
താരസംഘടനയായ ‘അമ്മ’ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി, സംഘടനയുടെ ബൈലോയിലെ ഏത് ചട്ടമാണ് താൻ ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ. തനിക്കെതിരെയുള്ള ആരോപണങ്ങളുടെ കൃത്യമായ സ്വഭാവവും ആർട്ടിക്കിൾ 5 പ്രകാരമുള്ള ഏത് വകുപ്പാണ് ലംഘിച്ചതെന്നും വ്യക്തമാക്കിയാൽ മാത്രമേ നോട്ടീസിന് മറുപടി നൽകാൻ സാധിക്കൂ എന്ന് ചൂണ്ടിക്കാട്ടി അൻസിബ സംഘടനയ്ക്ക് അയച്ച ഇമെയിലിന്റെ പകർപ്പ് പുറത്തു വന്നിട്ടുണ്ട്.
നടൻ ടിനി ടോം, നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ നടത്തിയ പരസ്യപ്രതികരണങ്ങൾ സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘അമ്മ’ അൻസിബയ്ക്ക് നോട്ടീസ് അയച്ചത്. എന്നാൽ ഇരുവരുമായുള്ള തർക്കങ്ങൾ തികച്ചും വ്യക്തിപരമാണെന്ന് അൻസിബ വ്യക്തമാക്കുന്നു. ലക്ഷ്മിപ്രിയയുമായുള്ള പ്രശ്നം സംഘടനയുമായി ബന്ധപ്പെട്ടതല്ലെന്ന് അമ്മയുടെ പ്രസിഡന്റ് തന്നെ പരസ്യമായി പ്രഖ്യാപിച്ച കാര്യവും അൻസിബ ഇമെയിലിൽ ഓർമ്മിപ്പിച്ചു.
ടിനി ടോമുമായുള്ള വിഷയം കൂടുതൽ ഗുരുതരമായ ഒന്നാണെന്നും അത് നിലവിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണനയിലാണെന്നുമാണ് റിപ്പോർട്ട്. ഇവർ രണ്ടുപേരുമായി തനിക്ക് പ്രശ്നങ്ങളുണ്ടെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട പരാതികളും സംഘടനയ്ക്ക് മുന്നിലുണ്ടായിട്ടും ‘അമ്മ’ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും നടി കുറ്റപ്പെടുത്തുന്നു.
അതേസമയം, അൻസിബയുടെ ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനത്തെയും പ്രതിച്ഛായയെയും ബാധിച്ചുവെന്നാണ് അമ്മയുടെ വിലയിരുത്തൽ. സംഘടനയ്ക്കുള്ളിൽ തീർക്കാമായിരുന്ന പ്രശ്നങ്ങൾ പുറത്തേക്ക് വലിച്ചിഴച്ചുവെന്നും, ബൈലോ പിന്തുടരാൻ ബാധ്യതപ്പെട്ട ഒരു ഭാരവാഹി തന്നെ പരസ്യമായി ആരോപണം ഉന്നയിച്ചത് തെറ്റായ കീഴ്വഴക്കമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്. ജൂൺ 17-നകം നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടിക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സംഘടനയുടെ നിലപാട്.