“സ്ത്രീകളെ ഉപഭോഗവസ്തുക്കളായാണ് മുഴുവൻ വിനോദ വ്യവസായവും ചിത്രീകരിക്കുന്നത്”; പെദ്ധി വിവാദത്തിൽ നിത്യ മേനോൻ

','

' ); } ?>

രാം ചരൺ-ജാൻവി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത ‘പെദ്ധി’ എന്ന ചിത്രത്തിലെ നായികയുടെ അമിത ലൈംഗികവൽക്കരണവും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും ചലച്ചിത്ര മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം കടുത്ത വിമർശനം ഉയർന്നതോടെ സംവിധായകൻ ബുച്ചി ബാബു സന പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സിനിമകളിൽ സ്ത്രീകളെ ഉപഭോഗവസ്തുക്കളായി ചിത്രീകരിക്കുന്നതിനെതിരെ പ്രമുഖ നടി നിത്യ മേനോൻ രംഗത്തുവന്നതോടെ ചർച്ചകൾക്ക് പുതിയ മാനങ്ങൾ കൈവന്നിരിക്കുകയാണ്.

സിനിമകളിൽ സ്ത്രീകളെ ലൈംഗികവസ്തുവൽക്കരിക്കുന്നത് തെന്നിന്ത്യൻ സിനിമകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും വിനോദവ്യവസായത്തിലുടനീളം കാണുന്ന പൊതുവായ പ്രവണതയാണെന്നുമാണ് വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നിത്യ മേനോൻ വ്യക്തമാക്കിയത്.

ചിത്രത്തിൽ നായക കഥാപാത്രത്തിന് കൃത്യമായ സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങൾ നൽകുമ്പോൾ, ജാൻവി കപൂറിന്റെ ‘അച്ചിയമ്മ’ എന്ന നായിക കഥാപാത്രത്തെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നതായിരുന്നു ‘പെദ്ധി’ക്കെതിരെ ഉയർന്ന പ്രധാന ആക്ഷേപം. നായികയുടെ സമ്മതമില്ലാതെയുള്ള സ്പർശനവും വൈദ്യുതി പോകുന്ന സമയത്ത് ബലമായി ചുംബിക്കുന്നതുമായ അതിക്രമരംഗങ്ങളെ സംവിധായകൻ ‘പ്രണയമായാണ്’ ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്റ്-പ്രൊഡക്ഷൻ വേളയിൽ ജാൻവി കപൂർ തന്നെ ഇത്തരം രംഗങ്ങളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ബോക്സ് ഓഫീസ് ലാഭം മാത്രം ലക്ഷ്യമിട്ട് സംവിധായകൻ ഇവ സിനിമയിൽ നിലനിർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിലെ ലൈംഗികവൽക്കരണത്തെ വിമർശിച്ചുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ പിന്തുണച്ച് ജാൻവി തന്നെ രംഗത്തെത്തിയതോടെയാണ് വിവാദം കൂടുതൽ കനത്തത്. സിനിമയുടെ അമിത വാണിജ്യവൽക്കരണത്തിലാണ് ഈ പ്രശ്നത്തിന്റെ വേരുകളെന്ന് നിത്യ മേനോൻ ചൂണ്ടിക്കാണിക്കുന്നു. വാണിജ്യപരമായി വിജയിക്കുന്നതും പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്നതുമായ എന്തും വൻ വിജയത്തിനായി പലപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ അഭിനേതാക്കൾ തീർത്തും നിസ്സഹായരല്ലെന്നാണ് താരത്തിന്റെ പക്ഷം.

ഇത്തരം വാണിജ്യ സിനിമകളുടെ ഭാഗമാവുകയും പെട്ടെന്നൊരു ദിവസം അതിനോട് യോജിക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്താൽ ആരും ഗൗരവമായി എടുത്തെന്നു വരില്ല. അഭിനേതാക്കൾക്ക് കൃത്യമായ അതിർവരമ്പുകൾ ഉണ്ടായിരിക്കണമെന്നും തങ്ങളെ ലൈംഗികവൽക്കരിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ശക്തമായി പറയാൻ കഴിയണമെന്നും നിത്യ വ്യക്തമാക്കുന്നു.

പ്രശസ്തിയെക്കാൾ സ്വന്തം നിലപാടുകൾക്ക് മുൻഗണന നൽകുന്നതുകൊണ്ട് ചില സിനിമകൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതിൽ തനിക്ക് കുഴപ്പമില്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരു മുൻനിര താരം ആകാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെങ്കിൽ അത് ആ വ്യക്തിയുടെ മാത്രം തീരുമാനമാണ്. സ്വന്തം നിലപാട് വ്യക്തമാക്കുക എന്നത് വ്യക്തിപരമായ മുൻഗണനകളെ ആശ്രയിച്ചാണിരിക്കുന്നത്. ‘പെദ്ധി’ വിവാദത്തിൽ നിത്യ നേരിട്ട് ഒരു പക്ഷം പിടിക്കുന്നില്ലെങ്കിലും, സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലൈംഗികവൽക്കരണത്തിനുമെതിരെ താരം വ്യക്തമാക്കിയ ശക്തമായ നയം സിനിമാ ലോകത്ത് ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.