നടി ആക്രമിക്കപ്പെട്ട സംഭവം: മെമ്മറി കാർഡ് കേസ് പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി

','

' ); } ?>

മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട തുടരന്വേഷണം ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ ഇടപ്പകത്താണ് പിന്മാറിയത്. രണ്ടുദിവസത്തിനിടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് അദ്ദേഹം. കഴിഞ്ഞദിവസം ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഹർജി കേൾക്കുന്നതിൽനിന്ന് പിന്മാറിയതിനെത്തുടർന്നാണ് കേസ് ജസ്റ്റിസ് കൗസർ ഇടപ്പകത്തിന്റെ ബെഞ്ചിലേക്ക് എത്തിയത്.

കോടതിയിലെ 86-ാമത്തെ ഇനമായി ഹർജി മുന്നിലെത്തിയപ്പോഴാണ് താൻ ഇത് പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മുൻപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെ ഈ കേസ് അദ്ദേഹത്തിന്റെ പരിഗണനയിൽ വന്നിരുന്നു. അക്കാലയളവിൽ ഇതേ കോടതിയിലെ ജീവനക്കാർക്കെതിരെ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട ചില കണ്ടെത്തലുകൾ പുറത്തുവന്നിരുന്നു. ഇതാണ് ജഡ്ജിയുടെ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.

തുടർച്ചയായി രണ്ട് ജഡ്ജിമാർ പിന്മാറിയ സാഹചര്യത്തിൽ ഹർജി ഇനി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നിലെത്തും. കേസ് ഇനി ഏത് പുതിയ ബെഞ്ച് പരിഗണിക്കണം എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസായിരിക്കും അന്തിമ തീരുമാനമെടുക്കുക.