“ഇത്രയേറെ സ്വാധീനിച്ച മറ്റൊരു അഭിനേതാവ് അടുത്ത കാലത്തുണ്ടായിട്ടില്ല”; സ്വാസികയുടെ കാല് തൊട്ട് വണങ്ങി മിഷ്കിൻ

','

' ); } ?>

വിജയ് ആന്റണി നായകനാകുന്ന ‘നൂറു സാമി’ എന്ന തമിഴ് ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ നടി സ്വാസികയെ അമ്പരപ്പിച്ച് സംവിധായകന്‍ മിഷ്‌കിന്റെ ആദരം. വേദിയിൽ സ്വാസികയെ പ്രശംസിച്ചു സംസാരിച്ച ശേഷം സദസ്സിലേക്ക് ഇറങ്ങിച്ചെന്ന മിഷ്‌കിൻ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് താരത്തിന്റെ കാൽതൊട്ട് വണങ്ങുകയായിരുന്നു. സ്വാസികയുടെ അഭിനയമികവിനോടുള്ള ആദരസൂചകമായായിരുന്നു മിഷ്‌കിന്റെ ഈ അപ്രതീക്ഷിത നീക്കം.

സ്വാസിക തന്റെ രക്തവും ആത്മാവും നൽകിയാണ് ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് മിഷ്‌കിൻ പറഞ്ഞു. ഇത്രയേറെ സ്വാധീനിച്ച മറ്റൊരു അഭിനേതാവ് അടുത്ത കാലത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഷ്‌കിന്റെ പ്രവർത്തിയിൽ ഒരുനിമിഷം പതറിപ്പോയ സ്വാസിക, ഉടൻതന്നെ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിക്കുകയും വിനയത്തോടെ നന്ദി അറിയിക്കുകയും ചെയ്തു.

ചിത്രത്തിന്റെ സംവിധായകൻ ശശിയെക്കുറിച്ചും വൈകാരികമായ വാക്കുകളാണ് മിഷ്‌കിൻ പങ്കുവെച്ചത്. മുപ്പതു വർഷത്തിലേറെ അനുഭവസമ്പത്തുള്ള ശശി, തന്റെ പഴയ അസിസ്റ്റന്റായ എന്നോട് ഒരു കഥ കേൾക്കുമോ എന്ന് ചോദിച്ചത് അദ്ദേഹത്തിന്റെ വലിയ മനസ്സാണെന്നും ഒരു ദൈവത്തെപ്പോലെയാണ് താൻ അദ്ദേഹത്തെ കാണുന്നതെന്നും മിഷ്‌കിൻ വെളിപ്പെടുത്തി. ശശി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സ്വാസികയ്ക്കൊപ്പം വിജയ് ആന്റണിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഈ അപൂർവ്വ നിമിഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.