“ഇവരൊക്കെ ജീവിച്ചിരിക്കുമ്പോൾ ഞാൻ മരിച്ചാൽ എന്റെ ശവം കാണാൻ പോലും ആരും വരരുത്”; ലക്ഷ്മി പ്രിയ

','

' ); } ?>

കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ തുടങ്ങിയ താരങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ തന്റെ ശവം കാണാൻ പോലും ആരും വരരുതെന്ന് നടി ലക്ഷ്മി പ്രിയ. ‘അമ്മ’യുടെ അംഗത്വത്തിൽ നിന്നും രാജിവച്ച് കൊണ്ട് ‘അമ്മ’യുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രതികണം. താരസംഘടനയായ ‘അമ്മ’യിലെ നാടകീയമായ കൂട്ടരാജിക്ക് പിന്നാലെയായിരുന്നു ലക്ഷ്മിപ്രിയയുടെ രാജി.

“ഞാൻ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിർന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നു. ഒരു അഭ്യർഥനയുണ്ട്, നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നത് എങ്കിൽ എന്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാൻ ജീവിച്ചിരുന്നാൽ എനിക്ക് ലഭിച്ചേക്കാവുന്ന പെൻഷൻ എനിക്ക് വേണ്ട. ഇൻഷുറൻസ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവർ ഈ പടി കടന്ന് വരരുത്. നന്ദി.” രാജിക്കത്തിൽ ലക്ഷ്‌മിപ്രിയ കുറിച്ചു.

നേരത്തെ മുൻ ഭരണസമിതിക്കെതിരെയും ‘അമ്മ’യിലെ ഒരു വിഭാഗത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രംഗത്തു വന്നിരുന്നു. ശ്വേതാ മേനോന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് താനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്ന് ലക്ഷ്‌മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഒരു വിഭാഗം ആളുകൾ പറയുന്നത് മാത്രമാണ് പലരും വിശ്വസിക്കുന്നതെന്നും സംഘടനയിൽ തങ്ങൾ വേട്ടയാടപ്പെടുകയായിരുന്നു എന്നും അവർ ആരോപിച്ചു.

അതേ സമയം ഇന്നലെ നടന്ന ‘അമ്മ ജനറൽ ബോഡി യോഗത്തിൽ ശ്വേതാ മേനോൻ അടക്കമുള്ളവർ നേതൃസ്ഥാനത്തിൽ നിന്നും രാജി വെച്ചിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമടക്കം 17 അംഗ ഭരണസമിതിയിലെ എല്ലാവരും രാജിവെച്ചു. അധികാരമേറ്റ് ഒരുവർഷം പൂർത്തിയാകുന്നതിനു മുൻപാണ് ഭരണസമിതിയുടെ പടിയിറക്കം.

യോഗം തുടങ്ങിയപ്പോൾത്തന്നെ ചിലർ ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷികറിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും പാസാക്കാൻ കഴിയില്ലെന്നും അംഗങ്ങളിൽ ചിലർ നിലപാടെടുത്തു. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവരാണ് റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയത്. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കർ ഉൾപ്പെടെയുള്ളവരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി.

തർക്കം രൂക്ഷമായതോടെ പ്രസിഡൻ്റ് ശ്വേത രാജി പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ഭരണസമിതി മുഴുവൻ രാജിവെക്കുകയായിരുന്നു. പിന്നീട് താത്കാലിക സംവിധാനമെന്നനിലയിൽ രമേഷ് പിഷാരടി എം.എൽ.എ.യുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ഗണേഷ് കുമാർ അടക്കമുള്ളവർ കമ്മിറ്റിയിലുണ്ട്.