
ഗായിക ആശാ ഭോസ്‌ലെയ്‌ക്ക് ആദരമർപ്പിച്ച് സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ ഒരുക്കുന്ന ‘ആശാ ഫോറെവർ’ മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി. ലോക സംഗീത ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെയാണ് റഹ്മാൻ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ആശാ ഭോസ്‌ലെയുടെ അനശ്വരമായ സംഗീത യാത്രയ്ക്കുള്ള ആദരമായാണ് ഈ മ്യൂസിക് വീഡിയോ വിഭാവനം ചെയ്തിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ സംഗീതജ്ഞരെ അണിനിരത്തിക്കൊണ്ടാണ് ഈ പ്രോജക്ട് ഒരുക്കുന്നത്. തന്റെ സംഗീത ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഗായികയോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന ഹൃദയസ്പർശിയായ കുറിപ്പും റഹ്മാൻ ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ആശാ ഭോസ്‌ലെയുടെ അതുല്യമായ ശബ്ദത്തിനും വൈവിധ്യമാർന്ന സംഗീത സംഭാവനകൾക്കും നൽകുന്ന ഈ സമർപ്പണം സംഗീത പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
എ.ആർ.റഹ്‌മാന്റെ വാക്കുകൾ:
ഈ ലോക സംഗീത ദിനത്തിൽ, തലമുറകളും ഭാഷകളും അതിരുകളും കടന്ന് ഒഴുകിയ ഒരു പുണ്യശബ്ദത്തെ നാം ആദരിക്കുന്നു. ആശാ ഭോസ്‌ലെ ജി നമുക്കൊപ്പം ഉണ്ടായിരുന്ന സമയത്താണ് ഒരു സ്വപ്നം പോലെ ഈ ട്രിബ്യൂട്ടിന് തുടക്കമിട്ടത്. ഈ പ്രൊജക്ടിലൂടെ ഞങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹത്തിനും നന്ദിക്കും അവർ സാക്ഷിയാകണമെന്ന് ഞങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നു.
ലോകമെമ്പാടും നാം സംഗീത ഇതിഹാസങ്ങളെ ആഘോഷിക്കാറുണ്ട്. കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിലെ സുന്ദരമായ ഓർമകൾക്ക് തന്റെ ശബ്ദത്തിലൂടെ പശ്ചാത്തലമേകിയ, നമുക്കിടയിലുള്ള അങ്ങനെയൊരു മഹാപ്രതിഭയെ ലഭിച്ചതിൽ നാം അനുഗ്രഹീതരാണ്. അവരുടെ അസാധാരണമായ ആ സംഗീതപാരമ്പര്യത്തെ കൊണ്ടാടാൻ ഏറ്റവും അനുയോജ്യമായ മാർഗം, വിവിധ സംഗീതജ്ഞരെയും പാരമ്പര്യങ്ങളെയും ശൈലികളെയും ഒരുമിച്ച് കൊണ്ടുവരിക എന്നതാണെന്ന് ഞങ്ങൾക്ക് തോന്നി.
ആശാ ജിക്കായുള്ള ഞങ്ങളുടെ വിനീതമായ സമർപ്പണമാണിത്. അവരുടെ സംഗീതം വരുംതലമുറകളുടെ ഹൃദയങ്ങളെയും എന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കട്ടെ. ഈ സംഗീതയാത്രയുടെ ഒരു ടീസർ ഇന്ന് ഞങ്ങൾ നിങ്ങളുമായി പങ്കുവയ്‌ക്കുന്നു. ഇതിന്റെ പൂർണരൂപം ഉടൻ തന്നെ പുറത്തുവിടുന്നതായിരിക്കും. ഞങ്ങൾ എത്രത്തോളം സ്നേഹത്തോടെയാണോ ഇത് നിർമിച്ചത്, അത്രയും സ്നേഹത്തോടെ നിങ്ങളും ഇത് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2026 ഏപ്രിൽ 12നാണ് ആശാ ഭോസ്‌ലെ വിടവാങ്ങിയത്. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈ ശിവാജി പാർക്കിലായിരുന്നു സംസ്കാരം.
എട്ട് ദശാബ്ദങ്ങൾ നീണ്ട ആശാ ഭോസ്‌ലെയുടെ സംഗീത യാത്ര വൈവിധ്യപൂർണമായിരുന്നു. 20 ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ഒ.പി. നയ്യാർ, സഹൂർ ഖയ്യാം ഹാഷ്മി, ശങ്കർ-ജയ്കിഷൻ, നൗഷാദ്, ആർ.ഡി. ബർമൻ, ഇളയരാജ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ തലമുറയിലെ അതികായരുടെ ഗാനങ്ങൾക്ക് ശബ്ദമായി. ഈ ഗാനങ്ങൾ എല്ലാം തന്നെ എവർഗ്രീൻ ഹിറ്റുകളാണ്.