
സലിം കുമാറിന്റെ വിയോഗത്തെ തുടർന്ന് അന്ത്യോപചാരമർപ്പിക്കാനെത്തിയ നടൻ ദിലീപിന്റെ നടപടികളെയും അദ്ദേഹം അവിടെവെച്ച് കൂടിക്കാഴ്ച നടത്തിയ വ്യക്തിയെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപിനെ എപ്പോഴും പിന്തുണച്ചിട്ടുള്ള ശാന്തിവിള ദിനേശ്, ഇത്തവണ ഒരു ‘നോട്ടോറിയസ് ക്രിമിനലുമായി’ ജനക്കൂട്ടത്തിന് മുന്നിൽ ദിലീപ് പൊതുവേദി പങ്കിട്ടതിനെയാണ് ശക്തമായ ഭാഷയിൽ അപലപിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ഡിസംബർ എട്ടിന് കോടതി കുറ്റവിമുക്തനാക്കിയിട്ടും വലിയൊരു വിഭാഗം ജനങ്ങൾ ദിലീപിനെ പൂർണമായി അംഗീകരിക്കാത്ത ഘട്ടത്തിൽ ഇത്തരം സൗഹൃദങ്ങൾ ദിലീപിന് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആസൂത്രിതമായ ഒരു കെണിയിൽ നിന്നും കഠിനാധ്വാനം കൊണ്ട് രക്ഷപ്പെട്ട ദിലീപ്, ഇത്തരം സാഹചര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സിനിമയിലെ പ്രമുഖർ ആര് മരിച്ചാലും അവിടെയെല്ലാം ഓടിയെത്തുന്ന ദിലീപ്, സലിം കുമാർ അന്തരിച്ച വിവരമറിഞ്ഞ് ഉടൻ തന്നെ അമൃത ആശുപത്രിയിൽ എത്തിയിരുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ദിലീപ് സലിം കുമാറിനെ സന്ദർശിച്ചിരുന്നതായി ശാന്തിവിള ദിനേശ് പറയുന്നു. മുൻപ് ദിലീപ് കേസിൽ പ്രതിയായപ്പോൾ അദ്ദേഹത്തെ പരസ്യമായി പിന്തുണച്ച വ്യക്തിയായിരുന്നു സലിം കുമാർ. യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ ദിലീപിന് വേണ്ടി സംസാരിക്കുന്നതിൽ സലിം കുമാർ തന്നെ പ്രശംസിച്ചിരുന്ന കാര്യവും ശാന്തിവിള ദിനേശ് അനുസ്മരിച്ചു.
എന്നാൽ, പറവൂർ ടൗൺ ഹാളിൽ വെച്ചുണ്ടായ സംഭവങ്ങളാണ് ശാന്തിവിള ദിനേശിനെ ചൊടിപ്പിച്ചത്. അവിടെവെച്ച് ഒരു പ്രമുഖ വ്യക്തി ദിലീപിനടുത്ത് വന്ന് കുശലാന്വേഷണം നടത്തുകയും, അവിടെ നിന്നും മാറിനിൽക്കാതെ ദിലീപ് അയാളോട് സംസാരിക്കുകയും ചെയ്തു. തുടർന്ന് മഴ പെയ്തപ്പോൾ ഭരണം മാറിയതിന്റെ സ്വാധീനത്തിലാകാം, ഒരു പൊലീസുകാരൻ ഇവർക്ക് രണ്ടുപേർക്കും കുടപിടിച്ചു കൊടുക്കുകയും ഒടുവിൽ ദിലീപ് ഈ വ്യക്തിയുടെ കാറിൽ ഒപ്പം പോവുകയും ചെയ്തു.
ആ വ്യക്തിയെ പരോക്ഷമായി ‘ഗാന്ധിയനായ ഹിംസാവാദി’ എന്ന് വിശേഷിപ്പിച്ച ശാന്തിവിള ദിനേശ്, പെൺകുട്ടികളെ പ്രണയിച്ച് ഗർഭിണിയാക്കുകയും പിന്നീട് നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കുകയും ചെയ്യുന്ന ക്രൂരമായ പശ്ചാത്തലമുള്ളയാളാണ് ഇദ്ദേഹമെന്ന് ആരോപിച്ചു. രണ്ട് പെൺകുട്ടികളുടെ പിതാവായ ദിലീപ്, ഇത്തരമൊരു വ്യക്തിക്കൊപ്പം ജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത് വലിയ അപഹാസ്യതയ്ക്ക് കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “പുണ്ണില്ലാതെ തന്നെ ചൊറിയുന്ന ഒരാൾ പിത്തം പിടിച്ചവനെ കെട്ടിപ്പിടിക്കണമായിരുന്നോ” എന്നാണ് ശാന്തിവിള ദിനേശ് ചോദ്യമുയർത്തുന്നത്. ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾക്ക് താഴെ പൊതുജനങ്ങൾ എഴുതിവിട്ട വിമർശനങ്ങൾ വായിച്ചുനോക്കുന്നത് ദിലീപിന് നല്ലതാണെന്നും, ഇതൊക്കെ പറയാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.