
പാർട്ണർഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണെങ്കിലും വിവാഹം തനിക്ക് സെറ്റാവില്ലെന്ന് നടി ദിവ്യ പ്രഭ. വീട്ടിൽ നിന്നും വിവാഹത്തിന്റെ പേരിൽ സമ്മർദ്ധങ്ങളില്ലെന്നും, പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണ് താനെന്നും ദിവ്യ പറഞ്ഞു. കൂടാതെ ഇൻഡിപെൻഡൻ്റ് ആയി ശീലമായെന്നും, ഒരു കുഞ്ഞു വേണമെന്നു തോന്നുന്ന സമയത്ത് മാത്രമേ അതിനെകുറിച്ച് ചിന്തിക്കുകയൊള്ളുവെന്നും ദിവ്യ കൂട്ടിച്ചേർത്തു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണ് ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നു പോകുന്ന പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെൻ്റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ. വീട്ടിൽ നിന്നും വിവാഹത്തിന്റെ പേരിൽ സമ്മർദ്ദമൊന്നുമില്ല. അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്.” ദിവ്യ പ്രഭ പറഞ്ഞു.
‘സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു. അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല. ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്റായി ജീവിക്കുന്ന ആളാണ്. ഇൻഡിപെൻഡൻ്റ് ആയി ജീവിച്ചു ഞാൻ ശീലിച്ചു. എന്നാലും ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരാൾ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന്. ഒരു കുഞ്ഞു വേണമെന്നു തോന്നുന്ന സമയത്ത് മാത്രമേ അതിനെക്കുറിച്ചു ചിന്തിക്കൂ.’ ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.
ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്ത് ചുവടുവെച്ച ദിവ്യ ഇന്ന് നിരവധി മലയാള സിനിമകളുടെ ഭാഗം ആണ്. ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, മാലിക്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മസ്തിഷ്ക മരണം തുടങ്ങിയ സിനിമകളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.