“തൃഷയെ ക്ഷണിക്കുന്നില്ലേ?, സംഗീതയെ ബി ജെ പിയിൽ ചേർത്തോ”; വിജയ്‌യെ മകളുടെ വിവാഹത്തിനു ക്ഷണിച്ചതിനു പിന്നാലെ ഖുശ്ബുവിന് സൈബർ ആക്രമണം

','

' ); } ?>

മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യെ ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. കുടുംബത്തോടൊപ്പം വിജയ്‍‌യുടെ ചെന്നൈയിലെ ഔദ്യോ​ഗിക വസതിയിലെത്തിയാണ് ഖുശ്ബു വിവാഹക്ഷണക്കത്ത് കൈമാറിയത്. ഖുശ്ബു തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡ‍ിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്.

വിജയ്‌യെ പ്രിയപ്പെട്ട തന്റെ സഹോദരൻ എന്ന് വിശേഷിപ്പിച്ച ഖുശ്ബു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷവും മറക്കാനാകാത്തതുമായ ഒരു ദിവസമാണിതെന്നും ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

“ഞങ്ങളുടെ കുടുംബത്തിന് വളരെ പ്രത്യേകതയുള്ളതും മറക്കാനാകാത്തതുമായ ഒരു ദിവസമാണിത്. എന്റെ പ്രിയപ്പെട്ട സഹോദരനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യെ, അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുകയും ശ്രാവൺ ശ്രീനിവാസനുമായുള്ള ഞങ്ങളുടെ മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് നൽകുകയും ചെയ്തു. അദ്ദേഹത്തെ കാണുമ്പോൾ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറയുന്നു. കുട്ടികൾ വളരെ ത്രില്ലിലാണ്. അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ അവർക്ക് കഴിഞ്ഞില്ല.

തിരക്കുകളേറെ ഉണ്ടായിരുന്നിട്ടും, ഞങ്ങളോട് എപ്പോഴുമുള്ള അതേ ഊഷ്മളതയോടും, വാത്സല്യത്തോടും, മനോഹരമായ പുഞ്ചിരിയോടും കൂടിയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. നിങ്ങളുടെ വിലയേറിയ സമയത്തിനും, സ്നേഹത്തിനും, അനുഗ്രഹങ്ങൾക്കും നന്ദി പ്രിയപ്പെട്ട സഹോദരാ. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്തതിലും അപ്പുറമാണ് അത്. എപ്പോഴും നിന്നെ സ്നേഹിക്കുന്നു.” ഖുശ്‌ബു പറഞ്ഞു.

ചിത്രം പങ്കുവച്ചതിന് പിന്നാലെ ഖുശ്ബുവിനെ വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. നടൻ രവി മോഹനമായുള്ള പ്രശ്നത്തെയും ചൂണ്ടിക്കാട്ടിയാണ് ഖുശ്ബുവിനെതിരെ പലരും രം​ഗത്തെത്തിയിരിക്കുന്നത്. ‘ഒരിടത്ത് ആ നിലപാടും ഇവിടെ എത്തുമ്പോൾ ഈ നിലപാടുമാണോ’ എന്നാണ് പലരും കുറിച്ചിരിക്കുന്നത്.

‘സം​ഗീതയ്ക്കെതിരെ ആരോപണം വരാത്തപ്പോൾ നിങ്ങൾ വിജയ്‌യെയും തൃഷയെയും പിന്തുണയ്ക്കുകയും, ആർത്തിക്കെതിരെ ഒരു ആരോപണം വന്നപ്പോൾ അവരെ പിന്തുണയ്ക്കുകയും ചെയ്തു…ശരിക്കും നിങ്ങളുടെ നിലപാട് ഒന്ന് പറയാമോ’ – എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

‘നിങ്ങൾക്ക് നാണമില്ലേ, ഏതൊക്കെ രീതിയിൽ വിജയ്‌യെ നിങ്ങൾ രാഷ്ട്രീയപരമായി കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് പോയി നിൽക്കാൻ നിങ്ങൾക്ക് നാണമില്ലേ..’- എന്നും ചിലർ കുറിച്ചിട്ടുണ്ട്. ‘നിങ്ങൾ തൃഷയെ ക്ഷണിക്കുന്നില്ലേ’യെന്നും ചിലർ കുറിച്ചിട്ടുണ്ട്.

എന്നാൽ ഇത് ശരിക്കും സഹോദരി സഹോദര ബന്ധമാണെന്നും പലരും കുറിച്ചു. ‘ആരംഭം’ എന്ന മലയാളം ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഖുശ്ബുവിന്റെ മകൾ അവന്തിക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഖുശ്ബുവും കുടുംബം നേരിൽ കണ്ട് വിവാഹ ക്ഷണക്കത്ത് കൈമാറിയിരുന്നു.

അതേസമയം വിജയ്‌യുടെ ഭാര്യ സം​ഗീത സ്വർണലിങ്കം ബിജെപിയില്‍ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സം​ഗീതയെ ബിജെപിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് ഖുശ്ബു ആണെന്ന തരത്തിലും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.