സെൻസർബോർഡിനെ കബളിപ്പിച്ചു; മോളിവുഡ് ടൈംസിനെതിരെ പരാതി

','

' ); } ?>

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് നസ്ലിൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിനെതിരെ സെൻസർ ബോർഡിന്റെ അന്വേഷണം. സെൻസറിംഗിനായി സമർപ്പിച്ച പതിപ്പിൽ അസഭ്യവാക്കുകൾ മ്യൂട്ട് ചെയ്തിരുന്നതായും, എന്നാൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചപ്പോൾ ഇവ ഉൾപ്പെടുത്തിയാണ് കാണിച്ചതെന്നുമാണ് ചിത്രത്തിനെതിരെയുള്ള പരാതി.

സംഭവത്തിൽ സെൻസർ ബോർഡ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. തിയേറ്ററുകളിൽ നിന്നുള്ള തെളിവുകൾ ശേഖരിച്ച ശേഷം ചിത്രത്തിന്റെ നിർമ്മാതാവിന് ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകും. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുന്ന കുറ്റമാണിത്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവോ പത്ത് ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

അതേസമയം, തിയേറ്ററുകളിൽ വൻ ജനപ്രീതി നേടി പ്രദർശനം തുടരുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ആഗോളതലത്തിൽ ഇതുവരെ 15 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിയേറ്റർ റണ്ണിന് ശേഷം ജിയോ ഹോട്‍സ്റ്റാർ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. നിലവിലെ മികച്ച പ്രതികരണങ്ങൾ കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത.

സിനിമയെ സ്നേഹിക്കുന്നവർക്ക് ഏറെ റിലേറ്റബിൾ ആകുന്ന രീതിയിലാണ് ഇതിന്റെ കഥാപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. ‘വിനീത് മാധവൻ’ എന്ന നായക കഥാപാത്രത്തെയാണ് നസ്‌ലെൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംവിധായകനാകാൻ കൊതിക്കുന്ന ഒരു യുവാവിന്റെ കരിയറിലെ യാത്രയാണ് സിനിമയുടെ ഇതിവൃത്തം. നസ്‌ലെന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. കഥാപാത്രത്തിന്റെ വളർച്ചയെ (ക്യാരക്റ്റർ ആർക്ക്) മനോഹരമായി താരം സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അഭിനവ് സുന്ദറിന്റെ സംവിധാന മികവിനും തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.

ഷറഫുദ്ദീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. രാമു സുനില്‍ രചന നിര്‍വഹിച്ച ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതം പകരുന്നത്. സംവിധായകൻ അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.