെ നിലവിലെ പ്രതിസന്ധികൾക്ക് കാരണം സംഘടനയല്ല, മറിച്ച് കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ഈഗോയാണെന്ന് നടൻ ദേവൻ. വരാനിരിക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നും ഇതിലും വലിയ മറ്റ് ചുമതലകൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ തുറന്നുപറച്ചിൽ നടത്തിയത്.
സംഘടനയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനും പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനും പുതിയൊരു നേതൃത്വം വരണമെന്നാണ് ദേവന്റെ നിർദ്ദേശം. ഇതിനായി മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു സംഘടനയിലേക്ക് തിരിച്ചെത്തണമെന്നും നടൻ രമേശ് പിഷാരടി പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും കമ്മിറ്റിയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും ഓർമ്മിപ്പിച്ച താരം, സംഘടനയുടെ ഉന്നമനത്തിനായി പുതിയൊരു നേതൃനിര അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു.
ദേവന്റെ വാക്കുകൾ:
“ഞാൻ അമ്മയിൽ മത്സരരംഗത്ത് ഉണ്ടാകില്ല. കാരണം ഞാൻ അതിലും വലിയ ചുമതലകൾ ഏറ്റെടുക്കാൻ പോവുകയാണ്. ഇന്നലെ ഉണ്ടായ സംഭവം വളരെ ദൗർഭാഗ്യകരമാണ്. ഇപ്പോൾ ഉണ്ടായത് അമ്മയുടെ പ്രശ്‌നമാണെന്ന് ഞാൻ കരുതുന്നില്ല. അമ്മയ്ക്ക് ഉള്ളിലെ പ്രശ്‌നമല്ല. ഇത് പതിനേഴ് അംഗ കമ്മിറ്റിയിലുള്ള ചില ആൾക്കാരുടെ ഈഗോ കോപ്ലെക്‌സ്, ഞാനാണോ നീയാണോ വലുത് എന്ന പ്രശ്‌നങ്ങളാണ് വന്നിട്ടുള്ളത്. ‘അമ്മ’ തിരിച്ചു വരും.. മോഹൻലാലിനോ മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ എനിക്കോ അല്ല ഇതിന്റെ ഗുണം. അവശത അനുഭവിക്കുന്ന ഒരുപാട് കലാകാരന്മാർക്കു ഗുണം കിട്ടുന്നുണ്ട്. അതിനു വേണ്ടി ‘അമ്മ’ നിലനിൽക്കണം. നിലനിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
കഴിഞ്ഞ ഇലക്ഷനിൽ ഞാൻ നിന്നല്ലോ, നിൽക്കാനുള്ള കാരണം ഒരുപാടു പേർ ആവശ്യപ്പെട്ടതുകൊണ്ടാണ്. ഇലക്ഷൻ നടക്കുന്നതിൻ്റെ കുറച്ചു മുൻപ് പെട്ടെന്ന് ഗോൾ പോസ്‌റ്റ് മാറി, സ്ത്രീകളെ കൊണ്ടുവരണം എന്നൊരു ആവശ്യം വന്നു. അങ്ങനെ ആദ്യമേ പറഞ്ഞെങ്കിൽ ഞാൻ നോമിനേഷൻ കൊടുക്കില്ല. സ്ത്രീകൾക്ക് കൊടുക്കണം എന്ന് പറഞ്ഞെങ്കിൽ ഞാൻ നിൽക്കില്ല. സ്ത്രീകൾ വന്നതിൽ എനിക്കും സന്തോഷം ഉണ്ടായിരുന്നു. പക്ഷേ, പിന്നീട് അവർ തമ്മിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ടായി.
മോഹൻലാൽ ഇന്നലെ സ്‌പഷ്ടമായി പറഞ്ഞു, ‘അമ്മ’യ്ക്ക് ഒന്നും പറ്റില്ല. ഇതിൽ നിന്ന് ഗുണം ഉണ്ടാകുന്ന ഒരുപാടു പേരുണ്ട്. അവർക്ക് വേണ്ടി ‘അമ്മ’ നിലനിൽക്കണം. എനിക്ക് തോന്നുന്നത് ഇടവേള ബാബു ‘അമ്മ’യിലേക്ക് തിരിച്ചു വരണം. എല്ലാവരെയും കൂട്ടിയിണക്കാൻ ബാബുവിനേ കഴിയൂ. പ്രസിഡന്റ് സ്ഥാനത്തേക്ക് രമേശ് പിഷാരടി വരണം. ദിനേശ് പണിക്കർ ഇപ്പോൾ ആത്മയുടെ ജനറൽ സെക്രട്ടറി ആണ്. അദ്ദേഹവും വന്നുകഴിഞ്ഞാൽ അമ്മയെ പഴയതുപോലെ കൊണ്ടുപോകാൻ പറ്റും.”