
ആദിത്യൻ സ്ത്രീകളോട് മോശമായി പെരുമാറുന്ന വ്യക്തിയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ താരം, അദ്ദേഹത്തോടൊപ്പം ഇനിയും അഭിനയിക്കാൻ താൻ പൂർണ്ണ സന്നദ്ധയാണെന്നും അറിയിച്ചു.
നടൻ ആദിത്യൻ ജയൻ സീരിയൽ സംഘടനയായ ആത്മയിൽ നിന്നും പുറത്താക്കപ്പെട്ടതിൽ പ്രതികരണവുമായി നടി ജീജ സുരേന്ദ്രൻ. “ആദിത്യൻ പുറത്തായതിൽ ആത്മ സംഘടനയിലെ താരങ്ങൾക്കൊന്നും പങ്കില്ലെന്നും, താനും ആദിത്യനുമായി ഇപ്പോൾ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നും ജീജ പറഞ്ഞു. കൂടാതെ സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാളല്ല ആദിത്യനെന്നും, ഇപ്പോഴും ആദിത്യനൊപ്പം അഭിനയിക്കാൻ തയ്യാറാണെന്നും ജീജ സുരേന്ദ്രൻ വ്യക്തമാക്കി. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.
“ഞാനും ആദിത്യനുമായി ഇപ്പോൾ യാതൊരു വിധ പ്രശ്നവുമില്ല. നടി അമ്പിളിയുമായി രണ്ടാമതും വിവാഹം കഴിഞ്ഞപ്പോൾ ഇനിയും യാതൊരു കുഴപ്പവുമില്ലാതെ പോകാൻ സാധിക്കട്ടെ എന്ന തരത്തിലാണ് അന്ന് ഇന്റർവ്യൂവിൽ സംസാരിച്ചത്. അതൊരു അമ്മയുടെ വാത്സല്യത്തോടെയാണ് പറഞ്ഞത്. അതിൽ മറ്റൊരു ഉദ്ദേശവുമില്ല. അതൊക്കെ കഴിഞ്ഞിട്ട് ഒരുപാടായി. വർഷങ്ങൾക്കിപ്പുറവും അതൊക്കെ ഓർത്ത് വാശിയും വെച്ച് നടക്കുകയല്ല ഞങ്ങൾ. അവനെന്റെ മോനെപ്പോലെയാണ്. ഇപ്പോഴും അവന്റെ കൂടെ അഭിനയിക്കാൻ ഞാൻ തയ്യാറാണ്.” ജീജ സുരേന്ദ്രൻ പറഞ്ഞു.
“ആത്മയിൽ നിന്നും ആദിത്യനെ പുറത്താക്കിയതെന്തിനാണെന്ന് എനിക്കറിയില്ല. അത് പ്രസിഡന്റും മറ്റുള്ളവരും ചേർന്നെടുത്ത തീരുമാനമാണ്. അതിൽ ആത്മയുടെ ഒരു അംഗങ്ങൾക്കും യാതൊരു വിധ പങ്കുമില്ല. തന്നെയുമല്ല ഈ പറയുന്നപോലെ സ്ത്രീകളെ ഉപദ്രവിക്കുന്ന വ്യക്തിയൊന്നുമല്ല ആദിത്യൻ. അതെനിക്കുറപ്പാണ്. അവന് ഇനിയും സീരിയലിലും, സിനിമകളിലും അവസരം കിട്ടട്ടെ എന്നാണ് ഞാനാഗ്രഹിക്കുന്നത്.” ജീജ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സീരിയൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് ആദിത്യൻ ജയൻ. നടി അമ്പിളിയുമായുള്ള ആദിത്യന്റെ വിവാഹം വാർത്തയായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും പിരിയുകയും വീണ്ടും ഒന്നിച്ച് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അന്ന് ജീജ സുരേന്ദ്രൻ ഒരഭിമുഖത്തിൽ ഇനിയും മറ്റൊരു വിവാഹം കഴിക്കാനുള്ള സാഹചര്യം ഉണ്ടാവാതിരിക്കട്ടെ എന്ന് പറയുകയുണ്ടായി. അതിനു മറുപടിയായി ഇതിനു പകരം ഒരു റീത്ത് വെക്കാമായിരുന്നു എന്നാണ് അന്ന് ആദിത്യൻ പറഞ്ഞത്.
മലയാളം ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ഒരു അഭിനേതാവാണ് ആദിത്യൻ ജയൻ. ‘സീത’, ‘എന്റെ മാതാവ്’, ‘ശ്യാമാംബരം‘ തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെയാണ് അദ്ദേഹം മലയാളികൾക്ക് സുപരിചിതനായത്