“ഏതു നേരവും പൃഥ്വിരാജിന്റെ കാര്യവും, സുകുമാരനെ മാറ്റിനിർത്തി യതും പറഞ്ഞ് പരിഭവം”; മല്ലിക സുകുമാരന് വിമർശനം

','

' ); } ?>

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളിൽ താരങ്ങൾക്കും ഭാരവാഹികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. സംഘടനയിലെ വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കാതെ ഒളിച്ചുകളിക്കുന്നവരെയാണ് ശാന്തിവിള ദിനേശ് പ്രധാനമായും ലക്ഷ്യം വെച്ചത്.

സംഘടനയ്ക്കുള്ളിൽ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുമെന്ന് കരുതിയ ജോയ് മാത്യു പോലും ഇപ്പോൾ അഴകൊഴമ്പൻ സമീപനമാണ് കാണിക്കുന്നതെന്ന് ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. രാഷ്ട്രീയ സ്വാധീനത്തിലൂടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ലക്ഷ്യമിടുന്നതിനാലാണ് ആരെയും പിണക്കാതിരിക്കാൻ അദ്ദേഹം ശ്രമിക്കുന്നതെന്നും, ‘പക്വതയില്ലാത്തവരാണ് അമ്മ ഭരിക്കുന്നത്’ എന്ന ഒറ്റ പരാമർശത്തിൽ ജോയ് മാത്യു ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം പറഞ്ഞു. ആ പക്വതയില്ലാത്തവരിൽ ജോയ് മാത്യുവും ഉൾപ്പെടില്ലേ എന്നും ദിനേശ് ചോദ്യമുയർത്തി. കൂടാതെ, മുതിർന്ന നടി എന്ന നിലയിൽ നിഷ്പക്ഷത പുലർത്തേണ്ട മല്ലിക സുകുമാരൻ, പൃഥ്വിരാജിനെതിരെയുണ്ടായ പഴയ നടപടികളും സുകുമാരനെ മാറ്റിനിർത്തിയതുമൊക്കെ പറഞ്ഞ് ഇപ്പോഴും ചിലരെ ലക്ഷ്യം വെച്ച് എതിർപക്ഷത്ത് നിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, അമ്മ സംഘടനയ്ക്കുള്ളിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസനെ പൂർണ്ണമായി തള്ളിപ്പറഞ്ഞാണ് മല്ലിക സുകുമാരൻ സംസാരിച്ചത്. തന്നെ ‘ലൂസ് ടോക്കർ’ എന്ന് വിളിച്ച കുക്കു പരമേശ്വരനെയും അവർ വിമർശിച്ചു. അൻസിബ മറ്റാരുടെയോ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നതെന്നും, ടിനി ടോം മോശമായി പെരുമാറി എന്ന തരത്തിലുള്ള കാര്യങ്ങൾ അൻസിബ നേരിട്ടറിഞ്ഞതല്ലെന്നും നീന കുറുപ്പ് വഴി കേട്ടതാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. കുടപ്പനക്കുന്ന് രാജീവിന്റെ മെസ്സേജ് അൻസിബയ്ക്ക് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ച അവർ, മതപരമായ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ അൻസിബ എന്തിനാണ് പറഞ്ഞതെന്നും ആശ്ചര്യപ്പെട്ടു. ടിനി ടോം ജിഹാദി എന്ന് വിളിക്കുന്നത് ആരും കേട്ടിട്ടില്ലെന്നും, അൻസിബയുടെ ‘ദൃശ്യം’ സിനിമ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള പ്രേക്ഷകരാണ് വിജയിപ്പിച്ചതെന്നും മല്ലിക സുകുമാരൻ ഓർമ്മിപ്പിച്ചു. വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞ് ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിനിടെ, നടൻ ടിനി ടോമിനെതിരെയുള്ള അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. കേട്ടുകേൾവികൾ മാത്രം അടിസ്ഥാനമാക്കി കേസെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കടവന്ത്ര പൊലീസ്, ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ തന്നെ സെൻട്രൽ എസ്പിക്ക് കൈമാറും. തന്റെ പരാതിയുമായി ബന്ധപ്പെട്ട് അൻസിബ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.