ജനങ്ങളെ തെരുവ് നായകളോട് ഉപമിച്ച് രാഘവ ലോറൻസ്; രൂക്ഷ ഭാഷയിൽ വിമർശിച്ച് ചേരൻ

','

' ); } ?>

ടി.വി.കെ സർക്കാരിനെ പിന്തുണച്ച് സംസാരിക്കുന്നതിനിടെ ജനങ്ങളെ തെരുവ് നായകളോട് ഉപമിച്ചെന്ന ആരോപണത്തിൽ നടനും സംവിധായകനുമായ രാഘവ ലോറൻസ് വിവാദത്തിൽ. തൃച്ചി ഈസ്‌റ്റ് മണ്ഡലത്തിലെ നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിക്കുമെന്ന വാർത്തകൾ ശക്തമായി നിലനിൽക്കെയാണ് ഈ പുതിയ രാഷ്ട്രീയ വിവാദം പുകയുന്നത്. സിനിമാരംഗത്തെ പ്രമുഖരും വോട്ടർമാരും ലോറൻസിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ശേഷം നടനും ടി.വി.കെ നേതാവുമായ മുഖ്യമന്ത്രി വിജയ് പിന്നീട് സീറ്റ് രാജിവെച്ചതിനെ തുടർന്നാണ് തൃച്ചി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. വിജയ്‌യുടെ അടുത്ത സുഹൃത്തും സിനിമയ്ക്ക് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവവുമായ ലോറൻസ് നടത്തിയ പരാമർശം ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

അടുത്തിടെ നടന്നൊരു ചടങ്ങിൽ ടിവികെ സർക്കാരിന് ഭരിക്കാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് ലോറൻസ് വിവാദ പരാമർശം നടത്തിയത്. റോഡിലുള്ള തെരുവ് നായകൾ പോലും നമ്മളെ കണ്ടാൽ കുരയ്ക്കുമെന്നും, ചില നായകൾ ബിസ്‌കറ്റ് കഴിക്കാതെ ബിരിയാണിയോ മാംസാഹാരമോ മാത്രമേ കഴിക്കൂ എന്നും ലോറൻസ് പറഞ്ഞിരുന്നു. അതിന് ഇഷ്‌ടമുള്ളതുപോലെയുള്ള ഭക്ഷണം നമ്മൾ കൊടുക്കണമെന്നും, തെരുവ് നായകളുടെ കാര്യം പോലും ഇങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു രാജ്യത്തെത്തന്നെ വിശ്വസിച്ച് ഭരണം ഏൽപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാറ്റം വേണമെന്ന് കരുതി വോട്ട് ചെയ്ത് വിജയിപ്പിച്ച സ്ഥിതിക്ക് അവർക്ക് കുറച്ച് സമയം അനുവദിക്കണമെന്നായിരുന്നു ലോറൻസിൻ്റെ വാക്കുകൾ.

ഈ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ‘ജനങ്ങളും തെരുവ് നായകളും ഒന്നാണോ’ എന്ന് ചോദിച്ച് വോട്ടർമാരും രാഷ്ട്രീയ നിരീക്ഷകരും ലോറൻസിനെതിരെ തിരിഞ്ഞു. പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ലോറൻസ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തി. തൻ്റെ വാക്കുകൾ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്നും തന്റെ ആരാധകർ തനിക്ക് അമ്മയ്ക്ക് തുല്യരാണെന്നും ലോറൻസ് കുറിച്ചു. നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ അവിടുത്തെ ചുറ്റുപാടും നായകളുടെ ശീലങ്ങളും മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അമ്മയ്ക്ക് തുല്യമായി ഞാൻ ബഹുമാനിക്കുന്ന ജനങ്ങളെ ‘നായകൾ’ എന്ന് വിളിക്കാൻ തക്ക ക്രൂരമായ മനസ്സിനുടമയല്ല താനെന്നും, ഒരു പുതിയ സാഹചര്യത്തെ മനസ്സിലാക്കാനും അതിനനുസരിച്ച് പൊരുത്തപ്പെടാനും സമയം ആവശ്യമാണ് എന്നതിനെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും അല്ലാതെ മനുഷ്യരെക്കുറിച്ച് മോശമായി ഒന്നും പരാമർശിച്ചിട്ടില്ലെന്നും ലോറൻസ് വ്യക്‌തമാക്കി.

എന്നാൽ ലോറൻസിൻ്റെ ഈ വിശദീകരണം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത സംവിധായകൻ ചേരൻ കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്തെത്തി. ലോറൻസിന്റേത് ബുദ്ധിപരമായ വിശദീകരണമാണെന്ന് പരിഹസിച്ച ചേരൻ, വോട്ടർമാരുടെ വികാരത്തെ ലോറൻസ് കേവലമായി അപമാനിച്ചെന്ന് കുറ്റപ്പെടുത്തി. ജനങ്ങളെ തെരുവ് നായകളായി ചിത്രീകരിക്കുന്നതിനെയും, ബിസ്ക്കറ്റും ബിരിയാണിയും കൊടുത്ത് ജനങ്ങളെ കുരയ്ക്കാൻ വിടാതെ നോക്കണമെന്ന് പറയുന്നതിനെയും ശക്തമായി അപലപിക്കുന്നതായി ചേരൻ വ്യക്തമാക്കി. ജനങ്ങളുടെ പ്രതിഷേധ ശബ്ദ‌ങ്ങളെ എന്തെങ്കിലും കൊടുത്ത് വായ് മുടിക്കെട്ടണം എന്ന് പറയുന്നതിൽ നിന്നും ലോറൻസിന്റെ രാഷ്ട്രീയ യാത്ര എങ്ങോട്ടാണെന്ന് മനസ്സിലായെന്നും, ഇതുവരെ അദ്ദേഹത്തിൽ ഉണ്ടായിരുന്നതായി കരുതിയ മനുഷ്യത്വത്തെപ്പോലും സംശയിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ സംസാരമെന്നും ചേരൻ കൂട്ടിച്ചേർത്തു. ബിസ്ക്കറ്റിനും ബിരിയാണിക്കും വേണ്ടി കൈനീട്ടി നിൽക്കാത്ത ജനങ്ങളിൽ ഒരുവനായിട്ടാണ് താൻ സംസാരിക്കുന്നതെന്ന് പറഞ്ഞ ചേരൻ, എങ്കിലും ലോറൻസിനും ഈ ജനങ്ങൾ വോട്ട് ചെയ്യുമെന്നും അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്നും പരിഹസിച്ചാണ് തന്റെ പ്രതികരണം അവസാനിപ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സിനിമാ രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖർ തമ്മിലുള്ള ഈ വാക്പോര് വരുംദിവസങ്ങളിലും വലിയ രാഷ്ട്രീയ തരംഗങ്ങൾക്ക് കാരണമായേക്കും.