
തന്റെ സ്വന്തം മ്യൂസിക് ലേബലായ ആൽബുകെർക്കി റെക്കോർഡ്‌സിലൂടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ പുറത്തിറക്കിയ ‘അരവിന്ദ്’ (Aravindh) എന്ന പുതിയ ഇൻഡിപെൻഡന്റ് സിംഗിൾ വിവാദത്തിൽ. പ്രായപൂർത്തിയാകാത്ത സഹായിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ അറസ്റ്റിലാവുകയും നിലവിൽ ജാമ്യത്തിലിറങ്ങുകയും ചെയ്ത നൃത്തസംവിധായകൻ ജാനി മാസ്റ്ററെ ഈ ഗാനത്തിൽ സഹകരിപ്പിച്ചതാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സാധാരണ സിനിമകളിൽ അണിയറപ്രവർത്തകരെ തീരുമാനിക്കുന്നത് നിർമാണ കമ്പനികളാണെങ്കിൽ, ‘അരവിന്ദ്’ അനിരുദ്ധിന്റെ സ്വന്തം ലേബലിൽ പുറത്തിറങ്ങിയ ഗാനമായതുകൊണ്ട് തന്നെ ജാനി മാസ്റ്ററെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
ശനിയാഴ്ച ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങിയതു മുതൽ നിരവധി പേരാണ് അനിരുദ്ധിന്റെ തീരുമാനത്തിലെ ധാർമികതയെ ചോദ്യം ചെയ്‌തുകൊണ്ട് രംഗത്തെത്തിയത്. ഞായറാഴ്ച ഗാനം യൂട്യൂബിൽ റിലീസ് ചെയ്തെങ്കിലും, സംഗീതത്തേക്കാൾ ഉപരിയായി ഇതിലെ നൃത്തസംവിധായകനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായിരിക്കുന്നത്. എന്നാൽ നിലവിലെ ഈ കടുത്ത വിവാദങ്ങളോട് അനിരുദ്ധ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്തിരിക്കുന്ന ഈ പോപ്പ് ഗാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2023-ലെ ഹിറ്റ് ചിത്രമായ ‘ജയിലറിലെ’ തരംഗമായി മാറിയ ‘ഹുക്കും’ എന്ന പാട്ടിന് ശേഷം അനിരുദ്ധും ഗാനരചയിതാവ് സൂപ്പർ സുബ്ബുവും വീണ്ടും ഒന്നിക്കുന്ന പ്രോജക്റ്റാണിത്. കൂടാതെ, യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന് ശേഷം അനിരുദ്ധിന്റെ ലേബലിൽ നിന്ന് പുറത്തുവരുന്ന ആദ്യ ഗാനം കൂടിയാണ് ‘അരവിന്ദ്’. എങ്കിലും പാട്ടിന്റെ ഈണത്തെക്കാൾ അനിരുദ്ധ് എടുത്ത തെറ്റായ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നത്.