
അഞ്ചാം വയസ്സിൽ അതിക്രമത്തിന് ഇരയായപ്പോൾ ആ ഭയം കാരണം ആൺകുട്ടികളോട് സംസാരിക്കാൻ പോലും പേടിയായിരുന്നുവെന്ന് സ്നേഹ പറയുന്നു. തണലായിരുന്ന അമ്മമ്മയുടെ മരണശേഷം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഇത് തന്റെ രണ്ടാം ജന്മമാണെന്നും താരം വെളിപ്പെടുത്തി.
തടി കൂടുതലാണെന്ന പേരിൽ ബോഡി ഷൈമിങ് നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി സ്നേഹ ഗൗരി. കൂട്ടുകാരിൽ നിന്നും, വീട്ടുകാരിൽ നിന്നും ഒരുപോലെ കളിയാക്കലുകൾ നേരിട്ടിട്ടുണ്ടെന്നും, ലവ് ലൈഫ് ബ്രേക്ക് അപ്പ് ആവാനുള്ള റീസൺ പോലും തന്റെ തടിയായിരുന്നുവെന്നും സ്നേഹ പറഞ്ഞു. കൂടാതെ അഞ്ചാമത്തെ വയസ്സിൽ ലൈംഗികാതിക്രമം നേരിട്ടിരുന്നുവെന്നും, ഏറ്റവും അടുത്ത ബന്ധുവിൽ നിന്നുണ്ടായ അക്രമത്തിൽ ആൺകുട്ടികളോട് സംസാരിക്കാൻ തന്നെ ഭയമായിരുന്നുവെന്നും സ്നേഹ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“വണ്ണം കൂടുതലാണെന്ന പേരിൽ ചെറുപ്പം മുതലേ ഞാൻ ബോഡി ഷൈമിങ് നേരിട്ടിട്ടുണ്ട്. വീട്ടുകാരിൽ നിന്നും, കൂട്ടുകാരിൽ നിന്നും ഒരുപോലെ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. എന്റെ ലവ് ബ്രേക്ക് അപ്പ് ആവാൻ പോലും കാരണം എന്റെ വണ്ണമായിരുന്നു. എന്റെ കൂടെ നടക്കുമ്പോൾ ആളുകൾ കളിയാക്കുമെന്നും, അതൊരു നാണക്കേടാണെന്നുമൊക്കെയായിരുന്നു കാരണങ്ങൾ. എന്റെ തടിയിൽ ഞാൻ ഓക്കേ ആണ്. പക്ഷെ നമ്മളെ കൊണ്ട് നമ്മൾ ശരിയല്ല എന്ന് ചിന്തിപ്പിക്കാനാണ് നമുക്ക് ചുറ്റുമുള്ളവർ ശ്രമിക്കുക. കല്യാണവീട്ടിലോ, മറ്റു പരിപാടികൾക്കോ പോയി എന്തെങ്കിലും കഴിക്കാനിരുന്നാൽ അപ്പോൾ വന്ന് പറയും, മോളത് കഴിക്കണ്ട, വണ്ണം കൂടും, ചെറുക്കനെ കിട്ടില്ല എന്നൊക്കെ. ഈ 2026 ലും ആളുകളുടെ മനോഭാവത്തിന് മാറ്റമൊന്നും വന്നിട്ടില്ല. തടിച്ചാലും, മെലിഞ്ഞാലും, നിറം കൂടിയാലും, കുറഞ്ഞാലുമൊക്കെ പ്രശ്നമാണ്.” സ്നേഹ പറഞ്ഞു.
“അതു പോലെ ഞാനെന്റെ അഞ്ചാമത്തെ വയസ്സിൽ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്. ഏറ്റവുമടുത്ത് വിശ്വസിച്ച ബന്ധുവിൽ നിന്ന് തന്നെയാണത്. ഒരുപാട് കാലം ഞാനാ ട്രോമയും കൊണ്ട് നടന്നു. ആ സമയത്തൊക്കെ എനിക്ക് ആൺകുട്ടികളെ പേടിയായിരുന്നു, അവരെന്റെ അടുത്ത് വന്നിരിക്കാനൊന്നും ഞാൻ സമ്മതിക്കില്ല. അന്നൊക്കെ എത്ര അടുത്ത ബന്ധുക്കളാണെങ്കിലും പെൺകുട്ടികളെ അവരുടെ അടുത്തേക്ക് വിടരുതെന്നാണ് ഞാൻ പറഞ്ഞിരുന്നത്, ഇപ്പോൾ ആൺകുട്ടികളെയും വിടരുത് എന്നാണ് എന്റെ അഭിപ്രായം. സത്യം പറഞ്ഞാൽ അതാരോടെങ്കിലും ഒന്ന് പറയാൻ എനിക്ക് പേടിയായിരുന്നു. എല്ലാം എന്റെ തെറ്റായിട്ടാണ് എനിക്ക് തോന്നിയത്. എന്നെ വഴക്ക് പറയുമോ, എന്നെ ഉപദ്രവിക്കുമൊ എന്നൊക്കെയായിരുന്നു.
പക്ഷെ അന്നാ സംഭവം ചെറിയ രീതിയിൽ അമ്മമ്മ കണ്ടിരുന്നു. അവരത് ആരോടും പറയാനൊന്നും നിന്നില്ല. പക്ഷെ അവരന്ന് എനിക്ക് തന്നൊരു കെട്ടിപിടുത്തമുണ്ട്. ഞാൻ സുരക്ഷിതയാണെന്ന് എന്നെ ഓർമ്മിപ്പിക്കും വിധത്തിൽ. പിന്നീടൊരിക്കലും അങ്ങനെ ഒന്ന് എനിക്കെവിടെ നിന്നും കിട്ടിയിട്ടില്ല. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മമ്മ മരിച്ചു. അതിനു ശേഷം ഞാൻ അത്യമഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ഇതെന്റെ രണ്ടാം ജന്മമാണ്. പക്ഷെ എന്റെ പതിനെട്ടാമത്തെ വയസ്സിൽ ഞാനത് അമ്മയോട് പറഞ്ഞു പൊട്ടിക്കരഞ്ഞാണ് ഞാനത് അമ്മയോട് പറഞ്ഞത്.” സ്നേഹ കൂട്ടിച്ചേർത്തു.
മലയാളം ടെലിവിഷൻ പരമ്പരകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധേയയായ നടിയാണ് സ്നേഹ ഗൗരി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ’ എന്ന പരമ്പരയിൽ ‘അഭിരാമി’ എന്ന അഡ്വക്കേറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അവർ ഏറെ ജനപ്രിയയായത്. മ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ‘പരസ്പരം’ എന്ന പരമ്പരയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. അടുത്ത ബെല്ലോടുകൂടി’, ‘സ്വപ്നങ്ങൾ’ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.