
ഷെയ്ന്‍ നിഗം പൊലീസ് വേഷത്തിലെത്തിയ ‘ദൃഢം’ എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ തനിക്ക് ഗുരുതരമായി പരിക്കേറ്റെന്ന് വെളിപ്പെടുത്തി നടി സാനിയ ഫാത്തിമ. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഷെയ്ന്‍ നിഗം കഴുത്തില്‍ പിടിച്ചതിനെ തുടര്‍ന്നുണ്ടായ പരിക്കിനെത്തുടര്‍ന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് സാനിയ പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”ലുക്ക് ടെസ്റ്റ് വച്ചപ്പോള്‍ തന്നെ കരാട്ടെയുടെ കാര്യം പറഞ്ഞിരുന്നു. അതിനാല്‍ രണ്ട് മാസത്തോളം ഞാന്‍ രാവിലെ കരാട്ടെ പ്രാക്ടീസ് ചെയ്യുകയും വൈകുന്നേരം ജിമ്മില്‍ പോവുകയും ചെയ്തിരുന്നു. ഫൈറ്റ് സീന്‍ ചെയ്യുന്ന സമയത്ത് മാസ്റ്റര്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍, അവര്‍ പറയുന്നത് ശരിക്കും പഞ്ച് ചെയ്യാനായിരുന്നു. പക്ഷെ ആദ്യത്തെ അനുഭവം ആയിരുന്നതിനാല്‍ എങ്ങനെയാണ് ഒരാളെ ചവിട്ടുക എന്നൊക്കെയുണ്ടായിരുന്നു.
‘സംവിധായകന്‍ സാനിയ ടെന്‍ഷനടിക്കണ്ട, ഷെയ്‌നിന് കുഴപ്പമൊന്നുമില്ല എന്ന് പറയും. പക്ഷെ ഞാന്‍ എപ്പോഴും ചെയ്തിരുന്നത് മെല്ലെ മെല്ലെ ചെയ്യാനായിരുന്നു. പിന്നെ പിന്നെ ഓരോ ദിവസവും ഇംപ്രൂവ് ആയി. ശരിക്കും ഇടിക്കുന്നുണ്ട്. കുറേയൊക്കെ ഓവര്‍ലാപ് ചെയ്ത് പോകുന്നുണ്ടെങ്കിലും കുറേയൊക്കെ നമുക്ക് കിട്ടുകയും ചെയ്യും.” സാനിയ പറഞ്ഞു.
”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ഷെയ്ന്‍ എന്റെ കഴുത്തിന് പിടിക്കുന്ന സീനുണ്ടായിരുന്നു. അത് ശരിക്കും നല്ലോണം പിടിച്ചിരുന്നു. ശരിക്കും അമര്‍ത്തിപ്പിടിച്ചിരുന്നു. കഴുത്തു വേദന കാരണം ആശുപത്രിയിലായിരുന്നു. ഫൈറ്റ് സീനിന് വേണ്ടി കാത്തിരുന്ന്, ഒടുവില്‍ ആശുപത്രിയില്‍ പോയി കിടക്കേണ്ടി വന്നു. അത് ചെയ്യുന്ന സമയത്ത് മാസ്റ്റര്‍ വന്ന് സാനിയ റിയാക്ഷന്‍ ശരിയായി വരുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഷെയ്ന്‍ ഒറ്റൊരു അമര്‍ത്തല്‍. അപ്പോഴാണ് ശരിയായ റിയാക്ഷന്‍ കിട്ടിയത്.” സാനിയ കൂട്ടിച്ചേർത്തു.
കരാട്ടെക്കാരിയായ പൊലീസുകാരിയായി വേഷമിട്ട സാനിയയുടെ മികച്ച പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ പ്രദര്‍ശനം തുടങ്ങിയതോടെ സിനിമയും അതിലെ ആക്ഷന്‍ രംഗങ്ങളും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.