
നടി അൻസിബാ ഹസനെ വർഗീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ ടിനി ടോമിന്റെ മൊഴി രേഖപ്പെടുത്തി കടവന്ത്ര പോലീസ്. തനിക്കെതിരെ ടിനി ടോം വർഗീയ പരാമർശം നടത്തിയെന്നും ‘ജിഹാദി’ എന്ന് വിളിച്ചെന്നുമാണ് അൻസിബയുടെ പരാതി. ചിലരെ മതം മാറ്റാൻ അൻസിബ ശ്രമിച്ചതായി ടിനി ആരോപിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പോലീസിന് മൊഴി നൽകി. വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്റ്റേജ് ഷോയ്ക്കിടെ താനും നടി നീനാ കുറുപ്പും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് അൻസിബ ഇങ്ങനെയൊരു പരാതിയുമായി രംഗത്തെത്തിയതെന്നും ടിനി പോലീസിനോട് വിശദീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ടിനി ടോം ഇത്തരത്തിൽ വർഗീയ അധിക്ഷേപം നടത്തിയതോ, അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ചതോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ശ്വേത കടവന്ത്ര പോലീസിനെ അറിയിച്ചത്. നടി നീനാ കുറുപ്പ്, ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ എന്നിവരുടെ മൊഴികളും പോലീസ് ഇതിനോടകം എടുത്തിട്ടുണ്ട്. പരാതിക്കാരിയായ അൻസിബയുടെ മൊഴിയാണ് പോലീസ് ഈ കേസിൽ ആദ്യം രേഖപ്പെടുത്തിയത്.
മുമ്പ്, നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിതാ എസ്.ഐക്കുമെതിരെയും അൻസിബ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു ആക്ഷേപം. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് അന്ന് സമർപ്പിച്ചത്.