
തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന തന്റെ പുതിയ ചിത്രം ‘ബാലൻ ദി ബോയ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തയ്ക്കെതിരെ നടൻ ടൊവിനോ തോമസ് രംഗത്ത്. ചിത്രത്തിന്റെ പ്രസ്മീറ്റിനിടെ താൻ പറഞ്ഞ വാക്കുകൾ തീർത്തും തെറ്റായ രീതിയിൽ വളച്ചൊടിച്ച് നൽകിയ ഓൺലൈൻ മാധ്യമത്തിനാണ് താരം സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ മറുപടി നൽകിയത്.
“ശരീരം ഒന്ന് ലൂസ് ആകണമായിരുന്നു, രണ്ടെണ്ണം അടിച്ച്, കവിളൊക്കെ തുടുത്താണ് ഞാന്‍ ബാലനില്‍ ജോയിന്‍ ചെയ്യുന്നത്” എന്ന രീതിയിലായിരുന്നു ഒരു ഓൺലൈൻ മാധ്യമം വാർത്താ കാർഡ് പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ടൊവിനോ തക്കതായ മറുപടിയുമായി കമന്റ് ബോക്സിലെത്തുകയായിരുന്നു.
“അല്ലയോ മഞ്ഞ പത്രമേ, ഞാന്‍ കണ്ടെണ്ണം അടിച്ച് അല്ല ഈ കഥാപാത്രം ചെയ്തത്. ഇതു റിപ്പോര്‍ട്ട് ചെയ്തവന്‍ രണ്ടെണ്ണം അടിച്ചിട്ടാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് തോന്നുന്നു. ‘heights of misquoting’ നീയൊക്കെ എവിടെ കൊണ്ടാണ് കേള്‍ക്കുന്നത്?” – ടൊവിനോ കുറിച്ചു.
പ്രസ് മീറ്റിൽ ടൊവിനോ തോമസ് പറഞ്ഞത്
ദിവസവും ബിരിയാണി കഴിക്കുന്ന, കള്ളു കുടിക്കുന്ന ഒരാള്‍ ആണ് എന്‍റെ വേഷം. അപ്പോഴാണ് ഈ വയറിന്‍റെ കാര്യമൊക്കെ ചിന്തിച്ചത്. വയറ് പ്രോസ്തെറ്റിക് ആണ്. ഞാൻ ഫുൾ ഫിറ്റായി ഇരുന്നാൽ ആ കഥാപാത്രത്തിന് ഒട്ടും സെറ്റാവുകയില്ല. അതുകൊണ്ട് ഒരാഴ്ച ബ്രേക്ക് എടുത്ത് ഞാന്‍ ദുബായ്ക്ക് പോയി. സുഹൃത്തുക്കള്‍ക്കൊപ്പം ചില്ല് ചെയ്ത് കവിളൊക്കെ തുടുത്തിട്ടാണ് തിരിച്ച് വരുന്നത്. ആ സമയത്ത് വര്‍ക്കൗട്ടുകളും ചെയ്തില്ല. കാരണം ശരീരം ഒന്ന് ലൂസ് ആവണമായിരുന്നു.
ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പ്രേക്ഷകർ വിലയിരുത്തുന്ന വേഷമാണ് ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തിലേത്. ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരം സംവിധാനം നിർവഹിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ജീത്തു മാധവനാണ്. റിലീസിന് മുൻപ് തന്നെ വലിയ ഹൈപ്പ് ഉണ്ടായിരുന്ന ഈ ചിത്രം കഥപറച്ചിലിലും മേക്കിങ്ങിലും മികച്ച നിലവാരം പുലർത്തുന്ന ഒരു ഇമോഷണൽ മിസ്റ്ററി ഡ്രാമയാണെന്നാണ് തീയറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ചിത്രത്തിന് വലിയ പ്രേക്ഷകപിന്തുണ ലഭിക്കുന്നതിനിടയിലാണ് താരത്തിന്റെ പ്രതികരണവും ഇപ്പോൾ ചർച്ചയാകുന്നത്.