വെള്ളിത്തിരയിലെ പ്രണയമാന്ത്രികൻ; തമിഴകത്തിന് മണിരത്നം സമ്മാനിച്ച അരവിന്ദ് സ്വാമി

','

' ); } ?>

മിഴകത്ത് രജനികാന്തും, കമൽഹാസനും പകരക്കാരില്ലാത്ത വിധം ഒരു തലമുറയുടെ പ്രണയ സങ്കൽപ്പങ്ങൾക്ക് മാറ്റുരക്കുന്ന കാലഘട്ടം. കേവലം 21 വയസ്സ് മാത്രം പ്രായമുള്ള വെളുത്ത് മെലിഞ് സുമുഖനായൊരു ചെറുപ്പക്കാരൻ ഇതിഹാസ സംവിധായകൻ മണിരത്നത്തിന്റെ കൈപിടിച്ച് വെള്ളിത്തിരയിലേക്ക് നടന്നു കയറുന്നു. പിന്നീട് നടന്നത് ചരിത്രം, അരവിന്ദ് സ്വാമിയെന്ന ചെറുപ്പക്കാരൻ ഭാഷാഭേദമന്യേ ഇന്ത്യൻ സിനിമയിലെ പ്രണയസങ്കൽപ്പങ്ങൾക്ക് പുതിയ മുഖം നൽകി.വർഷങ്ങൾ എത്ര കഴിഞ്ഞാലും ‘ദളപതി’യും ‘റോജ’യും ‘ബോംബെ’യുമൊക്കെ അരവിന്ദ് സ്വാമി എന്ന ഒറ്റപ്പേരിലേക്ക് ചുരുങ്ങിപ്പോകുന്ന തരത്തിൽ, പ്രേക്ഷകമനസ്സുകളിൽ അദ്ദേഹം ഒരു മാന്ത്രികത തീർത്തു. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴുള്ള അപകടവും, തളർച്ചയും പിന്നീടൊരു ഫീനിക്സ് പക്ഷിയെപോലുള്ള അരവിന്ദിന്റെ ഉയർച്ചയ്‌ക്കൊക്കെ പുത്തൻ തലമുറയും സാക്ഷിയാണ്. ദി വർ ഗ്രീൻ പ്രണയ നായകന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

ചെന്നൈയിൽ ജനിച്ചു വളർന്ന അരവിന്ദ് സ്വാമിക്ക് സിനിമ ഒരിക്കലും ഒരു ലക്ഷ്യമേ ആയിരുന്നില്ല. ഡോക്ടറാകണമെന്ന ആഗ്രഹവുമായി നടന്ന അദ്ദേഹം പിന്നീട് ബിസിനസ്സ് പഠനത്തിലേക്കും സ്വന്തം സംരംഭങ്ങളിലേക്കും തിരിഞ്ഞു. പരസ്യചിത്രങ്ങളിൽ മോഡലായി തിളങ്ങിനിൽക്കുന്ന സമയത്താണ് മണിരത്നം എന്ന ദീർഘദർശിയായ സംവിധായകൻ ആ മുഖത്തെ കാന്തികത തിരിച്ചറിയുന്നത്. അത് ഇന്ത്യൻ സിനിമയുടെ തന്നെ ഭാഗ്യമായി മാറി. 1991-ൽ പുറത്തിറങ്ങിയ ‘ദളപതി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മമ്മൂട്ടിക്കും രജനീകാന്തിനുമൊപ്പം ഒരു പ്രധാന വേഷത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, ഈ ഇരുപത്തൊന്നുകാരൻ വരാനിരിക്കുന്ന ഒരു വലിയ തരംഗത്തിന്റെ തുടക്കമാണെന്ന് ആരും വിചാരിച്ചുകാണില്ല. ദളപതിയിലെ കളക്ടർ അർജുൻ എന്ന കഥാപാത്രം ശാന്തതയും ദൃഢതയും ഒരേസമയം പ്രകടിപ്പിക്കേണ്ട ഒന്നായിരുന്നു. മുതിർന്ന നടന്മാർക്കിടയിലും തന്റെ സാന്നിധ്യം ശക്തമായി അടയാളപ്പെടുത്താൻ അരവിന്ദ് സ്വാമിക്ക് അന്ന് സാധിച്ചു.

എന്നാൽ തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘റോജ’ എന്ന ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തെയും തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തെയും പൂർണ്ണമായി മാറ്റിമറിച്ചു. ഋഷി കുമാർ എന്ന കശ്മീരിൽ തീവ്രവാദികളുടെ പിടിയിലാകുന്ന ആർമി ഉദ്യോഗസ്ഥനായി അരവിന്ദ് സ്വാമി സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ, അത് ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ ഹൃദയമിടിപ്പായി മാറി. എ.ആർ. റഹ്മാന്റെ മാന്ത്രിക സംഗീതവും മണിരത്നത്തിന്റെ അതുല്യമായ ദൃശ്യഭംഗിയും അരവിന്ദ് സ്വാമിയുടെ ശാന്തവും എന്നാൽ തീക്ഷ്ണവുമായ അഭിനയവും ചേർന്നപ്പോൾ ‘റോജ’ ഒരു പാൻ-ഇന്ത്യൻ ക്ലാസിക് ആയി മാറി. രാജ്യസ്നേഹവും പ്രണയവും ഒരേ അളവിൽ ചേർത്തുവെച്ച ആ കഥാപാത്രം അദ്ദേഹത്തിന് രാജ്യമെമ്പാടും വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു.

തുടർന്ന് വന്ന ‘ബോംബെ’ അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയവും മാനവികതയും പറഞ്ഞ ആ ചിത്രത്തിലെ ശേഖർ എന്ന പത്രപ്രവർത്തകന്റെ വേഷം അരവിന്ദ് സ്വാമിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. പ്രണയരംഗങ്ങളിലെ അദ്ദേഹത്തിന്റെ തന്മയത്വവും, കലാപഭൂമിയിൽ സ്വന്തം കുട്ടികളെ തിരയുന്ന അച്ഛന്റെ വികാരനിർഭരമായ രംഗങ്ങളിലെ മിതത്വവും പ്രേക്ഷകരെ കണ്ണീരണിയിച്ചു. ‘മിൻസാര കനവ്’ പോലുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ ചോക്ലേറ്റ് ഹീറോ ഇമേജ് കാത്തുസൂക്ഷിക്കുകയും യുവാക്കളുടെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു. കട്ട താടിയും ചുരുണ്ട മുടിയും വശ്യമായ ചിരിയുമുള്ള അരവിന്ദ് സ്വാമി ലുക്ക് അക്കാലത്ത് ഒരു തരംഗമായിരുന്നു.

തമിഴ് സിനിമയിൽ വിജയങ്ങൾ കൊയ്യുമ്പോഴും മലയാള സിനിമയ്ക്കും അരവിന്ദ് സ്വാമിയോട് പ്രത്യേകമൊരു ആത്മബന്ധമുണ്ടായിരുന്നു. ഭരതൻ സംവിധാനം ചെയ്ത ‘ദേവരാഗം’ എന്ന ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒന്നാണ്. അന്തരിച്ച നടി ശ്രീദേവിയോടൊപ്പം അരവിന്ദ് സ്വാമി സ്ക്രീനിൽ സൃഷ്ടിച്ച പ്രണയമാന്ത്രികത ഇന്നും മലയാളികളുടെ മനസ്സിനെ കുളിരണിയിക്കുന്നു. ‘ശിശിര കാല മേമിഥുനം‘ എന്ന ഗാനം കേൾക്കുമ്പോൾ ഇന്നും മലയാളി ഓർക്കുന്നത് അരവിന്ദ് സ്വാമിയുടെ ആ പ്രണയാർദ്രമായ മുഖമാണ്. അതിനു മുൻപ് സംഗീത് ശിവൻ സംവിധാനം ചെയ്ത ‘ഡാഡി’ എന്ന ചിത്രത്തിലൂടെയും അദ്ദേഹം മലയാളത്തിൽ സാന്നിധ്യമറിയിച്ചിരുന്നു. മലയാള തനിമയുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം ഈ ചിത്രങ്ങളിലൂടെ തെളിയിച്ചു.

സിനിമയിൽ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് അരവിന്ദ് സ്വാമി അപ്രതീക്ഷിതമായി വെള്ളിത്തിരയിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷനാകുന്നത്. രണ്ടായിരങ്ങളുടെ തുടക്കത്തിൽ അദ്ദേഹം എടുത്ത ആ തീരുമാനം സിനിമാ ലോകത്തെ ഞെട്ടിച്ചു. ബിസിനസ്സ് രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും തന്റെ വ്യക്തിപരമായ ജീവിതത്തിന് സമയം നൽകാനുമായിരുന്നു ആ ഇടവേള. എന്നാൽ തുടർന്നുണ്ടായ വർഷങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടങ്ങളായിരുന്നു. ഒരു ഗുരുതരമായ വാഹനാപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേൽക്കുകയും കാലുകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്ത ആ നാളുകളിൽ, അദ്ദേഹം നേരിട്ട ശാരീരികവും മാനസികവുമായ വെല്ലുവിളികൾ ചെറുതായിരുന്നില്ല. വർഷങ്ങളോളം നീണ്ട ചികിത്സയും കഷ്ടപ്പാടുകളും അദ്ദേഹത്തിന്റെ ശരീരത്തെയും ബാധിച്ചു. വണ്ണം കൂടുകയും ആരോഗ്യപ്രശ്നങ്ങൾ അലട്ടുകയും ചെയ്ത ആ സമയത്ത് സിനിമയിലേക്ക് ഒരു തിരിച്ചുവരവ് അദ്ദേഹം പോലും ചിന്തിച്ചിരുന്നില്ല.

എന്നാൽ യഥാർത്ഥ ജീവിതത്തിലെ പോരാളിയെപ്പോലെ അരവിന്ദ് സ്വാമി ആ പ്രതിസന്ധികളെയെല്ലാം കാറ്റിൽപ്പറത്തി. കഠിനാധ്വാനത്തിലൂടെയും അടങ്ങാത്ത മനക്കരുത്തിലൂടെയും അദ്ദേഹം തന്റെ ആരോഗ്യവും പഴയ ശരീരവടിവും വീണ്ടെടുത്തു. 2012-ൽ തന്റെ ഗുരുവായ മണിരത്നത്തിന്റെ തന്നെ ‘കടൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം വരവ്. എന്നാൽ 2015-ൽ പുറത്തിറങ്ങിയ ‘തനി ഒരുവൻ’ എന്ന ചിത്രമാണ് അരവിന്ദ് സ്വാമി എന്ന നടന്റെ കരിയറിലെ രണ്ടാം ജന്മം എന്ന് വിശേഷിപ്പിക്കാവുന്നത്. സിദ്ധാർത്ഥ് അഭിമന്യു എന്ന സ്റ്റൈലിഷ്, ബുദ്ധിമാനായ വില്ലനായി അദ്ദേഹം സ്ക്രീനിൽ എത്തിയപ്പോൾ നായകനേക്കാൾ കയ്യടിയും ആരാധനയും നേടിയത് ആ വില്ലനായിരുന്നു. ക്രൂരതയെപ്പോലും ഇത്രയധികം ആഢ്യത്വത്തോടെയും ഗാംഭീര്യത്തോടെയും അവതരിപ്പിക്കാൻ മറ്റൊരു നടനും കഴിയില്ലെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു. വില്ലൻ വേഷങ്ങൾക്ക് ഒരു പുതിയ പരിഭാഷ നൽകുകയായിരുന്നു അദ്ദേഹം ആ ചിത്രത്തിലൂടെ.

തുടർന്ന് ‘ബോഗൻ’, ‘ചെക്ക ചിവന്ത വാനം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ ജൈത്രയാത്ര തുടർന്നു. എ.എൽ. വിജയ് സംവിധാനം ചെയ്ത ‘തലൈവി’ എന്ന ചിത്രത്തിൽ തമിഴകത്തിന്റെ പ്രിയ നേതാവ് എം.ജി.ആർ ആയി വേഷമിട്ടപ്പോൾ, ആ രൂപസാദൃശ്യവും സൂക്ഷ്മമായ അഭിനയവും സിനിമാ ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തി. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട്, തന്റെ അമ്പതുകളിലും ആ പഴയ സ്റ്റൈലും വശ്യതയും ഗാംഭീര്യവും നിലനിർത്തുന്ന അരവിന്ദ് സ്വാമി ഇന്നും സിനിമാ പ്രേമികളുടെ പ്രിയങ്കരനായി തുടരുന്നു. ഒരു നായകനായി, വില്ലനായി, മികച്ച ക്യാരക്ടർ ആർട്ടിസ്റ്റായി അദ്ദേഹം തന്റെ അഭിനയ സപര്യ തുടരുകയാണ്. ഒന്നിനും പിന്നാലെ ഓടാതെ, തനിക്ക് അനുയോജ്യമായത് മാത്രം തിരഞ്ഞെടുക്കുന്ന ആ വ്യക്തിത്വം തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വെള്ളിത്തിരയിലെ ഈ അപൂർവ്വ പ്രതിഭയ്ക്ക്, തലമുറകളുടെ പ്രണയനായകന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.