
‘അമ്മ’ സംഘടനയിലെ വിവാദങ്ങള്‍ക്കൊടുവില്‍ നടി മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. ശ്വേത മേനോനെതിരെ സംഘടനയ്ക്കുള്ളില്‍ നടന്ന ഗൂഢാലോചനയിലും അവരെ അപമാനിച്ചതിലും പ്രതിഷേധിച്ചാണ് രാജി. ശ്വേത മേനോനെതിരെ സംഘടനയില്‍ വലിയ രീതിയിലുള്ള നീക്കങ്ങള്‍ നടന്നിരുന്നതായും, ഇതിന് മാലാ പാര്‍വതി നേതൃത്വം നല്‍കിയെന്നും മല്ലിക സുകുമാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശ്വേതയെ പുറത്താക്കുന്നതിനായി പതിനഞ്ചു ദിവസം മുന്‍പേ ഗൂഢാലോചന തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി അവിശ്വാസ പ്രമേയത്തിനായി ഒപ്പുശേഖരണവും നടന്നു. സിദ്ദിഖിന്റെയും രഞ്ജി പണിക്കരുടെയും ആവശ്യപ്രകാരം മാലാ പാര്‍വതിയാണ് ഇക്കാര്യം ശ്വേതയെ വിളിച്ചറിയിച്ചത്. ‘അമ്മ’ യോഗത്തില്‍ ശ്വേതയ്ക്കെതിരെ ബാബുരാജ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ശ്വേതയുടെ ജോലി ബിജെപിക്ക് സ്ഥാനാര്‍ഥിയെ കൊടുക്കലാണെന്ന് ബാബുരാജ് ആരോപിച്ചതിന് പിന്നാലെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.
കണക്കുകള്‍ അവതരിപ്പിക്കാത്തതിലല്ല, മറിച്ച് ശ്വേതയോടുള്ള സമീപനത്തിലാണ് പ്രതിഷേധമെന്ന് മല്ലിക വ്യക്തമാക്കി. യോഗത്തില്‍ ശ്വേതയെ അനുകൂലിച്ചവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. തന്റെ കൈയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയെന്നും മല്ലിക സുകുമാരന്‍ ആരോപിച്ചു. സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മല്ലിക സുകുമാരന്‍ ആവശ്യപ്പെട്ടു.