
സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന ചലച്ചിത്ര പ്രവർത്തകരുടെ ദീർഘകാലത്തെ ആവശ്യത്തിന് ഒടുവിൽ അംഗീകാരം നൽകിയ സംസ്ഥാന ബജറ്റിനെ പ്രശംസിച്ച് നിർമാതാവ് ആന്റോ ജോസഫ്. ചരിത്രത്തിലാദ്യമായാണ് സിനിമാ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ഇത്രയും മികച്ച പദ്ധതികൾ ഒരു ബജറ്റിൽ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലങ്ങളായി സിനിമാലോകം ഉന്നയിക്കുന്ന ഈ ആവശ്യത്തോട് ഇതുവരെ ആരും അനുകൂലമായി പ്രതികരിച്ചിരുന്നില്ലെന്നും, ഇപ്പോഴത്തെ ഈ സുപ്രധാന തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
“ചരിത്രത്തിലാദ്യമായി സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി ഡി സതീശനും സിനിമാമന്ത്രി പി സി വിഷ്ണുനാഥിനും നന്ദിയോടെ അഭിവാദ്യങ്ങൾ. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാ പ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നു. പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ല. പക്ഷേ പുതുയുഗ കേരളം ലക്ഷ്യമിടുന്ന വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആദ്യ ബഡ്ജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു.
വ്യവസായ പദവി കിട്ടുന്നതോടെ സിനിമയുടെ സമസ്ത മേഖലകളിലും വളർച്ചയ്ക്കുള്ള കളമൊരുങ്ങും. നഷ്ടക്കണക്കുകളിൽ ഉഴലുന്ന ചലച്ചിത്രരംഗത്തിന് ജീവശ്വാസം കിട്ടും.
ഈ ചുവടുവയ്പ് കാലത്തിന്റെ ആവശ്യം കൂടിയായിരുന്നു. ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാര കാര്യമല്ല. അതുപോലെ തന്നെ മലയാള സിനിമയുടെ പിതാമഹൻ ശ്രീ ജെ സി ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റിക്കായി 100 കോടി വകയിരുത്തിയ തീരുമാനവും സിനിമാ മേഖലയോട് ഈ സർക്കാരിനുള്ള കരുതലിന്റെ മറ്റൊരു അടയാളമാണ്.
നമ്മുടെ സിനിമകളൊരുക്കാൻ മറ്റ് നാടുകൾ തേടിപ്പോകേണ്ട അവസ്ഥ ഇതോടെ അവസാനിക്കും. ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയും, ദേശീയ അന്തർദേശീയ സിനിമാ നിർമാണത്തെ ആകർഷിക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുമെന്ന പ്രഖ്യാപനവും ആന്റി പൈറസി സെൽ രൂപീകരിക്കുമെന്ന വാഗ്ദാനവും സിനിമാ പ്രവർത്തകർക്ക് നല്കുന്ന ആത്മവിശ്വാസവും ആർജവവും ചെറുതല്ല. സിനിമയെ കൈവെള്ളയിലെന്നോണം കാത്ത സർക്കാരിന് ഒരിക്കൽ കൂടി കടപ്പാട്, സ്നേഹം.” ആന്റോ ജോസഫ് കുറിച്ചു.
“ഈ ചുവടുവയ്പ് കാലത്തിന്റെ ആവശ്യമായിരുന്നുവെന്നും ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാര കാര്യമല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. നടൻ ടൊവിനോ തോമസും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. “സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനും നന്ദി അറിയിക്കുന്നു.
സിനിമാ പ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂർവം പരിഗണിച്ചത് ഈ മേഖലയിൽ പണിയെടുക്കുന്ന അനേകായിരം പേർക്കുള്ള അംഗീകാരമായി കാണുന്നു. ജെ സി ഡാനിയേൽ ഫിലിംസിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാ ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു. ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ”. ടൊവിനോ കുറിച്ചു