
മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന്, പിന്നീട് തമിഴ് ഉൾപ്പെടെയുള്ള ഇതരഭാഷാ ചിത്രങ്ങളിൽ വരെ തന്റേതായ മുദ്രപതിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. അടുത്തിടെ നടന്ന ആനന്ദ് ടിവിയുടെ ഫിലിം അവാർഡ് വേദിയിൽ താരം മമ്മൂട്ടിയെക്കുറിച്ച് പങ്കുവെച്ച രസകരമായ ഒരു അനുഭവവും പരസ്യമായി അവസരം ചോദിച്ചതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാലോകത്തും വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്.
താനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ട് കുറച്ചുകാലമായെന്നും, അതിനാൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ ഒരു വേഷം വേണമെന്നുമാണ് സുരാജ് പരസ്യമായി ആവശ്യപ്പെട്ടത്. ഒരു കഥാപാത്രത്തിനായി താൻ മമ്മൂട്ടിയെ സമീപിച്ചപ്പോൾ ഉണ്ടായ നർമ്മം നിറഞ്ഞ ഒരു ഫോൺ സംഭാഷണവും സുരാജ് വേദിയിൽ വെളിപ്പെടുത്തി.
“അടുത്തിടെ അദ്ദേഹം എന്നെ വിളിച്ച് ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി. മമ്മൂക്കയും ഞാനും കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന വേഷം തന്നെ വേണമെന്ന് ഞാൻ ആവേശത്തോടെ പറഞ്ഞു. എന്നാൽ ‘കട്ടയ്ക്ക് നിൽക്കാൻ നീയാരാ മോഹൻലാലോ?’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. തമാശയായി അദ്ദേഹം പറഞ്ഞത് ഒരു വേഷമുണ്ട്, വേണമെങ്കിൽ വന്ന് ചെയ്യാനാണ്. മാത്രവുമല്ല, എന്റെ പടമാണെന്ന് കരുതി വലിയ പ്രതിഫലമൊന്നും പ്രതീക്ഷിക്കരുത്, ഒരു ചെറിയ കമ്പനിയാണ് സിനിമ നിർമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”
ആ ചെറിയ കമ്പനി ഏതാണെന്ന് അന്വേഷിച്ചപ്പോഴാണ് അത് ‘മമ്മൂട്ടി കമ്പനി’ ആണെന്ന് മമ്മൂക്ക പറഞ്ഞതെന്ന് സുരാജ് വ്യക്തമാക്കി. ഇതോടൊപ്പം മമ്മൂട്ടി കമ്പനിയെക്കുറിച്ചുള്ള തന്റെ നിരീക്ഷണവും താരം പങ്കുവെച്ചു. മമ്മൂട്ടി കമ്പനി ഒരു ചെറിയ സ്ഥാപനമല്ലെന്നും, അത് ഈസ്റ്റ് ഇന്ത്യ കമ്പനിയേക്കാൾ വലിയ രീതിയിൽ വളർന്നു കൊണ്ടിരിക്കുകയാണെന്നുമാണ് സുരാജ് വിശേഷിപ്പിച്ചത്.
താൻ ഇപ്പോഴും അവസരത്തിനായി കാത്തിരിക്കുകയാണെന്നും, എത്ര ചെറിയ വേഷമാണെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ താൻ തയ്യാറാണെന്നും വേദിയിൽ വെച്ച് സുരാജ് വെഞ്ഞാറമൂട് തുറന്നുപറഞ്ഞു. ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമാക്കുന്ന സുരാജിന്റെ ഈ തുറന്നുപറച്ചിൽ ആരാധകർക്കിടയിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.