
താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജി വെച്ചു. ഭരണസമിതി രാജിവെച്ചതിന് പിന്നാലെ രൂപീകരിച്ച പുതിയ അഡ്ഹോക്ക് കമ്മിറ്റിയിൽ ആശ അരവിന്ദിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിന്നാലെ താൻ കമ്മിറ്റിയിൽ തുടരുന്നില്ലെന്ന് വ്യക്തമാക്കി താരം രാജിവെക്കുകയായിരുന്നു.
ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന 17 പേരില്ലാത്ത ഒരു പുതിയ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും, പുതിയൊരു കമ്മിറ്റിയിലേക്ക് കടന്നുവരാൻ കൂടുതൽ മാനസികമായ തയ്യാറെടുപ്പുകൾ ആവശ്യമായതുകൊണ്ടുമാണ് താൻ ഈ കമ്മിറ്റിയിലേക്ക് ഔദ്യോഗികമായി ഇപ്പോൾ ചേരാത്തതെന്ന് ആശാ അരവിന്ദ് വ്യക്തമാക്കി.
“അമ്മ സംഘടനയിൽ ഞാൻ നിലവിൽ പ്രധാനമായും ചെയ്തുകൊണ്ടിരിക്കുന്നത് ‘സഞ്ജീവനി’ എന്ന് പറയുന്ന അമ്മമാരുടെ മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ കാര്യങ്ങളാണ്. അതിലെ അക്കൗണ്ട്സ് കൈകാര്യം ചെയ്യുക, മെഡിസിൻ കൃത്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയൊക്കെയാണ് എൻ്റെ പ്രധാന ചുമതലകൾ.
അമ്മ’യുടെ ഭരണസമിതി രാജീ വച്ച സാഹചര്യത്തിലാണ് എന്നെ താൽക്കാലികമായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തുന്നത്. എന്നാൽ പെട്ടെന്നൊരു കമ്മിറ്റിയിലേക്ക് കടന്നുവരുമ്പോൾ മാനസികമായി ചില തയാറെടുപ്പുകൾ എനിക്ക് ആവശ്യമുണ്ട്. അതിനാലാണ് കമ്മിറ്റിയിൽ ഔദ്യോഗികമായി അംഗമാകുന്നില്ല എന്ന് ഞാൻ അറിയിച്ചത്. ഇതൊരു രാജി എന്നതിലുപരി, കമ്മിറ്റിയിലേക്ക് ഇപ്പോൾ ജോയിൻ ചെയ്യുന്നില്ല എന്നൊരു അറിയിപ്പ് ആണ്. മൂന്ന് മാസത്തെ കാലാവധിയിലേക്ക് രൂപീകരിച്ചിരിക്കുന്ന ഈ കമ്മിറ്റിയെ ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ എല്ലാ തരത്തിലും സഹായിക്കാൻ തയാറാണെന്ന് ഞാൻ അറിയിച്ചിട്ടുണ്ട്.
ഇന്നലെ കമ്മിറ്റിയിലെ അംഗങ്ങൾ ഒന്നടങ്കം രാജിവച്ചതിനെക്കുറിച്ച് എനിക്ക് പറയാൻ ഒന്നേയുള്ളൂ; അവർ അങ്ങനെ മാറിപ്പോകേണ്ടവരായിരുന്നില്ല. ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിവും പ്രാപ്തിയുമുള്ളവരായിരുന്നു അവർ. സംഘടനയെ സഹായിക്കാൻ ഒരു മെമ്പർ എന്ന നിലയിൽ ഞാൻ എപ്പോഴും ഒപ്പമുണ്ടാകും.” ആശാ അരവിന്ദ് കൂട്ടിച്ചേർത്തു.
മുൻ ഭരണസമിതിയുടെ പല പദ്ധതികളിലും ആശ അരവിന്ദ് സജീവ പങ്കാളിയായിരുന്നു. കഴിഞ്ഞ ദിവസം ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചതിന് പിന്നാലെ നടി മല്ലിക സുകുമാരനും സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ആശ അരവിന്ദും രാജിവെച്ചിരിക്കുന്നത്. സംഘടനയിൽ തുടർച്ചയായി ഉണ്ടാകുന്ന രാജികൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വലിയ ചര്‍ച്ചകള്‍ക്കും നടകീയ രംഗങ്ങള്‍ക്കും ഒടുവിലായിരുന്നു ശ്വേത മേനോന് അധ്യക്ഷയായ ഭരണ സമിതി കഴിഞ്ഞ ദിവസം രാജിവച്ചത്. പിന്നാലെ പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ആശയ്ക്കും രമേഷ് പിഷാരടിക്കും പുറമെ, കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സാദിഖ്, ഡോക്ടർ റോനി, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരെയാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തത്.