
താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതിയുടെ കൂട്ടരാജി, പ്രസിഡൻ്റായിരുന്ന ശ്വേതാ മേനോനുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നുവെന്ന് മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടനുമായ ജോയ് മാത്യു. ശ്വേതാ മേനോൻ്റെ രാജിക്ക് പിന്നാലെ സംഘടനയിൽ കടുത്ത ഭരണപ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ജോയ് മാത്യുവിൻ്റെ ഈ വിശദീകരണം. അതേസമയം, സംഘടനയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സാമ്പത്തിക തിരിമറി ആരോപണങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ‘അമ്മ’യുടെ ഫണ്ടിൽ നിന്നും ആരും പണം അപഹരിച്ചിട്ടില്ലെന്നും, യോഗത്തിൽ കൃത്യസമയത്ത് സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കാൻ കഴിയാതെ പോയത് ട്രഷറർ ഉണ്ണി ശിവപാൽ പെട്ടെന്ന് മാറിനിന്നതുകൊണ്ട് മാത്രമാണെന്നും ജോയ് മാത്യു വ്യക്തമാക്കി. രേഖാമൂലം പോലും യാതൊരു വിവരവും അറിയിക്കാതെയുള്ള ട്രഷററുടെ ഈ അസാന്നിധ്യമാണ് കണക്കവതരണം മുടങ്ങാനും നിലവിലെ ആശയക്കുഴപ്പങ്ങൾക്കും പ്രധാന കാരണമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“ശ്വേത രാജി വച്ചപ്പോൾ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണസമിതിമുഴുവൻ രാജിവയ്ക്കുകയായിരുന്നു. പ്രസിഡന്റ് രാജി വയ്ക്കുമ്പോൾ വൈസ് വൈസ് പ്രസിഡൻ്റ് ആണ് സ്വാഭാവികമായിട്ടും തലപ്പത്ത് വരേണ്ടത്. അവർ അവിടെ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. തീരുമാനം എന്തായെന്ന് എനിക്കറിയില്ല. ശ്വേത ഇറങ്ങിയപ്പോൾ ഞാനും ഇറങ്ങി. എനിക്ക് അത്യാവശ്യമായി പോകേണ്ട കാര്യമുണ്ട്. ഉണ്ണി ശിവപാലിനെതിരെയുള്ള ആരോപണത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. അദ്ദേഹം ലീവ് ലെറ്റർ പോലും തരാതെ പോവുകയാണ്. പിന്നെ ഒരു കമ്യൂണിക്കേഷൻ ഉണ്ടായിട്ടില്ല. ഇന്നാണ് പിന്നെ അദ്ദേഹത്തെ നമ്മൾ എല്ലാവരും കാണുന്നത്.
ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ നമ്മൾ ലീവ് എടുക്കുകയാണെങ്കിലും രാജി വച്ചു പോവുകയാണെങ്കിലും ഒക്കെ തന്നെ സംഘടനയെ രേഖാമൂലം അറിയിക്കണം എന്നാണ്. അങ്ങനെയൊന്നും ഇല്ലാത്തകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. അതൊരു ആരോപണം ഒന്നുമല്ല, വാസ്തവമാണ്. സംഘടനയെ ഒരു സംഘം കുറ്റാരോപിതർ വീണ്ടും പിടിച്ചടക്കി എന്നാണ് ശ്വേത പറഞ്ഞത് ശ്വേതയുടെ അഭിപ്രായമാണ് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.” ജോയ് മാത്യു പറഞ്ഞു.
“കഴിഞ്ഞ കമ്മറ്റിയിലെ കണക്കുകൾ കൃത്യമായി ഇപ്പോഴും പറയാൻ പറ്റില്ല. അതിനു ഫോറൻസിക് ഓഡിറ്റിങ് വേണമെന്ന് ആവശ്യമുയർന്നതിനെ തുടർന്ന് അത് നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അതിനെപ്പറ്റി പറയാൻ ഇപ്പോൾ പറ്റില്ല. നമ്മുടെ കമ്മറ്റിയിൽ കണക്ക് അവതരിപ്പിക്കാൻ വൈകിയത് ഉണ്ണി ശിവപാൽ ഇല്ലാത്തതുകൊണ്ടാണ്. അതുകൊണ്ട് കൃത്യമായ കണക്ക് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. അല്ലാതെ സംഘടനയിൽ ഉള്ളവർ പൈസ അടിച്ചു മാറ്റിയതൊന്നും അല്ല. കണക്ക് അവതരിപ്പിക്കാൻ സപ്പോർട്ടിങ് ഡോക്യുമെന്ററസ് ഒക്കെ വേണം. ട്രഷറർ ഇല്ലെങ്കിൽ എന്ത് ചെയ്യും? അതാണ് പ്രധാന കുഴപ്പമായി വന്നത്.”ജോയ് മാത്യു കൂട്ടിച്ചേർത്തു.
ഭാരവാഹികൾ കൂട്ടത്തോടെ ഒഴിഞ്ഞ സാഹചര്യത്തിൽ നടൻ രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയാകും ഇനി വരുന്ന നാല് മാസത്തേക്ക് സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നോക്കിനടത്തുക.
ഇന്നലെ യോഗം തുടങ്ങിയപ്പോൾത്തന്നെ ചിലർ ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷികറിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും പാസാക്കാൻ കഴിയില്ലെന്നും അംഗങ്ങളിൽ ചിലർ നിലപാടെടുത്തു. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവരാണ് റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയത്. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കർ ഉൾപ്പെടെയുള്ളവരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി.