
താരസംഘടനയായ ‘അമ്മ’യിൽ നടക്കുന്ന ആഭ്യന്തരപ്രശ്നങ്ങളിലും വിവാദങ്ങളിലും കടുത്ത അതൃപ്തിയും വിമർശനവുമായി മുതിർന്ന നടി മല്ലിക സുകുമാരൻ. സംഘടനകളിൽ കർശനമായ നിയമങ്ങളും അച്ചടക്കവും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട താരം, എവിടെയൊക്കെയോ ചില കാര്യങ്ങൾ ചീഞ്ഞുനാറിയതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമെന്നും തുറന്നടിച്ചു. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണങ്ങൾ.
നടിയെ ആക്രമിച്ച കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നീതി നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസത്തെ മല്ലിക സുകുമാരൻ ശക്തമായി വിമർശിച്ചു. സിനിമാ മേഖല തന്നെ ഉപേക്ഷിച്ചുപോകാൻ തോന്നുന്ന തരത്തിലുള്ള കടുത്ത മാനസിക വിഷമങ്ങളിലൂടെയാണ് അതിജീവിത കടന്നുപോയത്. റോഡിൽ അങ്ങനെയൊരു അതിക്രമം നടന്നു എന്നത് സത്യമാണ്. അതിന് പിന്നിൽ പ്രവർത്തിച്ചവർ ജയിലിൽ കിടക്കുന്നവരാണെങ്കിലും അല്ലെങ്കിലും, അവരെ കൃത്യമായി കണ്ടെത്തി ശിക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ വിഷയം ഉരുട്ടിക്കളിക്കുകയല്ല വേണ്ടതെന്നും അവർ വ്യക്തമാക്കി.
സംഘടനയുടെ ഔദ്യോഗിക പ്രവർത്തനങ്ങളിലെ അച്ചടക്കമില്ലായ്മയെയും മല്ലിക രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. കൃത്യമായ ഓഫീസ് സമയമില്ലാതെ, ആർക്കും എപ്പോഴും കയറിയിറങ്ങാവുന്ന ഒരിടമായി ‘അമ്മ’ ഓഫീസ് മാറിയിരിക്കുകയാണ്. വൈകിട്ട് അഞ്ചരയ്ക്ക് ജോലി കഴിയേണ്ട ക്ലർക്കുമാരെ, രാത്രി വൈകി വന്ദേഭാരത് ട്രെയിനിൽ വരുന്ന താരങ്ങൾക്ക് ചായയിട്ടു കൊടുക്കാൻ വേണ്ടി നിർബന്ധിച്ച് ഇരുത്തുന്ന സാഹചര്യം വരെയുണ്ട്. അവർ അവിടുത്തെ ജീവനക്കാരാണോ അതോ അടുക്കളക്കാരിയാണോ എന്ന് താൻ തന്നെ ഒരിക്കൽ ചോദിച്ചിട്ടുണ്ടെന്നും, എന്തുകൊണ്ടാണ് ശ്വേത മേനോനെപ്പോലുള്ള ഭാരവാഹികൾ ഇതൊന്നും ശ്രദ്ധിക്കാത്തതെന്നും അവർ ചോദിച്ചു. തോന്നുമ്പോൾ ആളുകൾ കയറിയിറങ്ങുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചില്ലെങ്കിൽ സംഘടനയ്ക്ക് പകരം ‘അമ്മ ഹോട്ടൽ’ എന്ന് ബോർഡ് വെക്കുന്നതാവും നല്ലതെന്നും താരം പരിഹസിച്ചു. അടിയും വഴക്കും കാരണം സംഘടന ചെയ്യുന്ന പെൻഷൻ ഉൾപ്പെടെയുള്ള നല്ല കാര്യങ്ങൾ ആരും കാണാതെ പോകുകയാണെന്നും മല്ലിക കൂട്ടിച്ചേർത്തു.
മറ്റ് താരങ്ങളായ അൻസിബ, ടിനി ടോം എന്നിവരുടെ പ്രസ്താവനകളെയും മല്ലിക സുകുമാരൻ വിമർശിച്ചു. മതപരമായ കാര്യങ്ങൾ പറഞ്ഞ് സിനിമയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും പൊതുവേദികളിൽ സംസാരിക്കുമ്പോൾ അൻസിബ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ ഓർമ്മിപ്പിച്ചു. അതിജീവിത അനുഭവിച്ച ദുരിതങ്ങളുടെ നാലിലൊന്നുപോലും അൻസിബ അനുഭവിച്ചിട്ടില്ല. അതുപോലെ, എവിടെച്ചെന്നാലും സംഘടനയിലെ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങൾ നേരിടേണ്ടി വരുന്ന അവസ്ഥയിലാണ് ടിനി ടോം അടക്കമുള്ള ഭാരവാഹികളെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ഡബ്ല്യു.സി.സി (WCC) ഇപ്പോൾ മൗനത്തിലാണെന്നും, വല്ലപ്പോഴും റിമയോ പാർവതിയോ സംസാരിച്ചാലായി എന്നും മല്ലിക നിരീക്ഷിച്ചു. മുൻപ് തന്നെ ‘ലൂസ് ടോക്കർ’ എന്ന് വിളിച്ചപ്പോൾ ‘അമ്മ’ സംഘടന തനിക്ക് പിന്തുണ നൽകുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ല. തന്റെ നിലപാടുകൾ ഇനിയും തുറന്നുപറയുമെന്നും, മക്കൾ തന്നെ വിലക്കാറുണ്ടെങ്കിലും താൻ ജീവിച്ചിരിക്കുന്ന കാലത്തോളം അനീതിക്കെതിരെ സംസാരിക്കുക തന്നെ ചെയ്യുമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിലും പലതിനും മറുപടിയില്ലാത്തതാണ് നിലവിലെ സത്യാവസ്ഥയെന്നും അവർ പറഞ്ഞു നിർത്തി.