“കോടതി ആരെയാണ് ഭയക്കുന്നത്, എവിടെയോ എന്തോ തകരാറുള്ളതായി തോന്നുന്നില്ലേ”; ഭാഗ്യലക്ഷ്മി

','

' ); } ?>

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾക്കും ആശങ്കകൾക്കുമിടെ രൂക്ഷവിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതി ആരെയാണ് ഭയക്കുന്നതെന്നും എവിടെയോ എന്തോ തകരാറുള്ളതായി തോന്നുന്നില്ലേ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അവൾക്ക് വേണ്ടി സംസാരിക്കുന്നവരെ തെറി വിളിക്കുന്നവർ ഈ സാഹചര്യം ഒന്ന് ആലോചിക്കണമെന്നും അവർ പറഞ്ഞു. കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജിമാർ തുടർച്ചയായി പിന്മാറുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

അതിജീവിതയുടെ ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇതിന് തൊട്ടുമുൻപ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഹർജി കേൾക്കുന്നതിൽ നിന്ന് ഒഴിവായിരുന്നു. ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയിരുന്ന സമയത്താണ് കൗസർ എടപ്പകത്തിന്റെ കസ്റ്റഡിയിലിരിക്കെ ഫോറൻസിക് പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയത്. ഇതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. സമാനമായി, മെമ്മറി കാർഡ് വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രിക്ക് അതിജീവിത മുൻപ് പരാതി നൽകിയ സമയത്ത് ജുഡീഷ്യൽ രജിസ്ട്രിയുടെ ചുമതലയിലുണ്ടായിരുന്ന വ്യക്തിയാണ് ജസ്റ്റിസ് ജോബി സെബാസ്റ്റ്യൻ.

മുൻപ് ഈ വിഷയവുമായി ഔദ്യോഗികമായി ബന്ധപ്പെട്ടവർ എന്ന നിലയ്ക്കാണ് ഇരുവരുടെയും പിന്മാറ്റം. ഇതോടെ അതിജീവിതയുടെ ഹർജി ഇനി മറ്റൊരു ബെഞ്ചാകും പരിഗണിക്കുക. അതേസമയം, നീതിപീഠത്തെക്കുറിച്ചുള്ള അതിജീവിതയുടെ മുൻ പ്രസ്താവനകളും ഈ സാഹചര്യത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. രാജ്യത്തെ എല്ലാ പൗരന്മാരും നിയമത്തിന് മുന്നിൽ തുല്യരല്ലെന്ന കടുത്ത യാഥാർഥ്യം നിരന്തരമായ മാനസിക സംഘർഷങ്ങൾക്കും വേദനകൾക്കുമൊടുവിൽ താൻ തിരിച്ചറിഞ്ഞതായി വിചാരണ കോടതി വിധിക്ക് ശേഷം അവർ പ്രതികരിച്ചിരുന്നു. ഈ കോടതിയിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിട്ടും പ്രസ്തുത ജഡ്ജിയിൽ നിന്ന് കേസ് മാറ്റണമെന്ന ആവശ്യങ്ങൾ നിരസിക്കപ്പെടുകയായിരുന്നു.

കേസിൽ കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് എത്തിയപ്പോൾ അതുവരെ കേസ് കൈകാര്യം ചെയ്ത രീതിയിൽ പ്രകടമായ മാറ്റം വന്നുവെന്നും, 2020 അവസാനത്തോടെ തന്നെ അന്യായമായ ചില നീക്കങ്ങൾ തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അവർ തുറന്നടിച്ചിരുന്നു. തന്റെ വേദനകളെ നുണയെന്നും കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കാണ് കേസിൽ ആറു പ്രതികൾ ശിക്ഷിക്കപ്പെട്ട വിധി താൻ സമർപ്പിക്കുന്നതെന്നും, ഉയർന്ന നീതിബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിത മുൻപ് വ്യക്തമാക്കിയിരുന്നു.