‘ഉമ്മൻചാണ്ടി’യുടെ ബയോപ്പിക്കെടുക്കാൻ താൽപ്പര്യമുണ്ട്, നായകനാവേണ്ടത് മമ്മൂട്ടി; ആഗ്രഹം പറഞ്ഞ് ചാണ്ടി ഉമ്മൻ

','

' ); } ?>

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം ‘ഉമ്മൻചാണ്ടി’ എന്ന പേരിൽ സിനിമയാക്കാൻ ആഗ്രഹിക്കുന്നതായി മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. ചിത്രത്തിൽ ഉമ്മൻചാണ്ടിയുടെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ മെഗാസ്റ്റാർ മമ്മൂട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംവിധായകനും നടനുമായ നാദിർഷായുമായുള്ള അഭിമുഖ സംഭാഷണത്തിനിടയിലാണ് ചാണ്ടി ഉമ്മൻ തന്റെ മനസ്സ് തുറന്നത്.

തന്റെ പിതാവിന്റെ സംഭവബഹുലമായ ജീവിതയാത്രയും ലെഗസിയും ചരിത്രത്തിൽ രേഖപ്പെടുത്താൻ സിനിമയെന്ന മാധ്യമത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ഒപ്പം, ഉമ്മൻചാണ്ടിയുടെ പേരിൽ രൂപീകരിച്ച ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഫണ്ട് കണ്ടെത്തുക കൂടിയാണ് ഈ ചലച്ചിത്ര പ്രോജക്ടിലൂടെ താൻ ലക്ഷ്യമിടുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ചിത്രത്തിൽ ഉമ്മൻചാണ്ടിയായി ആര് വരണമെന്ന ചോദ്യത്തിന് മമ്മൂട്ടി അഭിനയിച്ചാൽ നന്നായിരിക്കുമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോയെന്ന നാദിർഷായുടെ ചോദ്യത്തിന്, ആരെങ്കിലും അവസരം നൽകിയാൽ വില്ലൻ വേഷങ്ങൾ ചെയ്യാൻ പോലും താൻ തയ്യാറാണെന്ന് ചാണ്ടി ഉമ്മൻ തമാശരൂപേണ പറഞ്ഞു. സിനിമകൾ കാണാറുണ്ടെന്നും അഭിനയ കാര്യം ആലോചിക്കാമെന്നും പറഞ്ഞ അദ്ദേഹം, നാദിർഷാ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചാൽ തീർച്ചയായും വരുമെന്നും ഉറപ്പുനൽകി. എന്നാൽ പിന്നീട് ഒഴികഴിവുകൾ പറഞ്ഞ് മാറരുതെന്ന് നാദിർഷാ ഇതിന് മറുപടിയായി ഓർമ്മിപ്പിച്ചു.