
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന വ്യാജ കാസ്റ്റിങ് ഏജന്റുമാർക്കെതിരെ ശക്തമായ നിയമനടപടിയുമായി പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ‘ഫ്രൈഡേ ഫിലിം ഹൗസ്’. തട്ടിപ്പുകാരുടെ കെണിയിൽ വീഴരുതെന്ന് കാണിച്ച് സിനിമാ മോഹികളായ ഉദ്യോഗാർഥികൾക്കായി കമ്പനി അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തട്ടിപ്പ് നടത്തുന്ന രണ്ട് വ്യക്തികളുടെ വിവരങ്ങളും ഫോൺ നമ്പറുകളും ഫ്രൈഡേ ഫിലിം ഹൗസ് ഇതിനോടകം ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും വ്യാജന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും നിർമ്മാതാവ് വിജയ് ബാബു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഔദ്യോഗിക പ്രതിനിധികളാണെന്ന് ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കാൻ കമ്പനിയുടെ പേരിലുള്ള വ്യാജ ഇമെയിൽ ഐഡികളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. സിനിമയിലേക്കുള്ള ഓഡിഷന് തിരഞ്ഞെടുക്കപ്പെട്ടു എന്ന് വിശ്വസിപ്പിച്ച ശേഷമാണ് ഇവരുടെ രീതി. തുടർന്ന് യാത്രാച്ചെലവുകൾക്കായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനെന്ന പേരിലും, കാസ്റ്റിങ് കമ്മീഷനായും ഉദ്യോഗാർഥികളിൽ നിന്ന് ഇവർ വ്യാപകമായി പണം ആവശ്യപ്പെടുകയും തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഔദ്യോഗിക ചാനലുകൾ വഴി മാത്രം വിവരങ്ങൾ ഉറപ്പാക്കണമെന്നും കമ്പനി അറിയിച്ചു.
“ഞങ്ങളുടെ കമ്പനിയായ ‘ഫ്രൈഡേ ഫിലിം ഹൗസി’ന്റെ കാസ്റ്റിങ് ഏജന്റുമാരെന്ന വ്യാജേന രണ്ടുപേർ തട്ടിപ്പ് നടത്തുന്നതായും, അവസരങ്ങൾ തേടുന്നവരിൽ നിന്ന് ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്, കാസ്റ്റിങ് കമ്മീഷൻ എന്നിവയുടെ പേരിൽ പണം തട്ടുന്നതായും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവരുടെ പേരും ഫോൺ നമ്പറുകളും താഴെ നൽകുന്നു:
ദിനേഷ് ദീനു : +91 77078 28396 മാധവി : +91 93557 51303 ഇവർ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പേരിലുള്ള വ്യാജ ഇമെയിൽ ഐഡികളും ഉപയോഗിക്കുന്നുണ്ട്. ദയവായി എല്ലാവരും ജാഗ്രത പാലിക്കുക. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തുന്നുണ്ടെന്നും, മേൽപ്പറഞ്ഞ വ്യക്തികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും അറിയിക്കുന്നു.
പ്രത്യേകം ശ്രദ്ധിക്കുക: നിലവിൽ ഞങ്ങൾ യാതൊരുവിധ ഓഡിഷനുകളും നടത്തുന്നില്ല. പുതിയ ഓഡിഷനുകൾ ഉണ്ടെങ്കിൽ, അത് ഞങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ മാത്രമേ അറിയിക്കുകയുള്ളൂ.” വിജയ് ബാബു കുറിച്ചു