
നടിയും അണ്ണാ ഡി.എം.കെ. മുൻ നേതാവുമായ ഗൗതമി നൽകിയ സ്വത്തുതട്ടിപ്പു പരാതിയിൽ നിർണായക നീക്കവുമായി എൻഫോഴ്സസ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.). കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെയും കള്ളപ്പണ ഇടപാടുകളെയും കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയിലെയും മധുരയിലെയും വിവിധ കേന്ദ്രങ്ങളിൽ ഇ.ഡി. ബുധനാഴ്ച ഒരേസമയം റെയ്ഡ് നടത്തി.
റിയൽ എസ്റ്റേറ്റ് വ്യവസായിയായ അളഗപ്പനും കുടുംബവും ചേർന്ന് തന്റെ സ്വത്തുക്കൾ തട്ടിയെടുത്തെന്നും ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാരോപിച്ച് 2023-ലാണ് ഗൗതമി ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അളഗപ്പനും ഭാര്യയും ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര ഏജൻസിയും കേസിൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്.
2004-ൽ താൻ അർബുദബാധിതയായി ചികിത്സയിലായിരുന്ന സമയത്ത്, ശ്രീപെരുംപുദൂരിലുള്ള തന്റെ ഭൂമി വിൽക്കാൻ ഏൽപ്പിച്ചപ്പോൾ വ്യാജരേഖകളുണ്ടാക്കി ഇവർ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കൈയടക്കുകയായിരുന്നുവെന്ന് ഗൗതമി പരാതിയിൽ വ്യക്തമാക്കിയിരുന്നു. അണ്ണാ ഡി.എം.കെ. പ്രചാരണവിഭാഗം മുൻ ഡെപ്യൂട്ടി സെക്രട്ടറി കൂടിയായ നടി, തന്റെ അധ്വാനശീലം മുഴുവൻ തട്ടിയെടുത്തതിനാൽ സ്വന്തം സ്ഥാവരസ്വത്തുക്കൾ പോലും കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമപോരാട്ടത്തിന് ഇറങ്ങിയത്.