“കൃതിയോടും കീർത്തിയോടും മോശമായി പെരുമാറി, നിഹാരികയും ഇരയായിട്ടുണ്ട്”; സംവിധായകന് വിമർശനം

','

' ); } ?>

നടിമാരായ കീർത്തി സുരേഷിനോടും കൃതി ഷെട്ടിയോടും മോശമായി പെരുമാറി എന്നാരോപിച്ച് പ്രമുഖ തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിന് വിമർശനം. സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ ചടങ്ങിനിടെ ഇരുവരോടും മോശമായി പെരുമാറിയെന്നാണ് ആരോപണം.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ, നടി കീർത്തി സുരേഷിൻ്റെ കയ്യിൽ രാഘവേന്ദ്ര റാവു ബലമായി പിടിച്ചു മുന്നോട്ട് വലിക്കുന്നത് കാണാം. തുടർന്ന് തൊട്ടടുത്തുനിന്ന കൃതി ഷെട്ടിയുടെ കൈയിലും ഇദ്ദേഹം പിടിച്ചുവലിച്ച് മാറ്റുന്നുണ്ട്. ഇതോടൊപ്പം ചിത്രത്തിലെ നായകന്മാരായ വെങ്കിടേഷിനോടും കല്യാൺ റാമിനോടും നായികമാരുടെ തോളിൽ കൈവെച്ച് നിൽക്കാൻ സംവിധായകൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ സംവിധായകനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പൊതുവേദിയിൽ വെച്ച് സ്ത്രീകളുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കാൻ ഇയാൾക്ക് ആരാണ് അധികാരം നൽകിയതെന്നാണ് പലരും ചോദിക്കുന്നത്. കാര്യങ്ങൾ വാക്കുകളിലൂടെ പറഞ്ഞു മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും, മുൻകാല സംവിധായകനാണെന്ന് കരുതി ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും നെറ്റിസൺസ് കുറിച്ചു.

മുൻപ് നടി നിഹാരിക കൊനിഡേലയോടും രാഘവേന്ദ്ര റാവു സമാനമായ രീതിയിൽ പെരുമാറിയ സംഭവം ചൂണ്ടിക്കാണിച്ചാണ് പലരും വിമർശനം കടുപ്പിക്കുന്നത്. കൂടാതെ മുൻകാലങ്ങളിൽ തൻ്റെ സിനിമകളിലെ പാട്ടുകളിൽ നായികമാരുടെ വയറ്റിലേക്ക് പഴങ്ങളും പൂക്കളും എറിഞ്ഞ് അവരെ ഒബ്ജെക്ടിഫൈ ചെയ്യുന്ന ഇദ്ദേഹത്തിന്റെ ശൈലിയും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിട്ടുണ്ട്.

അതേസമയം, രാഘവേന്ദ്ര റാവുവിനെ പിന്തുണച്ചും ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളായുള്ള അദ്ദേഹത്തിൻ്റെ മേക്കിങ് ശൈലി ഇതാണെന്നും, ക്യാമറ ഫ്രെയിം കൃത്യമാക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം അഭിനേതാക്കളെ മാറ്റിനിർത്തിയതെന്നും ഇവർ വാദിക്കുന്നു. വെറുമൊരു വിഡിയോ ക്ലിപ്പ് മാത്രം കണ്ട് ഇതിനെ വിവാദമാക്കേണ്ടതില്ലെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം. വിവാദങ്ങളോട് കീർത്തി സുരേഷോ കൃതി ഷെട്ടിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വെങ്കിടേഷ്, നന്ദമൂരി കല്യാൺ റാം, കീർത്തി സുരേഷ്, കൃതി ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പൂജ ചടങ്ങാണ് വിവാദത്തിന് ആധാരമായത്. ഹൈദരാബാദിൽ വെച്ചുനടന്ന ചടങ്ങിലേക്ക് ആദ്യ ക്ളാപ്പ് അടിക്കുന്നതിനായി വിശിഷ്‌ടാതിഥിയായാണ് മുതിർന്ന സംവിധായകൻ രാഘവേന്ദ്ര റാവുവിനെ ക്ഷണിച്ചത്. ക്ളാപ്പ് ബോർഡ് ഷോട്ടിനായി അഭിനേതാക്കളെ ക്യാമറയ്ക്ക് മുന്നിൽ നിർത്തുന്നതിനിടയിലാണ് സംഭവം.