“കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ?, ഞാൻ അത്രയും സ്നേഹിച്ചിട്ടുണ്ട്”; പ്രതികരിച്ച് ടിനി ടോം

','

' ); } ?>

താനും അന്തരിച്ച നടൻ സലിം കുമാറും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴം തന്നെ പരിഹസിക്കുന്നവർക്ക് അറിയില്ലെന്ന് തുറന്നടിച്ച് നടൻ ടിനി ടോം. സലിം കുമാറിന്റെ മരണ ചടങ്ങിനിടെ പൊട്ടിക്കരയുന്ന ടിനി ടോമിന്റെ വീഡിയോക്ക് വന്ന സൈബർ അറ്റാക്കിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പറവൂരിൽ സംഘടിപ്പിച്ച സലിം കുമാർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എല്ലാവർക്കും ഒരുപാട് കാര്യങ്ങൾ സലിയപ്പനെക്കുറിച്ച് പറയാനുണ്ടാകും. എന്റെ ചില ഓർമകൾ മാത്രം പങ്കുവച്ച് തൽക്കാലത്തേക്ക് വിടപറയുകയാണ്. തൽക്കാലത്തേക്ക് പറയുന്നതെന്നു വച്ചാൽ, ഞാനും ഒരു നോർത്ത് പറവൂറുകാരൻ തന്നെയാണ്. അദ്ദേഹത്തിനെ ചിതയിലേക്ക് വയ്ക്കുമ്പോൾ എനിക്ക് പിടിച്ചു നിൽക്കാനാകാതെ നാദിർഷക്കയുടെ അടുത്തുനിന്നു കരഞ്ഞപ്പോൾ പലരും ട്രോളി.

എന്താണ് ഞാനും സലിയപ്പനും തമ്മിലുള്ള ബന്ധമെന്ന് വളരെ അടുത്തറിയാവുന്ന ആളുകളുണ്ട്. സലിയപ്പനെപ്പോലെ എനിക്ക് ബന്ധമുള്ള ആളുകളാണ് കെ.എസ്. പ്രസാദും ഡയാന സിൽവസ്‌റും പ്രിയങ്കയും നാദിർഷയും ഷാജോണുമൊക്കെ. ഈ പറയുന്ന ആളുകളെയൊക്കെ പരിചയപ്പെടുന്നതിനു മുമ്പേ തന്നെ എനിക്ക് സലിയപ്പനുമായി ബന്ധമുണ്ട്. കോളജിൽ എന്നെക്കാൾ ജുനിയർ ആയിരുന്നു സലീമേട്ടൻ. അദ്ദേഹം ജോലിയെടുത്തതിനു ശേഷമാണ് പഠിക്കാൻ വന്നത്. വന്ന ഉടനെ തന്നെ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടാകുന്നത് മിമിക്രിക്കാരൻ എന്ന നിലയിലാണ്. പിന്നെ മഹാരാജാസ് കോളജിലെ ശക്‌തനായ കെഎസ്‌യു പ്രവർത്തകൻ ആയിരുന്നു.

യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനം നേടിയിരുന്നത് ഞാനും സലീമേട്ടനും പക്രുവും ആണ്. പിന്നീട് അദ്ദേഹം നാദിർഷക്കയുടെ ട്രൂപ്പിലേക്ക് പോകുന്നു. നാദിർഷക്ക തന്നെയാണ് എന്നെയും മിനി സ്ക്രീനിലേക്ക് പരിചയപ്പെടുത്തുന്നത്. സലിംകുമാർ അവതരിപ്പിച്ച സലീം സലീം എന്ന പരിപാടിയിൽ അസിസ്‌റ്റന്റ് ആയി. എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്‌ടപ്പെട്ടത്. അവസാനം എന്റെ അടുത്ത് പറഞ്ഞ കോമഡി രേഖപ്പെടുത്താത്ത കോമഡിയാണ്. ഞാൻ ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുന്ന കാര്യം അറിഞ്ഞ് എന്നെ വിളിച്ചു. എന്തിനാണ് ഇങ്ങനെയൊരു കൃഷിയെന്ന് ചോദിച്ചു. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല, തലവേദയോ വയറുവേദനയോ വന്നുകഴിഞ്ഞാൽ ഇതിൻ്റെ ഇലയിട്ട് ഒന്ന് തിളപ്പിച്ചു കുടിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു.

ഇതെങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. ചെടി വളർന്നു വരാൻ ഒന്നര വർഷമെടുക്കുമെന്നു ഞാൻ പറഞ്ഞു. ഓ ഒന്നരവർഷം കഴിഞ്ഞാലെ നിന്റെ വയറുവേദനയും പനിയുമൊക്കെ മാറ്റാൻ പറ്റൂ അല്ലെ, അതിലും ഭേദം നിനക്കൊരു മെഡിക്കഷൽ ഷോപ്പ് തുടങ്ങിയാൽപ്പോരേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നെ വളരെയേറെ ദുഃഖിപ്പിച്ച മറ്റൊരു സംഭവമുണ്ട്. അടുത്ത ആഴ്‌ചയാണ് ‘അമ്മ’യുടെ ജനറൽ ബോഡി. എനിക്കു വേണ്ടി ശക്തമായി സംസാരിക്കാനുള്ള കാര്യങ്ങൾ നോട്ട് ചെയ്‌തു വച്ച് വരാനിരിക്കുകയായിരുന്നു. എന്റെ ചിറകാണ് ഒടിഞ്ഞുപോയത്. പല മെമ്പർമാരെയും വിളിച്ച് ചോദിച്ച് കാര്യങ്ങൾ അറിഞ്ഞ് മനസ്സിലാക്കി, എനിക്കു വേണ്ടി സംസാരിക്കാൻ തയാറായിരുന്നു. പ്രസിഡൻ്റിനോടും ഇക്കാര്യം പറഞ്ഞിരുന്നു.

പ്രശ്നങ്ങൾക്കൊരു തീരുമാനം പറഞ്ഞുതരാൻ എനിക്കുണ്ടായിരുന്നത് രണ്ടുപേരായിരുന്നു. ഒന്ന് സംവിധായകൻ സിദ്ദീഖ് ഇക്ക, രണ്ടാമത് സലീംകുമാറും. ഇനി ഞാൻ ആരോട് ചോദിക്കും. ആ സലിയപ്പനെ അറിയാവുന്ന ആളുകളുണ്ട്. പത്ത്‌മുപ്പത് വർഷത്തെ ചരിത്രമാണ്, അതുകൊണ്ടാണ് ഞാൻ പൊട്ടിക്കരഞ്ഞത്. എൻ്റെ ജീവിതമാണ് എനിക്കു നഷ്ടപ്പെട്ടത്. പലരും ട്രോളി, ചിലർ പിന്തുണച്ചു.

കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ? മാറിനിന്ന് കരയുന്നതാണ്. എനിക്കൊന്ന് പൊട്ടിക്കരയണ്ടേ? ഒരു സുഹൃത്തിനെ സ്നേഹിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് ബൈബിളിൽ പറയുന്നു. ഞാൻ അത്രയും സ്നേഹിച്ചിട്ടുണ്ട്, എന്നെയും സ്നേഹിച്ചിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന അഭിമുഖത്തിലും ഞാൻ പോയിരുന്നു. എന്നെ വേറൊരാളാണ് വിളിച്ചത്. അറിഞ്ഞെത്തുന്നവരാടാ സുഹൃത്തുക്കൾ പലരെയും വിളിച്ചു. പക്ഷേ നീ മാത്രമാണ് വന്നതെന്ന് പറഞ്ഞു.”-ടിനി ടോമിന്റെ വാക്കുകൾ.